രണ്ട് ലിസ്റ്റുകള്‍ പുറത്തുവന്നിട്ടും കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തീര്‍ന്നില്ല ! മൂന്നാം ലിസ്റ്റ് ഉടന്‍. വമ്പന്‍മാര്‍ വെട്ടിനിരത്തിയ പേരുകാരും പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചേക്കും ! ഹസ്സനും തോമസ് മാഷിനും പുതിയ ലിസ്റ്റില്‍ പരിഗണന ഉറപ്പ് !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, September 22, 2020

തിരുവനന്തപുരം: എഐസിസി അധ്യകഷ സോണിയാ ഗാന്ധി യുഎസിലെ പരിശോധനകള്‍ക്കു ശേഷം മടങ്ങിയെത്തിയതോടെ കെപിസിസിയുടെ മൂന്നാമത്തെ ഭാരവാഹി പട്ടിക ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന.

പുതിയതായി 15 ല്‍ കുറയാത്ത നേതാക്കള്‍കൂടി ഭാരവാഹിത്വങ്ങളില്‍ ഇടം നേടുമെന്നാണ് സൂചന. ഇതോടുകൂടി യുഡിഎഫ് കണ്‍വീനര്‍, വര്‍ക്കിങ്ങ് പ്രസിഡന്‍റ് പദവികളിലെ ഒഴിവുള്ള തസ്തിക എന്നിവയും നികത്തും.

കഴിഞ്ഞ 2 ലിസ്റ്റുകളിലും ഇടം പിടിക്കാതിരുന്ന ഹതഭാഗ്യരാണ് പുതിയ ലിസ്റ്റിലെത്തുക. ഇവര്‍ സമുദായനേതാക്കള്‍ മുതല്‍ മാധ്യമ മേധാവികള്‍ വരെയുള്ളവരുടെ ശുപാര്‍ശകളോടെയാണ് ലിസ്റ്റില്‍ കയറിക്കൂടാന്‍ കാത്തിരിക്കുന്നത്.

കൂടാതെ നിലവിലെ ലിസ്റ്റില്‍ ഇടംകിട്ടാതെ പരിഭവം പറഞ്ഞ ഒപ്പമുള്ള നേതാക്കളുടെ ലിസ്റ്റ് എ, ഐ ഗ്രൂപ്പുകളും നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇവരില്‍ പല താല്‍പര്യങ്ങള്‍ വച്ച് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ 2 ലിസ്റ്റുകളില്‍ നിന്നും വെട്ടി നിരത്തിയ ചിലരും ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

പിണക്കം എംപിമാര്‍ക്കും !

എംപിമാരുടെ നോമിനികള്‍ക്ക് കഴിഞ്ഞ 2 ലിസ്റ്റുകളിലും ഇടം ലഭിച്ചേക്കില്ലെന്ന പരാതികളുമുണ്ട്. അവകൂടി ഇത്തവണ പരിഹരിക്കും. തെക്കുനിന്ന് വടക്കെത്തി വിജയിച്ച എംപി കഴിഞ്ഞ 2 ലിസ്റ്റുകളിലും നിന്ന് വെട്ടിനിരത്തിയ കൊല്ലത്തെ യുവനേതാവിനുവേണ്ടി പ്രമുഖ സമുദായ മുഖ്യന്‍ ദേശീയ നേതൃത്വത്തെ ശുപാര്‍ശ അറിയിച്ചിട്ടുണ്ട്.

മൂന്നാം ലിസ്റ്റില്‍ ഇതു പരിഹരിക്കുമെന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്. ഇതേ എംപി തിരുവനന്തപുരത്തെ മറ്റൊരു നേതാവിനെ ഭാരവാഹിയാക്കിയതിനെതിരെയും കെപിസിസിയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പാര്‍ട്ടിയുടെ കേരളയാത്രയുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണം നേരിട്ടയാളെ ഭാരവാഹിയാക്കിയതിനെതിരെയായിരുന്നു എംപിയുടെ പ്രതിഷേധം. അതിനേക്കാള്‍ മോശം ആരോപണം നേരിട്ടിട്ടും പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയതിനാലാണ് താന്‍ എംപിയായതെന്ന കാര്യം മറന്നുകൊണ്ടായിരുന്നു പലരെയും വെട്ടാന്‍ ഈ നേതാവ് മുന്നില്‍ നിന്നത്.

പ്യൂണാക്കാന്‍ കൊള്ളില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞയാള്‍ മാധ്യമ മേധാവി പറഞ്ഞപ്പോള്‍ സെക്രട്ടറി !

ആലപ്പുഴയില്‍ നിന്ന് മറ്റൊരു യുവ നേതാവ് ഭാരവാഹിത്വം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റിനെ കണ്ടപ്പോള്‍ മുഖത്തുനോക്കി പ്രതികരണം ‘നിന്നെ സെക്രട്ടറി പോയിട്ട് പ്യൂണാക്കാന്‍’ കൊള്ളില്ലെന്നായിരുന്നുവത്രെ ! ഒടുവില്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ മേധാവി യുവന്‍റെ പേരെഴുതിക്കൊടുത്തപ്പോള്‍ രണ്ടാമത്തെ ലിസ്റ്റില്‍ അദ്ദേഹം സെക്രട്ടറിയായത്രെ !

ബെന്നിക്ക് കടിച്ചതും പോയി പിടിച്ചതും പോയി !

യുഡ‍ിഎഫ് കണ്‍വീന‍ര്‍ സ്ഥാനം സംരക്ഷിക്കാന്‍ വേണ്ടി ഗ്രൂപ്പ് മാറിയ ബെന്നി ബഹനാനും ഇത്തവണ പണികിട്ടും. എ ഗ്രൂപ്പ് നോമിനിയായി യുഡിഎഫ് കണ്‍വീനറായ ബെന്നിയോട് പാര്‍ലമെന്‍റ് സീറ്റ് നല്‍കിയപ്പോള്‍ കണ്‍വീനര്‍ സ്ഥാനം എംഎം ഹസ്സനുവേണ്ടി ഒഴിയാന്‍ ‘എ’ ഗ്രൂപ്പ് ആവശ്യപ്പെട്ടതാണ്.

അന്നതിന് തയ്യാറാകാതെ ഗ്രൂപ്പ് വിട്ട് ‘ഐ’ യുമായി സഹകരിക്കാനായിരുന്നു ബെന്നിയുടെ നീക്കം. പക്ഷേ ഐ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയുടെ അപ്രീതി സമ്പാദിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഇതോടെ കണ്‍വീനര്‍ ഇപ്പോള്‍ ഗ്രൂപ്പില്ലാത്ത നേതവായി മാറി.

കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞുകൊടുത്തിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവസരം ലഭിക്കാതിരുന്ന എംഎം ഹസ്സന് വൈകിയാണെങ്കിലും കണ്‍വീനര്‍ സ്ഥാനം നല്‍കി അര്‍ഹമായ പരിഗണന നല്‍കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.

സമാനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിംങ്ങ് സീറ്റ് നിഷേധിക്കപ്പെട്ട കെവി തോമസിന്‍റെ കാര്യവും. അദ്ദേഹം മൂന്നാമത്തെ ലിസ്റ്റില്‍ വര്‍ക്കിങ്ങ് പ്രസിഡന്‍റ് ആയേക്കും.

 

×