Advertisment

സഹോദരങ്ങളെ കൊലപ്പെടുത്തിയ ലോറി കണ്ടെത്താനാകാതെ അന്വേഷണ സംഘം; ഒടുവില്‍ സിനിമാ പ്രവര്‍ത്തകരുടെ സഹായത്തോടെ കേസിന്റെ ചുരുളഴിച്ച് പോലീസ്

New Update

ലക്കിടി: ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന സഹോദരങ്ങള്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കുടുക്കിയത് സിനിമാ പ്രവര്‍ത്തകരുടെ സഹായത്തോടെ. അപകടത്തിനു കാരണമായ വാഹനം ഏതാണെന്നു കണ്ടെത്താനാകാതെ പോലീസ് മൂന്നാഴ്ച വലഞ്ഞു. കേസ് എഴുതിതള്ളേണ്ടിവരുമോ എന്നുപോലും പോലീസ് സംശയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന് വി രവി, ആര്‍ പ്രദീപ് എന്നീ പോലീസ് ഉദ്യോഗസ്ഥരെ ഒറ്റപ്പാലം സിഐ അബ്ദുള്‍ മുനീര്‍ നിയോഗിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കില്ലര്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞത്.

Advertisment

publive-image

ജൂണ്‍ 27നാണ് മങ്കര മഞ്ഞക്കര മേലേതില്‍ വിനോദ് (42), സഹോദരന്‍ വിജേഷ് (36) എന്നിവര്‍ ലക്കിടിയില്‍ രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തില്‍ മരിച്ചത്. എന്നാല്‍ ഇവരെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാകാതെ പോലീസ് നട്ടംതിരിയുകയായിരുന്നു. ലോറി ഡ്രൈവര്‍ ദിണ്ഡിക്കല്‍ സനാര്‍പട്ടി ടി രാസു (48) അറസ്റ്റിലാകുകയും ചെയ്തു.

അപകടം നടന്ന പ്രദേശത്തിനടുത്തെ നൂറോളം കാമറകള്‍ പോലീസ് പരിശോധിച്ചിരുന്നു. സമയം, സാഹചര്യം എന്നിവ കണക്കിലെടുത്ത് സൈബര്‍ സെല്‍, പാലക്കാട് എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് എന്നിവയുടെ സഹായവും പോലീസ് സംഘംതേടി. സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തത ലഭിക്കാതെ വന്നതോടെ ദൃശ്യങ്ങള്‍ വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്ന് വീന്പ് എന്ന സിനിമയുടെ അണിയറക്കാരെ ഇതിനായി പോലീസ് സമീപിച്ചു. സിനിമാ പ്രവര്‍ത്തകരുടെ ടെക്‌നിക്കല്‍ ടീം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സാങ്കേതിക മികവോടെ കില്ലര്‍ ലോറി തിരിച്ചറിയുകയുമായിരുന്നു. പി രമേഷ്, എഡിറ്റര്‍ കെ സലീം എന്നിവരടങ്ങിയ സംഘമാണ് പോലീസിനൊപ്പം നിന്ന് അന്വേഷണത്തിനു തെളിവുണ്ടാക്കിയത്.

കേസ് അന്വേഷണം വിജയത്തിലെത്തിക്കാന്‍ സഹായിച്ച സിനിമാസംഘത്തെ കഴിഞ്ഞദിവസം സിഐ പി അബ്ദുള്‍ മുനീര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അഭിനന്ദിച്ചു. ഒറ്റപ്പാലം പോലീസിനു അഭിമാനിക്കാന്‍ ഏറെ വകനല്കുന്ന കേസില്‍ സിഐയ്ക്കു പുറമേ ട്രാഫിക് എസ്‌ഐ ടി സുരേന്ദ്രന്‍, എഎസ്‌ഐ ബിജേഷ്, വി രവികുമാര്‍, കെസി പ്രദീപ് കുമാര്‍, ജയകുമാര്‍, സലീം, മഹേശ്വരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisment