Advertisment

മുല്ലപ്പള്ളിയുടെ പട്ടിക വെട്ടി : സംഘടനാ ചുമതല മാത്രം കെപി അനില്‍കുമാറിനും ഓഫീസ് ചുമതലയും ഇലക്ഷന്‍ ചാര്‍ജും തമ്പാനൂര്‍ രവിക്കും. പിസി വിഷ്ണുനാഥിനും നിര്‍ണ്ണായക ചുമതല. കെപിസിസി ഭാരവാഹികളുടെ ചുമതലാ വീതം വയ്പ് പൂര്‍ത്തിയായി

New Update

publive-image

Advertisment

തിരുവനന്തപുരം :  മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹികളുടെ ചുമതലകളുടെ വീതം വയ്പ് പൂര്‍ത്തിയായി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍പ് ഏകപക്ഷീയമായി നടത്തിയ ഭാരവാഹി ചുമതലാ നിര്‍ണ്ണയത്തില്‍ വ്യാപക വെട്ടിത്തിരുത്തല്‍ വരുത്തിയാണ് പുതിയ ചുമതലാ നിര്‍ണ്ണയം.

നേരത്തെ, മുല്ലപ്പള്ളിയുടെ ഗ്രൂപ്പുകാരനായ കെ.പി. അനില്‍കുമാറിന് നല്‍കിയ 6 ചുമതലകളില്‍ 5-ഉം എടുത്തുമാറ്റി സംഘടനാ ചുമതല മാത്രമാണ് അനില്‍കുമാറിന് നല്‍കിയിരിക്കുന്നത്. പകരം നേരത്തെ അനില്‍കുമാറിന് നല്‍കിയിരുന്ന ഓഫീസ് ചാര്‍ജ് അടക്കം സോഷ്യല്‍ ഗ്രൂപ്പുകളുടെയും നിയമസഭാ-ലോക് സഭാ തെരഞ്ഞെടുപ്പുകളുടെയും ചുമതല എ' ഗ്രൂപ്പ് നോമിനിയായ തമ്പാനൂര്‍ രവിക്കാണ്.
കെപിസിസി ഭാരവാഹികളിൽ പൊതുവെ പാർട്ടിയിൽ സ്വാധീനക്കുറവുള്ള കെ.പി അനില്‍കുമാറിന് പ്രധാനപ്പെട്ട 6 ചുമതലകള്‍ കൈമാറിക്കൊണ്ടുള്ള ഒരു മാസം മുന്‍പത്തെ മുല്ലപ്പള്ളിയുടെ ചുമതല വീതം വയ്പ് പ്രഖ്യാപനം 3 മണിക്കൂര്‍കൊണ്ട് റദ്ദാക്കിയ ശേഷം ആഴ്ചകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് പുതിയ ധാരണ.
അതേസമയം ഭാരവാഹികളില്‍ പൊതുവേ ജനപ്രീതി കുറഞ്ഞ അനില്‍കുമാറിനെ പൂര്‍ണമായി ഒഴിവാക്കാതെ മുല്ലപ്പള്ളിയുടെ താല്‍പര്യങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടാണ് പുതിയ നീക്കം. എന്നാല്‍ ഏകപക്ഷീയമായി നടപടികളുമായി മുന്നോട്ടു പോകാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തെ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി തടഞ്ഞു.
publive-image

നേട്ടം വിഷ്ണുനാഥിന്. സിദ്ധിഖിന് സര്‍വീസ് യൂണിയന്‍ ചുമതല !

പുതിയ ചുമതലകളില്‍ കാര്യമായ പരിഗണന ലഭിച്ച മറ്റൊരാള്‍ എ ഗ്രൂപ്പ് നോമിനികൂടിയായ വൈസ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥാണ്. കെപിസിസിയും എഐസിസിയും തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍ ചുമതല വിഷ്ണുനാഥിന് നല്‍കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിര്‍ണ്ണായകമാണ് എഐസിസി കോ-ഓര്‍ഡിനേഷന്‍. എഐസിസി മുന്‍ സെക്രട്ടറി കൂടിയെന്നതും വിഷ്ണുനാഥിന് ഗുണം ചെയ്തു.
വൈസ് പ്രസിഡന്‍റുമാരില്‍ ജോസഫ് വാഴയ്ക്കന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ  സംഘടനകളുടെയും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ചുമതല നല്‍കി. അംഗത്വ വിതരണവും സംഘടനാ തെരഞ്ഞെടുപ്പും ചുമതല സി.പി. മുഹമ്മദിനാണ്.
ശൂരനാട് രാജശേഖരന് മീഡിയ & കമ്മ്യൂണിക്കേഷന്‍, കെ.പി ധനപാലന് ഐഎന്‍ടിയൂസി, പത്മജാ വേണുഗോപാലിന്  മഹിളാ കോണ്‍ഗ്രസ് & കരുണാകരന്‍ ഫൗണ്ടേഷന്‍, അഡ്വ. ടി. സിദ്ദിഖിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ ചുമതലകള്‍ എന്നിവയാണ് വൈസ് പ്രസിഡന്‍റുമാര്‍ക്ക് പ്രധാന ഉത്തരവാദിത്വങ്ങള്‍ വീതിച്ചു നല്‍കിയിരിക്കുന്നത്.
publive-image

