Advertisment

കുവൈറ്റില്‍ കള്ളപ്പണം വെളുപ്പിക്കലിനും അഴിമതിക്കും എതിരെ പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശക്തമായ നടപടികൾ മുന്നേറുന്നു; മുന്‍ ആരോഗ്യമന്ത്രിക്കും രണ്ട് അണ്ടര്‍സെക്രട്ടറിമാര്‍ക്കും യാത്രാവിലക്ക്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈറ്റില്‍ കള്ളപ്പണം വെളുപ്പിക്കലിനും അഴിമതിക്കും എതിരെ ശക്തമായ നടപടികള്‍ തുടരുന്നു. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്‌ . കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും അറസ്റ്റിലായിയതിനു പിന്നാലെ 4 മുൻ മന്ത്രിമാർക്കും 9 മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ യാത്രാ നിരോധനം ഏർപ്പെടുത്തി.

Advertisment

publive-image

മുൻ ആരോഗ്യ മന്ത്രി അലി അൽ ഒബൈദ്‌ , ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരായിരുന്ന ഖാലിദ്‌ അൽ സഹലാവി ,മഹമൂദ്‌ അബ്ദുൽ ഹാദി എന്നിവരും യാത്രാ നിരോധനം ഏർപ്പെടുത്തിയവരിൽ ഉൾപ്പെടും.

മുൻ പ്രതിരോധ മന്ത്രിയും രാജ കുടുംബത്തിലെ മുതിർന്ന അംഗവുമായ വ്യക്തിയും യാത്ര നിരോധനം ഏർപ്പെടുത്തിയവരിൽ ഉൾപ്പെട്ടിട്ടുണ്ട്‌. യൂറോ ഫൈറ്റർ യുദ്ധ വിമാനങ്ങൾ വാങ്ങിയ ഇടപാടിലാണു ഇദ്ദേഹത്തിനു എതിരെ അഴിമതി കേസ്‌ ഫയൽ ചെയ്തിരിക്കുന്നത്‌.അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ മുതലായ വിവിധ കേസുകളിൽ 300 ഓളം പേർക്കെതിരെ അറസ്റ്റ്‌ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്‌.യാത്രാ നിരോധനം ഏർപ്പെടുത്തിയവരിൽ രാജ കുടുംബത്തിലെ മറ്റു 3 മുതിർന്ന അംഗങ്ങൾ കൂടി ഉൾപ്പെടും.

2007 മുതൽ 2016 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നും കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലേക്ക്‌ നഴ്സുമാരെ റിക്രൂട്ട്‌ ചെയ്യപ്പെട്ട ഇടപാടിലാണു മുൻ ആരോഗ്യ മന്ത്രി അലി അൽ ഒബൈദ്‌ , ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരായിരുന്ന ഖാലിദ്‌ അൽ സഹലാവി ,മഹമൂദ്‌ അബ്ദുൽ ഹാദി എന്നിവർക്കെതിരെ അഴിമതി ,കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്‌.

മലയാളിയായ ഉതുപ്പ്‌ വർഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു നഴ്സിംഗ്‌ റിക്രൂട്ട്‌മന്റ്‌ നടത്തിയത്‌. ഇരുപതു മുതൽ ഇരുപത്തി അഞ്ചു ലക്ഷം രൂപ വരെ കോഴ വാങ്ങി നഴ്സുമാരെ റിക്രൂട്ട്‌ ചെയ്തു എന്ന പരാതിയിലാണു നാട്ടിൽ ഉതുപ്പ്‌ വർഗ്ഗീസിനു എതിരെ കേസ്‌ ഫയൽ ചെയ്തത്‌.

ഇത്തരത്തിൽ 300 കോടി രൂപയോളം നഴ്സുമാരിൽ നിന്നും ഈടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷയം ഇന്ത്യയിലും കുവൈത്ത്‌ പാർലമെന്റിലും ഏറെ ഒച്ചപ്പാടുകൾക്ക്‌ കാരണമായിരുന്നു. അന്വേഷണത്തെ തുടർന്ന് ഉതുപ്പ്‌ വർഗ്ഗീസ്‌ നാട്ടിൽ അറസ്റ്റിലായെങ്കിലും പിന്നീട്‌ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

kuwait kuwait latest kuwait parliament
Advertisment