Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം; ഇന്ത്യന്‍ എംബസി അനുശോചനയോഗം ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വേര്‍പാടില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി അനുശോചനയോഗം ചേര്‍ന്നു. ഇന്ന് രാവിലെ ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്കും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ പരിഗണനയെക്കുറിച്ചും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും അനുശോചന സന്ദേശങ്ങള്‍ സ്ഥാനപതി വായിച്ചു.

publive-image

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുശോചന സന്ദേശം

കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മികച്ച രാഷ്ട്രതന്ത്രജ്ഞനും മാനുഷിക മൂല്യമുള്ള നേതാവും ഇന്ത്യയുടെ ഉറ്റസുഹൃത്തുമായിരുന്നു. ഈ ദുഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും കുവൈറ്റ് സര്‍ക്കാരിനും കുവൈറ്റ് ജനതയോടും എന്റെ അനുശോചനം അറിയിക്കുന്നു.

പ്രധാനമന്ത്രിയുടെ അനുശോചനസന്ദേശം

കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഈ ദുഖസമയത്ത് എന്റെ ചിന്തകള്‍ അമീറിന്റെ കുടുംബത്തോടും കുവൈറ്റ് ജനതയോടും ഒപ്പമാണ്.

കുവൈറ്റിനും അറബ് ലോകത്തിനും പ്രിയപ്പെട്ട നേതാവിനെയും ഇന്ത്യയ്ക്ക് അടുത്ത സുഹൃത്തിനെയുമാണ് നഷ്ടമായത്. ലോകത്തിന് മഹാനായ രാഷ്ട്രതന്ത്രജ്ഞനെയും നഷ്ടമായി. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യന്‍ ജനതയുടെ ക്ഷേമത്തിനും അമീര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ രണ്ട് വരെ എംബസി അടച്ചിടും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

Advertisment