Advertisment

സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂടുന്നു; ഉന്നതരുടെ അറസ്റ്റ് ഈയാഴ്ചയുണ്ടാകും ! മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎയും കസ്റ്റംസും. സെക്രട്ടറിയേറ്റില്‍ റെയ്ഡിനൊരുങ്ങി സിബിഐ. ലൈഫ് മിഷന്‍ അഴിമതിയില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വിവാദങ്ങളില്‍ നട്ടം തിരിയുന്ന സര്‍ക്കാരിന് ഇതു നിര്‍ണായകമായ ആഴ്ച. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ വിവിധ കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിര്‍ണ്ണായക നീക്കങ്ങള്‍ ഈ ആഴ്ചയുണ്ടാകും. സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഐഎ ഈയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇതിനു പുറമെ നയതന്ത്ര ചാനലിലൂടെ ഖുറാന്‍ കൊണ്ടുന്ന സംഭവത്തില്‍ നേരത്തെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മന്ത്രിയുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. കേസില്‍ പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ടാണ് മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ഈയാഴ്ച ചോദ്യം ചെയ്യുക. ഖുര്‍ആന്‍ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിയില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിക്കും.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മിഷന്റെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ സിബിഐ നാളെ റെയ്ഡു നടത്തുമെന്നാണ് സൂചന. യുഎഇ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് അടക്കം കമ്മീഷന്‍ നല്‍കിയത് സംബന്ധിച്ച വിശദമായ മൊഴി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സിബിഐക്ക് നല്‍കിയിട്ടുണ്ട്. കേസില്‍ സന്തോഷ് ഈപ്പന്റെ അറസ്റ്റ് സിബിഐ നാളെ രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും ഓഫിസിലും സിബിഐ പരിശോധന നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ഇയാളുടെ ഓഫീസില്‍ നിന്നും പണമിടപാട് സംബന്ധിച്ച രേഖകളും സിബിഐ കണ്ടെടുത്തിരുന്നു. സഹോദര സ്ഥാപനവും അനുബന്ധ നിര്‍മ്മാണ കമ്പനിയുമായ സൈന്‍ വെഞ്ച്വേഴ്‌സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

അതിനിടെ സ്വത്തു വിവര കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കളളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ബിനീഷിന്റെ സ്വത്ത് വകകള്‍ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കിയിട്ടുണ്ട്. ഇത് ഉടന്‍ സമര്‍പ്പിക്കുമെന്ന് രജിസ്‌ട്രേഷന്‍ ഐജി മറുപടി നല്‍കിയിട്ടുണ്ട്.

ബിനീഷിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന. അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെടി റമീസിനെയും മറ്റൊരു പ്രതിയായ ജമാലിനെയും ഇഡിയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവര്‍ക്കും മയക്കുമരുന്ന് മാഫിയായുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡിയുടെ നടപടി.

kt jaleel
Advertisment