Advertisment

സംവരണത്തിൽ മുസ്ലിം സംഘടനകളുടെ നിലപാട് അധാർമ്മികം : ക്രൈസ്തവ സംഘടനകൾ

New Update

publive-image

Advertisment

കൊച്ചി: സാമുദായിക സംവരണ വിഷയത്തിൽ മുസ്ലിം സംഘടനകളുടെ നിലപാട് അധാർമ്മികവും തരംതാണതുമാണെന്ന് എന്ന് കേരള യൂനൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രസിഡന്റ് ജേക്കബ് തോമസ്. വിവിധ ക്രൈസ്തവ സംഘടനകളുടെ സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.

ഭാരതത്തിലെ സമുദായങ്ങൾ തമ്മിൽ എപ്പോഴും സൗഹാർദ്ദപരമായ അന്തരീക്ഷമാണ് ഉള്ളത്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ എപ്പോഴും യോജിച്ച പ്രവർത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഭാരതത്തിന്റെ നവോത്ഥാനരംഗത്ത്, വിശിഷ്യാ കേരളത്തിലെ സാമൂഹ്യ, നവോത്ഥാന, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക രംഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർ-സംഘടനകൾ നൽകിയിട്ടുള്ള സംഭാവനകൾ എറെയാണ്.

സാമ്പത്തിക സംവരണം, സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കുള്ള സംവരണം എന്ന സ്വാഗതാർഹമായ ഒരു നിലപാട് ഇന്ത്യയിൽ നടപ്പായപ്പോൾ വിവിധ സമുദായങ്ങളിൽപ്പെട്ട കുറെ ആളുകൾക്ക് ഉപകാരപ്രദമായി.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ അത് നടപ്പിലാക്കാനായി ഗവൺമെന്റ് ശ്രമിക്കുമ്പോൾ അതിനെതിരെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരാഹ്വാനം അനാവശ്യവും എതിർക്കപ്പെടേണ്ടതുമാണ്.

കേരളത്തിൽ നാളുകളായി നിലനിൽക്കുന്ന ക്രൈസ്തവ സമൂഹത്തിനുകൂടി അവകാശപ്പെട്ട ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 ശതമാനം ആനുകൂല്യങ്ങളും ഇപ്പോൾതന്നെ ഇരു മുന്നണികളിലും സംഘടിത രാഷ്ട്രീയ സ്വാധീനം ചെലുത്തി മുസ്ലിം സമുദായം കൈവശ പ്പെടുത്തിയിരുന്നു.

സംവരണേതരസമുദായ വിഷയങ്ങളിൽ സാമൂഹ്യ നീതി എന്ന നിലപാടിന് പുല്ലുവില കല്പിച്ചുകൊണ്ട് ഇപ്പോൾ അവർ നടത്തുന്ന പ്രസ്താവനകൾ അനവസരോചിതവും അപക്വവും ആണ്.

എസ്എൻഡിപിയും, ലത്തീൻ സഭയും അടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾ ഇവരുടെ ചതിയിൽ വീണ് പോയിരിക്കുന്നു എന്നുള്ളത് ദൗർഭാഗ്യകരമാണ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭൂരിപക്ഷവും സംഘടിതരായി കൈക്കലാക്കിയവർ ഇപ്പോൾ സംവരണ വിഷയത്തിൽ മറ്റു വിഭാഗങ്ങളെ കൂട്ടിക്കൊണ്ട് നടത്തുന്ന സമരങ്ങൾ സംശയത്തോടെ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ.

ലത്തീൻ സഭയും, എസ്എൻഡിപിയുമടക്കമുള്ള മറ്റ് സംവരണ വിഭാഗങ്ങളുടെയും, പട്ടിക ജാതി-പട്ടിക വർഗ്ഗ സംവരണത്തിലെ ആശങ്കകൾ പരിഹരിക്കുക എന്നുള്ളത് സംവരണേതര വിഭാഗങ്ങളിലെ ആളുകളുടെ കൂടി ഉത്തരവാദിത്വമാണ്.

ആശങ്കകൾ പരിഹരിക്കുവാൻ ഗവൺമെന്റിനും സമുദായ സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ബന്ധപ്പെട്ടവർ നിറവേറ്റണമെന്ന് ക്രൈസ്തവ സംഘടനാ നേതൃത്വം ആവശ്യപ്പെട്ടു.

സംഘടിത വോട്ട് ബാങ്കിലൂടെ ന്യൂനപക്ഷ അവകാശങ്ങളുടെ ബഹുഭൂരിപക്ഷം കൈക്കലാക്കിയവർ, കേരളത്തിലെ രാഷ്ട്രീയ മുന്നണികളെ തങ്ങളുടെ വരുതിക്ക് നിർത്തുന്നതിനു ഇപ്പോൾ നടത്തുന്ന ഈ സമരകോലാഹലങ്ങൾ കേരളത്തിലെ പൊതു സമൂഹം തള്ളിക്കളയണം എന്ന് അഹ്വാനം ചെയ്യുന്നു.

കേരളത്തിലെ വിവിധ സാമുദായിക വിഭാഗങ്ങൾ ഏറെ ആശങ്കയോടെ കാണുന്ന, ലൗജിഹാദ്, ബിസിനസ് ജിഹാദ് - എന്തിനേറെ പപ്പടത്തിൽ പോലും ഹലാൽ സ്റ്റിക്കർ ഒട്ടിച്ചു കൊണ്ട് തങ്ങളുടെ മത താല്പര്യം പ്രചരിപ്പിക്കുന്നവരുടെ നിലപാടുകൾ എതിർക്കപ്പെടേണ്ടതാണ്.

