Advertisment

മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു; മുണ്ടക്കയത്ത് മണ്ണിടിച്ചില്‍; പൂഞ്ഞാര്‍ തെക്കേക്കര പെരിങ്ങുളം അടിവാരം പ്രദേശത്ത് ഉരുള്‍പൊട്ടല്‍

New Update

publive-image

Advertisment

കോട്ടയം: കനത്ത മഴയില്‍ മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു. മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. മുണ്ടക്കയം ഇളംകാട് മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം അടിവാരം പ്രദേശത്തും കൂട്ടിക്കല്‍ മേലേത്തടത്തും നേരിയ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്‌.

എരുമേലി കണമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. മുണ്ടക്കയം പ്രദേശത്ത് പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലയുടെ മലയോര മേഖലകളില്‍ മഴ തുടരുകയാണ്.

കൂട്ടിക്കലില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും ആളുകളെ ഏന്തയാര്‍ ജെ.ജെ. മര്‍ഫി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൂട്ടിക്കലിലെ നാലു കുടുംബങ്ങള്‍ നേരത്തെ തന്നെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരുന്നു.

മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടക്കുന്നം, മുണ്ടക്കയം, കോരുത്തോട്, എരുമേലി വടക്ക് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വല്യേന്ത മേഖലയില്‍ പുല്ലകയാറ്റില്‍നിന്നും വെള്ളം കയറി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് കളക്ടര്‍ ഹൈഡ്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment