Advertisment

കോട്ടയം നഗരസഭ 22-ാം വാർഡിൽ ഇടതു മുന്നണിയിൽ സൗഹൃദമത്സരം ; ഇടതു മുന്നണിയ്ക്കു വേണ്ടി രണ്ടു കക്ഷികൾ മത്സരരംഗത്ത്

New Update

publive-image

Advertisment

കോട്ടയം: നഗരസഭ 22 ആം വാർഡിൽ ചിറയിൽപ്പാടത്ത് സൗഹൃദ മത്സരം. ഇടതു മുന്നണിയിലെ രണ്ടു പാർട്ടികളാണ് 'ഔദ്യോഗിക' സ്ഥാനാർത്ഥികൾ തങ്ങളുടേതാണ് എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കേരള കോൺഗ്രസ് തങ്ങളുടെ സിറ്റിംഗ് സീറ്റിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, ഇതേ വാർഡിൽ തന്നെ ജനതാദൾ സ്ഥാനാർത്ഥി കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ജി. സജീവാണ് ഇവിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി. ഇക്കുറി ജനതാദൾ സ്ഥാനാർത്ഥിയായി മാത്യു മൈക്കിളും രംഗത്തുണ്ട്.

നഗരസഭ 22 ആം വാർഡിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയാണ് മത്സരിച്ചിരുന്നത്. ഈ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചതും. ഇക്കുറി കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതോടെയാണ് കേരള കോൺഗ്രസും ജനതാദളും തമ്മിൽ സീറ്റിനെച്ചൊല്ലി തർക്കം ഉടലെടുത്തത്. കേരള കോൺഗ്രസ് എമ്മിനാണ് ഇടതു മുന്നണി ഈ സീറ്റ് അനുവദിച്ചത്.

ജി.സജീവിനെ രണ്ടില ചിഹ്നത്തിൽ കേരള കോൺഗ്രസ് ഈ വാർഡിൽ സ്ഥാനാർത്ഥിയാക്കി നാലു തവണ വീടുകൾ കയറിയിറങ്ങി പ്രചരണം ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് സീറ്റിന് അവകാശവാദവുമായി ജനതാദൾ എത്തിയത്.

കഴിഞ്ഞ തവണ മാത്യു മൈക്കിളിന്റെ ഭാര്യയാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ, ആ മത്സരത്തിൽ മാത്യുവിന്റെ ഭാര്യയ്ക്കു കെട്ടിവച്ച കാശു പോലും കിട്ടിയില്ല. ഇതേ തുടർന്നാണ് കഴിഞ്ഞ തവണ വിജയിച്ച കേരള കോൺഗ്രസിനു തന്നെ സീറ്റ് നൽകാൻ ഇടതു മുന്നണി തീരുമാനിച്ചത്.

എന്നാൽ, ഇതിനിടെ മാത്യു മൈക്കിൾ സ്ഥാനാർത്ഥിയായി രംഗത്ത് എത്തുകയായിരുന്നു. രണ്ടു കൂട്ടരോടും അനുനയ ചർച്ച നടത്താൻ ഇടതു മുന്നണി നേതൃത്വം തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും മത്സര രംഗത്ത് തുടരുകയാണ്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയകൃഷ്ണനും, ബി.ജെ.പി സ്ഥാനാർത്ഥിയായി നാരായണൻ നായരും മത്സര രംഗത്തുണ്ട്.

kottayam news
Advertisment