Advertisment

ബന്ധുനിയമനം, മാര്‍ക്ക് തട്ടിപ്പ്, നിയമലംഘനം, നയതന്ത്ര ചട്ടലംഘനം... ഇപ്പോള്‍ കള്ളക്കടത്ത് ആരോപണം - സത്യപ്രതിജ്ഞാ വാചകത്തില്‍ പറയുന്നവയില്‍ എന്ത് തെറ്റാണ് ഇനി കെടി ജലീല്‍ ചെയ്യാന്‍ ബാക്കിയുള്ളത് ! ഇഡി ചോദ്യം ചെയ്തിട്ടും മന്ത്രി ജലീല്‍ പദവിയില്‍ തുടരുന്നത് നാടിന് നാണക്കേട്. ഇറക്കിവിടണം / എഡിറ്റോറിയല്‍

New Update

publive-image

Advertisment

നല്ലതൊന്നുമില്ല പറയുവാന്‍, മോശം ഒരുപാടുണ്ടുതാനും...എന്നു പറഞ്ഞതുപോലാണ് മന്ത്രി കെടി ജലീലിന്‍റെ അവസ്ഥ. നാലു വര്‍ഷം മന്ത്രിയായിരുന്നതിനിടയ്ക്ക് സത്യ പ്രതിജ്ഞ ചെയ്ത സത്യവാചകത്തില്‍ അരുതെന്ന് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉണ്ടായി.

അതില്‍ പലതും തെറ്റായിരുന്നു എന്ന് കണ്ടതിനാല്‍ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്തു. ആരോപണങ്ങളോരോന്നും ഒന്നിനൊന്ന് കടുത്തതായിരുന്നു. ഇപ്പോള്‍ നയതന്ത്ര ചട്ടലംഘനവും പ്രോട്ടോക്കോള്‍ ലംഘനവും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി എന്നു സ്ഥിരീകരിച്ചു.

മാത്രമല്ല, അദ്ദേഹത്തിന്‍റെ ഇടപാടുകള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംശയിക്കുന്ന സാഹചര്യങ്ങളില്‍ വരെയെത്തി നില്‍ക്കുന്നു. ആരോപണങ്ങള്‍ എല്ലാ തരത്തിലും അതീവ ഗുരുതരമാണ്. പരിശുദ്ധ ഖുര്‍ ആന്‍ കൊണ്ടുവരുന്നെന്ന വ്യാജേന സ്വര്‍ണം കടത്തിയെന്നതുവരെയാണ് ആരോപണം.

ഈ സാഹചര്യത്തിലായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തത്. ഒരു സംസ്ഥാന മന്ത്രിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യണമെങ്കില്‍ അതെത്ര ഗുരുതരമായിരിക്കണം എന്ന് ഊഹിക്കാവുന്നതേയുള്ളു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനൊരു നാണക്കേട്. അങ്ങനൊരു മന്ത്രി ആ ചോദ്യം ചെയ്യലിനുശേഷവും പദവിയില്‍ തുടരുന്നു എന്നതാണ് അതിലേറെ നാണക്കേട്. മന്ത്രിക്ക് തെറ്റ് പറ്റാം. പക്ഷേ മന്ത്രിസഭയ്ക്ക് തെറ്റ് സംഭവിക്കരുത്.

സംശയങ്ങളുടെ ആനുകൂല്യങ്ങള്‍ക്കൊന്നും മന്ത്രി ജലീല്‍ അര്‍ഹനല്ലെന്നതില്‍ തര്‍ക്കമില്ല. കാരണം ഈ സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റശേഷം അദ്ദേഹത്തിനെതിരെ ഉണ്ടാകാത്ത ആരോപണങ്ങളില്ല.

പ്രതിപക്ഷ നേതാവ് ഇദ്ദേഹത്തിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളും ശരിയെന്ന് തെളിയുകയും അത് പിന്‍വലിക്കുകയും ചെയ്തതാണ്.

ബന്ധുനിയമനവും  മാര്‍ക്ക് തട്ടിപ്പുമായിരുന്നു ആദ്യ സംഭവങ്ങള്‍. അന്നും മന്ത്രിയുടെ രാജി ആവശ്യം ഉയര്‍ന്നതാണ്. പക്ഷേ രാജി ഉണ്ടായില്ല. ഇപ്പോള്‍ നയതന്ത്ര ചട്ടലംഘനവും കള്ളക്കടത്തുമാണ് പുതിയ ആരോപണങ്ങള്‍.

ഒരു മന്ത്രി ആ പദവിയിലിരുന്ന് ചെയ്യാന്‍ പാടില്ലാത്തതാണ് ഇക്കാര്യങ്ങളൊക്കെ. അതില്‍ ഏറെ ഗൗരവതരമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.

മറ്റൊരു കേന്ദ്ര ഏജന്‍സി അടുത്തയാഴ്ച അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കെടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനകരമാണ്. അതിനാല്‍ അദ്ദേഹം സ്വമേധയാ അതിനു തയ്യാറാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് പുറത്താക്കാന്‍ ഇനിയും വൈകിക്കൂടാ !

-എഡിറ്റര്‍

 

editorial
Advertisment