Advertisment

ഇലക്ട്രോണിക് യുദ്ധങ്ങളെ ചെറുക്കാന്‍ കുവൈറ്റിന് സൈബര്‍ സേന വേണം; ആവശ്യം ശക്തമാകുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സൈബര്‍ രംഗത്ത് കുവൈറ്റ് കൂടുതല്‍ ശക്തമാകണമെന്ന് ആവശ്യം ഉയരുന്നു. വിവര സുരക്ഷയെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിനും ആധുനിക രംഗത്ത് കൂടുതല്‍ ശക്തമാകാനും സൈബര്‍ രംഗം ശക്തമാക്കുന്നത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ആധുനിക ജീവിതത്തിലെ ആവശ്യകതകള്‍ കണക്കിലെടുക്കുമ്പോള്‍ 'ഇലക്ട്രോണിക് സൈന്യങ്ങള്‍' ഒരിക്കലും ഒരു ആഡംബരമല്ലെന്നും മറിച്ച്  അനിവാര്യമാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎസ് പ്രതിരോധ വകുപ്പ് 2020ലെ ബജറ്റില്‍ സൈബര്‍ സ്‌പേസുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ക്കായിരുന്നു കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്. ശത്രുരാജ്യങ്ങളെയും തീവ്രവാദ ഗ്രൂപ്പുകളെയും ലക്ഷ്യമിട്ട് ഒരു ദേശീയ ഇലക്ട്രോണിക് സൈന്യത്തിന് ബ്രിട്ടണ്‍ അടുത്തിടെ രൂപം നല്‍കിയിരുന്നു. 2016ല്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 29 രാജ്യങ്ങളില്‍ ഇത്തരത്തില്‍ സൈന്യമുണ്ട്.

മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇക്കാര്യത്തില്‍ പുരോഗതി കൈവരിച്ചിട്ടും കുവൈറ്റ് ഏറെ പിന്നാക്കം പോയെന്ന് വിദഗ്ധര്‍ പറയുന്നു.

കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍, സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒന്നിലധികം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും ഒരു ഇലക്ട്രോണിക് പ്രതിരോധ സേനയെ ഒരുക്കുന്നതില്‍ കുവൈറ്റ് ഏറെ പിന്നിലായെന്ന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് റായിദ് അല്‍ റൗമി പറഞ്ഞു. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കുവൈറ്റില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഭീഷണിയായ സൈബര്‍ അക്രമണങ്ങളെക്കുറിച്ച് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റും കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി അംഗവുമായ ഡോ. സഫ സമാനും മുന്നറിയിപ്പ് നല്‍കി. സൈബര്‍ സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സൈബര്‍ കുറ്റകൃത്യ നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്നും അവര്‍ പറഞ്ഞു.

സൈബര്‍ സുരക്ഷയില്‍ രാജ്യതാത്പര്യത്തെ സംരക്ഷിക്കുന്നതതിനായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയുമായി കരാര്‍ ഉണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് സേവനങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ അപകടസാധ്യതകളെ നേരിടാന്‍ ഒരു ഇലക്ട്രോണിക് സൈന്യത്തെ സജ്ജമാക്കേണ്ടത് കുവൈറ്റിന് അനിവാര്യമാണെന്ന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് ഇഹാബ് അബു അല്‍ ഖൈര്‍ പറഞ്ഞു.

Advertisment