Advertisment

ജില്ലാ പഞ്ചായത്ത് സീറ്റില്‍ ധാരണയായില്ല; കോട്ടയത്ത് ഇടതുമുന്നണിയില്‍ പ്രതിസന്ധി തുടരുന്നു. 12 സീറ്റ് വേണമെന്ന കടുംപിടുത്തം തുടര്‍ന്ന് ജോസ് കെ മാണി വിഭാഗം. സീറ്റ് വിട്ടു നല്‍കാനാവില്ലെന്നു സിപിഐയും. സിപിഎം ധര്‍മ്മസങ്കടത്തില്‍ ! ജോസഫിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിച്ചില്ലെങ്കില്‍ ജോസ് കെ മാണി വിഭാഗത്തിന് ക്ഷീണം. മുന്നണി മാറ്റത്തിന്റെ ഗുണമുണ്ടായില്ലെന്ന വിമര്‍ശനമുയരുമെന്ന പേടിയില്‍ കേരളാ കോണ്‍ഗ്രസ് !

New Update

കോട്ടയം: ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നത് ഇടതു മുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കേരളാ കോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് വന്നതോടെ ജില്ലാ പഞ്ചായത്ത് ഭരണം വളരെ എളുപ്പത്തില്‍ നേടാമെന്നു കരുതിയ ഇടതു മുന്നണിക്ക് സീറ്റ് വിഭജനം പോലും സമയബന്ധിതമായി നടത്താനായില്ല. ജില്ലാ പഞ്ചായത്തിനു പുറമെ പല പഞ്ചായത്തുകളിലും ഇടതുമുന്നണിയില്‍ തര്‍ക്കം തുടരുന്നുണ്ട്.

Advertisment

publive-image

ജില്ലാ പഞ്ചായത്തിലേക്ക് 12 സീറ്റുകള്‍ വേണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. കഴിഞ്ഞ തവണ യുഡിഎഫിലായിരുന്നപ്പോള്‍ 11 സീറ്റില്‍ മത്സരിച്ചതിന്റെ കണക്കും പാര്‍ട്ടിയുടെ ശക്തിയും ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി പക്ഷത്തിന്റെ ഈ ആവശ്യം. എന്നാല്‍ അതു അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല.

പരമാവധി ഒന്‍പതു സീറ്റ് നല്‍കാം എന്ന നിലപാടിലാണ് സിപിഎം. സിപിഎം 10 സീറ്റിലും സിപിഐ മൂന്നു സീറ്റിലും മത്സരിക്കാമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.

യുഡിഎഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇക്കുറി യുഡിഎഫ് നല്‍കിയത് ഒന്‍പതു സീറ്റാണ്. അതില്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയില്ലെങ്കില്‍ ജോസ് കെ മാണിക്ക് അതു ക്ഷീണമാണ്. മുന്നണി മാറ്റത്തിലൂടെ പ്രയോജനമൊന്നുമുണ്ടായില്ലെന്ന് എതിര്‍വിഭാഗം പ്രചരിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

യുഡിഎഫില്‍ നിന്നപ്പോള്‍ ലഭിച്ച 11 സീറ്റില്‍ കുറവുണ്ടായാല്‍ അതിന്റെ കാരണം അണികളെ ബോധ്യപ്പെടുത്തുക എന്നത് ജോസ് കെ മാണിക്ക് വലിയ വെല്ലുവിളിയാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ അതു നിയമസഭാ തെരഞ്ഞെടുപ്പിലും കീഴ് വഴക്കമാകും.

അങ്ങനെ വന്നാല്‍ പാലാ സീറ്റു പോലും എന്‍സിപിക്ക് വിട്ടുനല്‍കേണ്ട സ്ഥിതി വരുമെന്നും കേരളാ കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വിട്ടുവീഴ്ചയുണ്ടായാല്‍ നഷ്ടം കേരളാ കോണ്‍ഗ്രസിന് തന്നെയാകും.

ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 22 ഡിവിഷനില്‍ കഴിഞ്ഞ തവണ സിപിഎം 13 എണ്ണത്തിലും സിപിഐ അഞ്ച് എണ്ണത്തിലുമാണ് മത്സരിച്ചത്. രണ്ട് സീറ്റുകള്‍ ഘടകകക്ഷികളായ എന്‍സിപി, ജനതാദള്‍ എന്നിവര്‍ക്കും ബാക്കി രണ്ടു സീറ്റുകള്‍ അന്നു പ്രാദേശിക നീക്കുപ്പോക്ക് ഉണ്ടായിരുന്ന പിസി ജോര്‍ജിന്റെ ജനപക്ഷത്തിനും വിട്ടു നല്‍കി.

ഇക്കുറി ജനപക്ഷം മുന്നണിയിലില്ലാത്തതിനാല്‍ ജോസ് കെ മാണി വിഭാഗം വന്നതോടെ മറ്റു രണ്ടു ഘടകകക്ഷികള്‍ക്ക് സീറ്റു നല്‍കാനാവില്ലെന്ന നിലപാടും സിപിഎം എടുത്തു. സിപിഎം മത്സരിച്ചിരുന്ന മൂന്നു സീറ്റുകള്‍ കൂടി കേരളാ കോണ്‍ഗ്‌സിന് വിട്ടു നല്‍കാനും അവര്‍ തയ്യാറായി. സിപിഐ രണ്ടു സീറ്റുകള്‍ വിട്ടു നല്‍കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

എന്നാല്‍ പരമാവധി ഒരു സീറ്റ് മാത്രമെ നല്‍കാനാകൂ എന്ന നിലപാടിലാണ് സിപിഐ. സിപിഐയുടെ സീറ്റ് ഏറ്റെടുത്താല്‍ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു. പാലായടക്കമുള്ള മുനിസിപ്പാലിറ്റികളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഭീഷണി.

kanam rajendran jose k mani
Advertisment