കേരളം എന്നും മതസൗഹാർദ്ദത്തിനും മത അന്തര സംവാദത്തിനും പുകൾപെറ്റതാണ്. അത് തുടരണം. അതിന് ഏകപക്ഷീയമായി സംഘടിത വോട്ട് ബാങ്കിലൂടെ പിടിച്ചെടുക്കുവാൻ ആരു ശ്രമിച്ചാലും അത് എതിർക്കപ്പെടേണ്ടതാണ്.

കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിൽ ഭംഗം വരുത്തുന്ന തരത്തിൽ ചില പ്രവർത്തനങ്ങൾ ഈയടുത്തകാലത്ത് കേരളസമൂഹത്തിൽ ഉണ്ടായി. കഴിഞ്ഞ കുറേ കാലമായി ചിലർ തുടരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി മാത്രമേ അതിനെ കാണുവാൻ സാധിക്കുകയുള്ളൂ.

താമരശ്ശേരി രൂപതയിലുള്ള കുരിശുമലയിലും, പാലാ രൂപതയുടെ പൂഞ്ഞാറിൽ ഉള്ള കുരിശുമലയിലും ചില യുവജനങ്ങൾ നടത്തിയ പ്രവർത്തികൾ അപലപനീയമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ കുരിശുകളുടെ മുകളിൽ കയറിനിന്ന് യുവജനങ്ങൾ ഫോട്ടോഷൂട്ടിന് മറവിൽ നടത്തിയ പ്രവർത്തനങ്ങൾ മതവിശ്വാസത്തെ ഹനിക്കുന്നതായി.

ചോദ്യപേപ്പറിലെ ഒരു പരാമർശത്തിന് പേരിൽ ഈ നാട്ടിൽ കലാപം ഉണ്ടാക്കുകയും ഒരു അധ്യാപകൻ ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്ത നാടാണ് ഇത് എന്നോർക്കണം. വിവിധ സമുദായങ്ങൾക്കെതിരെ ഇസ്ലാം തീവ്രവാദനയം ഉള്ള ആളുകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കുട പിടിക്കുകയാണ് മതേതരത്വം പറഞ്ഞ് കേരള സമൂഹത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ മുസ്ലിം ലീഗ്.

അധികാര രാഷ്ട്രീയത്തിന് വേണ്ടിഏതു നെറികെട്ട പ്രവർത്തികളും കാണിക്കുമെന്നതാണ് പുതിയ രാഷ്ട്രീയ ചങ്ങാത്തങ്ങളുടെ വാർത്തകൾ പുറത്തുവരുമ്പോൾ തെളിയുന്നത്.

ഹാഗിയ സോഫിയ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രിക പത്രത്തിലൂടെ നടത്തിയ ലേഖനം അപക്വവും തരംതാണതുമായിരുന്നു.

അത്തരം പ്രസ്താവനകളും ലേഖനങ്ങളും ക്രൈസ്തവ ലോകത്തിന് ഏൽപ്പിച്ച മുറിവ് ആഴത്തിലുള്ളതാണ്. ഇത്തരം പ്രസ്താവനകൾ ഒരു ജനാധിപത്യ മുന്നണിക്കും, ഒരു പൊതു രാഷ്ട്രീയ മണ്ഡലത്തിനും അംഗീകരിക്കുവാൻ സാധിക്കുകയില്ല.

ഇന്ന് ഏറെ സാമൂഹികമായും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ ക്രൈസ്തവർ.

കാർഷികമേഖലയും, മത്സ്യബന്ധന മേഖലയും, നാണ്യ വിളകളുടെ വിലയിടിവും, വിദേശ വരുമാനത്തിലെ കുറവുകളും, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള തിരസ്കരണവും ഈ സമൂഹത്തെ ഏറെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.

ബിസിനസ് രംഗത്തെ തിരിച്ചടികൾ പരമ്പരാഗത ബിസിനസ് ചെയ്തിരുന്ന കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ഈ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക, അവസ്ഥ പഠിക്കുന്നതിനും, അവരുടെ ഉന്നമനത്തിന് ലക്ഷ്യമാക്കുന്ന കർമ്മ പരിപാടികളും സർക്കാർ ഉടനടി നടപ്പാക്കണം.

അവയെപ്പറ്റി സമഗ്രമായി പഠിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെടുന്നു. കോവിഡ് മഹാമാരി മൂലവും, മറ്റ് സാമൂഹിക കാരണങ്ങൾ മൂലവും ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരുടെ കടബാധ്യതകൾ ക്രമീകരിച്ചുകൊടുക്കുന്നതിന് സത്വര നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിദ്യാഭ്യാസവായ്പ അടക്കം തിരിച്ചടവ് ബുദ്ധിമുട്ടിൽ ആയിരിക്കുന്ന ആളുകൾക്ക് ആശ്വാസമാകുന്ന പദ്ധതികൾ പ്രഖ്യാപിക്കുവാൻ-നടപ്പിൽവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തിൽ കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ജോൺസൺ മാമ്മൻ, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വക്കേറ്റ് പിപി ജോസഫ്, ഷേർവിൻ ജേക്കബ്, ബിനു ചാക്കോ, വിൽസൺ മെച്ചേരി, ബെന്നി മാത്യു, ഷിജു കിരിക്കാടൻ, ശാന്തമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

 

kuco
Advertisment