കല്ലാനിക്ക് ഇടുക്കി, പാലോട് രവിക്ക് ആലപ്പുഴ

ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് ഡിസിസികളുടെ ചുമതല. ഇത് ആദ്യം മുല്ലപ്പള്ളി പ്രഖ്യാപിച്ച് റദ്ദാക്കിയ പട്ടികയിലെ ലിസ്റ്റു പ്രകാരം തന്നെയാണ്. പ്രധാന ജനറല്‍ സെക്രട്ടറിമാരായ പാലോട് രവിക്ക് ആലപ്പുഴ, പഴകുളം മധു - കൊല്ലം, ടോമി കല്ലാനി - ഇടുക്കി, എം.എം. നസീര്‍ - കോട്ടയം, അബ്ദുള്‍ മുത്തലിബ് - തൃശൂര്‍,  പി.എം. നിയാസ് - കണ്ണൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നോമിനിയായ ജി. രതികുമാര്‍ - കാസര്‍കോ‍ഡ്, വി.എ. കരീം - വയനാട്, ഒ. അബ്ദുറഹ്മാന്‍കുട്ടി - പാലക്കാട്,

റോയി - എറണാകുളം എന്നിവര്‍ക്കാണ് ജില്ലകളുടെ ചുമതല.
ചാനല്‍ ചര്‍ച്ചകളിലെ പാര്‍ട്ടി മുഖമായ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് സര്‍വ്വകലാശാലകളുടെയും ഐടി വിഭാഗത്തിന്‍റെയും ചുമതല നല്‍കി. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സി.ആര്‍ മഹേഷിനാണ് യൂത്ത് കോണ്‍ഗ്രസ് ചുമതല.
ജയ്സണ്‍ ജോസഫ് - കെഎസ് യു, സി. ചന്ദ്രന്‍ - കര്‍ഷക കോണ്‍ഗ്രസ്, ടി.എം. സക്കീര്‍ ഹുസൈന്‍ - മൈനോറിറ്റി സെല്‍, അഡ്വ. മാത്യു എം. കുഴല്‍നാടന്‍ - ഇക്കണോമിക്സ് അഫയേഴ്സ് - റിസര്‍ച്ച് & ഡവലപ്പ്മെന്‍റ് - ശാസ്ത്രവേദി, ഡോ. പി.ആര്‍. സോണ - ജവഗര്‍ ബാലവേദി, കെ.പി പ്രവീണ്‍കുമാര്‍ - കെപിസിസി റീജണല്‍ ഓഫീസ്  & പ്രൊഫഷണല്‍ കോണ്‍ഗ്രസ് എന്നിവയാണ് മറ്റ് ജനറല്‍ സെക്രട്ടറിമാരുടെ ചുമതലകള്‍.

ധാരണയായത് ഉമ്മന്‍ചാണ്ടി - രമേശ് - മുല്ലപ്പള്ളി ചര്‍ച്ചയില്‍

രണ്ട് ദിവസം മുന്‍പാണ് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഒന്നിച്ചിരുന്ന് രമ്യതയില്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
ഈ ചര്‍ച്ചയിലാണ് ഭാരവാഹികളുടെ ചുമതല വീതം വച്ച് ഒരു മാസം മുന്‍പി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകപക്ഷീയമായി പുറത്തിറക്കിയ പട്ടിക അഴിച്ചു പണിയാന്‍ ധാരണ ആയത്. അതേസമയം മുല്ലപ്പള്ളിയുടെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായതുമില്ല.
അതിനിടെ മുല്ലപ്പള്ളിയെ മാറ്റി ജനപ്രിയതയുള്ള നേതാക്കളിലൊരാളെ പിസിസി  അധ്യക്ഷ  സ്ഥാനത്തു കൊണ്ടുവരണമെന്ന അഭിപ്രായത്തിനാണ് ഇപ്പോഴും പാര്‍ട്ടിയില്‍ മുന്‍തൂക്കം.

 

 

 

 

 

 

kpcc list
Advertisment