Advertisment

ദുരിത ജീവിതത്തിന് വിട; ആബിദ നാട്ടിലേക്ക് തിരിച്ചു; കൈത്താങ്ങായത് കുവൈറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദുരിതജീവിതം നയിച്ചിരുന്ന പാലക്കാട് സ്വദേശിനി ആബിദ ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. ആബിദയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ കുവൈറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയാണ് ഇവരെ സഹായിച്ചത്.

Advertisment

publive-image

നോര്‍ക്ക മുഖേന കുവൈറ്റിലെ ജഹ്‌റയില്‍ വീട്ടുജോലിക്ക് എത്തിയ ആബിദയെ കാത്തിരുന്നത് ദുരിതജീവിതമായിരുന്നു. ഗുരുതര രോഗങ്ങളുള്ള ആബിദക്ക് സ്വദേശി വീട്ടില്‍ നിന്ന് മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു.

ഇതിനിടയില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരു ആശുപത്രിയില്‍ അഡ്മിറ്റായി. അടിയന്തിര ശസ്ത്രക്രിയക്കും വിധേയയായി. ആബിദയുടെ ദുരിതത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ചില സാമൂഹ്യസംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

എന്നാല്‍ നോര്‍ക്കയില്‍ കെട്ടിവച്ച 850 ദിനാര്‍ തിരിച്ചുനല്‍കിയെങ്കില്‍ മാത്രമേ അവരെ നാട്ടിലേക്ക് അയക്കാന്‍ സാധിക്കൂവെന്ന് സ്‌പോണ്‍സര്‍ നിലപാടെടുത്തു.

കുവൈറ്റ് കെഎംസിസി പാലക്കാട് ജില്ലാ സെക്രട്ടറി സൈനുള്‍ ആബിദ് ഈ പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് കെഎംസിസി ജില്ലാ കമ്മിറ്റി, ജില്ലയുടെ ഹെല്‍പ് ഡെസ്‌ക് ചെയര്‍മാന്‍ അഷ്‌റഫ് സാഹിബിനെ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തുകയുമായിരുന്നു.

ഉടന്‍ തന്നെ ഇദ്ദേഹം ജില്ലാ ഹെല്‍പ് ഡെസ്‌ക് കണ്‍വീനര്‍മാരായ ശിഹാബ് പൂവക്കോട്, നിഷാബ് തങ്ങള്‍ ലക്കിടി, പട്ടാമ്പി മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ പുളിക്കല്‍ എന്നിവരോടൊപ്പം ജഹ്‌റയിലെ ആശുപത്രിയില്‍ പോയി. കെഎംസിസി മെഡിക്കല്‍ വിങ് അംഗമായ ഷൗക്കത്ത് വളാഞ്ചേരിയുടെ സഹായത്താല്‍ ആബിദയെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

പിന്നീട് അഷ്‌റഫ് സാഹിബ് സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. മാത്രമല്ല, ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സ്‌പോണ്‍സറുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മകളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

ഉടന്‍ തന്നെ ജില്ലാ ഹെല്‍പ് ഡെസ്‌ക് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചു. നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ഏര്‍പ്പാടാക്കുകയാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതരും ഹെല്‍പ് ഡെസ്‌ക് അംഗങ്ങളെ അറിയിച്ചു.

തുടര്‍ ചികിത്സയ്ക്കും സഹോദരിക്കൊപ്പം താമസിക്കാനുമായി കോഴിക്കോട് പോകാനാണ്‍ താത്പര്യമെന്ന് ആബിദ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് (ജൂലൈ 10) കുവൈറ്റില്‍ നിന്നുമുള്ള ഒരു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ സീറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.

ഇന്ന് കാലത്ത് തന്നെ അശ്റഫ്.ശിഹാബ് ,നിസാർ എന്നിവരടങ്ങുന്ന ജില്ലയുടെ ഹെൽപ്‌ഡെസ്‌ക്‌ ഹോസ്പിറ്റലിലെത്തുകയും ഡിസ്ചാർജ് ചെയ്യിച്ചുകൊണ്ട് എയർപോർട്ടിലെത്തിക്കുകയും എല്ലാ നടപടിക്രമങ്ങൾക്ക് ശേഷം എമിഗ്രഷൻ ക്ലിയറൻസ് കഴിയുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തു.

നോർക്കയുടെ ആംബുലൻസ് റെഡിയാക്കുകയും,സാമ്പത്തിക സഹായം നൽകുകയും ചെയ്ത കുവൈറ്റിലെ സാമൂഹിക പ്രവർത്തക ഷൈനി ഫ്രാൻക് നുള്ള ജില്ലാ കമ്മറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം ദുരിതക്കയത്തിലായിരുന്ന ആബിദയെ നാട്ടിലയക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ജില്ലാ കമ്മറ്റി.

ജില്ലാ ഹെല്പ് ഡെസ്‌ക് ചെയർമാൻ അഷ്‌റഫ് സാഹിബ്, പ്രസിഡന്റ് സലാം സാഹിബ്, ജനറൽ സെക്രട്ടറി റസാഖ് മണ്ണാർക്കാട്, ജില്ലാ ട്രഷറർ റസാക്ക് കുമരനല്ലൂർ, ജില്ലാ വൈ: പ്രസിഡണ്ടുമാരായ സെയ്തലവി ഒറ്റപ്പാലം, സൈതലവി ഷൊർണൂർ, ജില്ലാ സെക്രട്ടറിമാരായ സൈനുൽ ആബിദ്, നൗഷാദ് പി.ടി., ഹെൽപ്പ് ഡെസ്ക്ക് ചെയർമാൻ അഷറഫ് അപ്പക്കാടൻ, അംഗങ്ങളായ ശിഹാബ് പൂവ്വക്കോട്, നിഷാബ് തങ്ങൾ ഒറ്റപ്പാലം നിസാർ പട്ടാമ്പി എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

Advertisment