Advertisment

കോണ്‍ഗ്രസിന് കല്ലുകടിയായി കല്ലാമല ഡിവിഷന്‍ ! വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസ്-ആര്‍എംപി തര്‍ക്കം രൂക്ഷമാകുന്നു; ഡിസിസിയെ മറികടന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കെപിസിസി പ്രസിഡന്റ് ! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന അന്ത്യശാസനവുമായി മുസ്ലീംലീഗും ! കല്ലാമലയില്‍ പ്രചാരണത്തിനിറങ്ങാതെ കെ മുരളീധരനും; തദ്ദേശ തരഞ്ഞെടുപ്പിലെ തര്‍ക്കം നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ യുഡിഎഫ് ജില്ലാ നേതൃത്വം !

New Update

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനെച്ചൊല്ലിയുള്ള തര്‍ക്കം മലബാറില്‍ യുഡിഎഫിന് കനത്ത വെല്ലുവിളിയാകുന്നു. പ്രാദേശിക നേതാക്കള്‍ കെപിസിസി പ്രസിഡന്റിന്റെ പിന്തുണയോടെ കോണ്‍ഗ്രസിനായി കല്ലാമലയില്‍ മത്സരിക്കുമ്പോള്‍ യുഡിഎഫില്‍ സീറ്റ് നല്‍കിയ ആര്‍എംപിയും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.

Advertisment

publive-image

കെ മുരളീധരന്‍ എംപിയുടെ പരസ്യ പ്രതികരണത്തോടെയാണ് വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷന്‍ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. കല്ലാമല ഡിവിഷന്‍ ആര്‍എംപിക്ക് വിട്ടുകൊടുത്തത് കോണ്‍ഗ്രസ് -മുസ്ലീംലീഗ് നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവായ ജയകുമാറും പത്രിക നല്‍കി.

പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ട് ഇടപെട്ടാണ് ജയകുമാറിന് പാര്‍ട്ടി ചിഹ്നം നല്‍കിയത്. ഇതാണ് തര്‍ക്കം രൂക്ഷമാക്കിയത്. തര്‍ക്കം രൂക്ഷമായതോടെ പല അനുനയചര്‍ച്ചകളും ഡിസിസി തലത്തില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

വടകര ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ളത് 13 ഡിവിഷനുകളാണ്. 2015ല്‍ യുഡിഎഫില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും നാലു വീതം സീറ്റിലും ജനതാദള്‍ മൂന്നു സീറ്റിലും ആര്‍എംപി രണ്ടു സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ ജനതാദള്‍ ഇല്ലാതായതോടെ ലീഗ് അഞ്ച്, കോണ്‍ഗ്രസ് നാല്, ആര്‍എംപി നാല് എന്നിങ്ങനെ മത്സരിക്കാനായിരുന്നു ധാരണ.

എന്നാല്‍ അഞ്ചു സീറ്റ് വേണമെന്ന പിടിവാശി കോണ്‍ഗ്രസ് സ്വീകരിച്ചതാണ് കല്ലാമലയില്‍ ഉണ്ടായത്. അതേസമയം ആര്‍എംപിയെ പിണക്കാന്‍ കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് താല്‍പ്പര്യമില്ല. ലീഗും ആര്‍എംപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഇതോടെയാണ് കെപിസിസി പ്രസിഡന്റ് മുന്‍ നിലപാടില്‍ നിന്നും മാറാന്‍ നിര്‍ബന്ധിതനാകുന്നത്. ഇന്നുതന്നെ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നാണ് ലീഗ് അടക്കമുള്ള കക്ഷികളുടെ ആവശ്യം. കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പിന്‍വലിച്ചില്ലെങ്കിലും വോട്ട് ആര്‍എംപിക്ക് ചെയ്യണമെന്ന സന്ദേശം യുഡിഎഫ് അണികളില്‍ നല്‍കാനാണ് സാധ്യത.

ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മുല്ലപ്പള്ളി താല്‍പ്പര്യമെടുത്ത് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ അദ്ദേഹം തന്നെ പിന്‍വലിക്കട്ടെയെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

k muralidharan mullappally ramachandran
Advertisment