Advertisment

'ലാലു പ്രസാദ് യാദവ് നവംബർ ഒൻപതിന് പുറത്തിറങ്ങും; പിറ്റേദിവസം നിതീഷ് കുമാറിന്റെ വിട വാങ്ങൽ ചടങ്ങാണെന്ന് തേജസ്വി യാ​ദവ്

New Update

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നവംബർ ഒൻപതിന് ജയിലിൽ നിന്ന് ഇറങ്ങുമെന്ന് മകൻ തേജസ്വി യാദവ്. ലാലു ഇറങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിടവാങ്ങൽ ചടങ്ങാണെന്നും തേജസ്വി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലിയിലാണ് തേജസ്വി ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം ബിഹാറിലെ ഹിസുവയിലായിരുന്നു തെരഞ്ഞെടുപ്പ് റാലി.

Advertisment

publive-image

അഴിമതിക്കേസിൽ ജാർഖണ്ഡിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്. ഝാർഖണ്ഡ് ഹൈക്കോടതി ഒരു കേസിൽ ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിലെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ആയതിനാൽ പുറത്തിറങ്ങാനായില്ല. അതിനിടെയാണ് നവംബർ ഒൻപതിന് ലാലു പുറത്തിറങ്ങുമെന്ന അവകാശവാദവുമായി തേജസ്വി രംഗത്തെത്തിയത്.

ലാലുവിന് ഒരു കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു കേസിൽ നവംബർ ഒൻപതിന് ജാമ്യം ലഭിക്കുമെന്നും തേജസ്വി പറഞ്ഞു. തന്റെ ജന്മദിനം കൂടിയാണ് നവംബർ ഒൻപത്. തൊട്ടടുത്ത ദിവസമായിരിക്കും നിതീഷിന്റെ വിടവാങ്ങൽ ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി തടയാനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ, തൊഴിലാളികൾക്ക് ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ട അവസ്ഥയ്ക്ക് മാറ്റം വരുത്താനോ നിതീഷ് കുമാറിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിതീഷ് ക്ഷീണിതനാണ്. ബിഹാറിന്റെ കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തിന് കഴിയില്ല. വ്യവസായ മേഖലയിൽ മുന്നേറാനുള്ള അവസരം ബിഹാർ നഷ്ടപ്പെടുത്തി.

മഹാസഖ്യം അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷിക്കാനുള്ള തീരുമാനമെടുക്കും. പതിനഞ്ച് വർഷമായി ജനങ്ങൾക്ക് തൊഴിലോ വിദ്യാഭ്യാസമോ ആരോഗ്യ പരിപാലന സംവിധാനങ്ങളോ നൽകാൻ കഴിയാത്തവർക്ക് ഇനിയും അതൊന്നും സാധ്യമാകില്ല.

ബിഹാറിന് പ്രത്യേക പദവി എന്ന് ലഭിക്കുമെന്നും പ്രത്യേക പാക്കേജ് എന്ന് പ്രഖ്യാപിക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയിൽനിന്ന് ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചതെന്നും തേജസ്വി പറഞ്ഞു. ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ തീയതികളാണ് ബിഹാറിലെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ്. നവംബർ പത്തിനാണ് വോട്ടെണ്ണൽ. ആ ദിവസം നിതീഷ് വിടവാങ്ങുമെന്നുമാണ് തേജസ്വി പറയുന്നത്.

lalu prasad yadav
Advertisment