Advertisment

കൃഷിയിടത്തില്‍ കൊല്ലപ്പെട്ട കുഞ്ഞന്‍പിള്ളയുടെ മകന്‍ പീഡനക്കേസില്‍ അറസ്‌റ്റില്‍

New Update

അടിമാലി: രണ്ടു മാസം മുന്‍പ്‌ കൃഷിയിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ ഇരുമ്പുപാലം കൊച്ചു വീട്ടില്‍ കുഞ്ഞന്‍പിള്ളയുടെ മകനെ പീഡനക്കേസില്‍ അറസ്‌റ്റു ചെയ്‌തു. കുഞ്ഞന്‍പിള്ളയുടെ ഇളയ മകന്‍ കെ.കെ. മനു (28) വിനെയാണ്‌ സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്‌റ്റു ചെയ്‌തത്‌.

Advertisment

publive-image

കഴിഞ്ഞ നവംബര്‍ 29-ന്‌ മനു യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്‌. ജനുവരി 22നാണ്‌ ഇതുസംബന്ധിച്ച പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. തുടരന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ജാമ്യം ലഭിക്കുമെന്ന ഘട്ടത്തില്‍ നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്നാണ്‌ മനുവിനൊപ്പം താമസിച്ചിരുന്ന പിതാവിനെ മേയ്‌ 13-ന്‌ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

കുടുംബകലഹം നിലനിന്നിരുന്നതിനാല്‍ നാട്ടുകാരുടെയും അന്വേഷണ സംഘത്തിന്റെയും സംശയം ആദ്യഘട്ടത്തില്‍ മനു ഉള്‍പ്പടെയുള്ള ബന്ധുക്കളിലേക്കു തിരിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ചയില്‍ മനുവിന്റെ കേസുമായി ബന്ധമുള്ള മൂന്നു പേരെ കൊലപാതകക്കുറ്റത്തിന്‌ അറസ്‌റ്റു ചെയ്‌ത്‌ ദേവികുളം സബ്‌ജയിലിലേക്ക്‌ അയച്ചിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ്‌ മനുവിനെ ഇന്നലെ അറസ്‌റ്റു ചെയ്‌തത്‌. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ്‌ ജയിലിലേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. കൊലക്കേസ്‌ പ്രതികള്‍ ദേവികുളത്ത്‌ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ഇവിടേയ്‌ക്ക്‌ മനുവിനെയും അയയ്‌ക്കുന്നത്‌ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന പോലീസ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ഇയാളെ മൂവാറ്റുപുഴയിലേക്ക്‌ അയച്ചത്‌.

Advertisment