Advertisment

കെവി തോമസിന്‍റെ മോഡി സ്തുതി ബിജെപി ബന്ധം ലക്ഷ്യം വച്ചോ ? ഹൈക്കമാണ്ടും കെപിസിസിയും അതൃപ്തി അറിയിച്ചു. തോമസിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് നേതൃത്വം ?

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി :  രാജ്യം മുഴുവന്‍ മോഡി ഭരണത്തിനെതിരെയുള്ള വികാരം അലയടിച്ചുയരുമ്പോള്‍ മോഡിയുടെ മാനേജ്മെന്റ് 'വൈദക്ദ്ധ്യത്തെ' പുകഴ്ത്തി രംഗത്തെത്തിയ മുന്‍ കേന്ദ്രമന്ത്രിയും എറണാകുളം എം പിയുമായ കെ വി തോമസ്‌ വെട്ടിലായി.

Advertisment

എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കെ വി തോമസിന്‍റെ വാക്കുകളില്‍ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈക്കമാണ്ട് നോമിനിയായി അറിയപ്പെടുന്ന കെ വി തോമസിന്‍റെ മോഡി സ്തുതിയില്‍ കെ പി സി സിയും ഹൈക്കമാണ്ടിനെ അതൃപ്തി അറിയിച്ചു കഴിഞ്ഞു.

publive-image

അതിനിടെ കെ വി തോമസിന്‍റെ നിലപാട് മാറ്റത്തില്‍ രാഷ്ട്രീയം കാണുന്നവരുമുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ രാഷ്ട്രീയ അടവുനയങ്ങള്‍ നിശ്ചയിക്കുന്നതില്‍ വിരുതനായ കെ വി തോമസ്‌ ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

കേരളത്തില്‍ നിന്നും ചില സിറ്റിംഗ് എം പി മാര്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇത് മാസങ്ങള്‍ക്ക് മുന്‍പേ സത്യം ഓണ്‍ലൈനും റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

ആ ലിസ്റ്റിലേയ്ക്ക് ഇപ്പോള്‍ കെ വി തോമസ്‌ എത്തുകയാണോ എന്ന സംശയമാണ് ശക്തമായിരിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളോടാണ് ബിജെപിയ്ക്ക് കൂടുതല്‍ താല്പര്യം.

കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗം മേലധ്യക്ഷന്മാരുമായും അടുത്ത ബന്ധമുള്ള നേതാവാണ്‌ കെ വി തോമസ്‌. ആ നിലയ്ക്ക് കെ വി തോമസ്‌ പാര്‍ട്ടിയിലെത്തിയാല്‍ അത് സംസ്ഥാനത്ത് വലിയ തോതില്‍ ബിജെപിക്ക് ഗുണകരമായി മാറാം. എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി മാറി രാഹുല്‍ഗാന്ധി വന്നതോടെ തോമസിന്‍റെ പിടി അയഞ്ഞു.

publive-image

രാഹുലിന് യുവ നേതാക്കളോടാണ് താല്പര്യം. സോണിയയുടെ ഏറ്റവും വിശ്വസ്തര്‍ പോലും രാഹുല്‍ ടീമില്‍ ഇടം പിടിച്ചിട്ടില്ല . അഹമ്മദ് പട്ടേലും ജനാര്‍ദ്ദനന്‍ ത്രിവേദിയും ഉദാഹരണം.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനി തങ്ങള്‍ക്ക് കാര്യമായ ഭാവിയില്ലെന്ന വിലയിരുത്തല്‍ പല നേതാക്കള്‍ക്കുമുണ്ട്. കെ വി തോമസ്‌ ഉള്‍പ്പെടെ പലരും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നു എന്ന അഭ്യൂഹം ശക്തമായത് ഈ സാഹചര്യത്തിലാണ്.

തന്റെ തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്‌ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു കെ വി തോമസിന്‍റെ വാക്കുകള്‍.

ഇതു തനിക്കു പലപ്പോഴും നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു . കറതീര്‍ന്ന രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഇത് പറഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ അറിയാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ആരും കരുതുന്നില്ല.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വിദിന വാര്‍ഷിക ദേശീയ കണ്‍വെന്‍ഷന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കെ വി തോമസിന്‍റെ പ്രതികരണം.

publive-image

”നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയിലൊക്കെ താന്‍ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്.

ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ടെക്‌നിക്കാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുമ്പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു യാതൊരു കലാപവുമുണ്ടായില്ല.

ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്.

കോണ്‍ഗ്രസ് ബോഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും മോദി തന്റെ സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു. മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ മാനേജ്‌മെന്റ് വൈദഗ്ധ്യം കാണാം.

രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല.” കെവി തോമസ് പറഞ്ഞു.

kpcc rahulgandhi kv thomas
Advertisment