Advertisment

വിവാദ പ്രസ്താവന: എം എം ഹസ്സനോട് എഐസിസി വിശദീകരണം ചോദിക്കും, ഹസനെ നീക്കി പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ നിയമിക്കാനും നടപടി !

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ചാരക്കേസ് സംബന്ധിച്ച വിവാദ പ്രസ്താവനയുടെ സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സനോട് എ ഐ സി സി വിശദീകരണം ആവശ്യപ്പെടും.

Advertisment

ഹസ്സന്റെ പ്രസ്താവന അനവസരത്തിലുള്ളതും അനാവശ്യവുമായിരുന്നെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പടയൊരുക്കത്തിനു ശേഷം സജീവമായിരുന്ന പാര്‍ട്ടിയെ പുതിയ വിവാദങ്ങളിലൂടെ അസ്ഥിരപ്പെടുത്താന്‍ മാത്രമാണ് ഹസ്സന്റെ പ്രസ്താവന ഉപകരിച്ചുള്ളൂ എന്നാണു എ ഐ സി സിയുടെ വിലയിരുത്തല്‍.

publive-image

ഹസ്സന്റെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ യുക്തമായ നടപടി സ്വീകരിക്കാനാണ്‌ തീരുമാനം.

വിവാദ പ്രസ്താവനയിലുള്ള അതൃപ്തി എ ഐ സി സി നേരത്തെ തന്നെ എം എം ഹസനെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. അതിനുശേഷം ഒരു സ്വകാര്യ ചടങ്ങിനിടെ പ്രസ്താവന നടത്താനുണ്ടായ സാഹചര്യം ഹസ്സന്‍ ഉമ്മന്‍ചാണ്ടിയോടും വിശദീകരിച്ചിരുന്നു.

ഇതിനിടെ എ ഗ്രൂപ്പ് യോഗം ചേര്‍ന്ന് ഹസന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നല്‍കാനും തീരുമാനിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബെഹന്നാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

എന്നാല്‍ കെ പി സി സി അധ്യക്ഷന്‍റെ വിവാദ പ്രസ്താവനയുടെ പേരില്‍ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കാന്‍ പാടില്ലെന്നും ഹസ്സന്റെ നടപടിയെ എ ഐ സി സി ഗൌരവമായാണ് കാണുന്നതെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് നേതാക്കളെ അറിയിച്ചതോടെയാണ്‌ പരസ്യ പ്രതികരണത്തില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്.

കെ പി സി സി അധ്യക്ഷന്‍റെ താല്‍ക്കാലിക ചുമതല നിര്‍വഹിക്കുന്ന എം എം ഹസന്റെ പ്രസ്താവന നിരുത്തരവാദപരമായിപ്പോയി എന്ന് വിലയിരുത്തിയ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും ഹസനെതിരെയുള്ള നടപടി.

ഹസനെ നീക്കി പുതിയ കെ പി സി സി അധ്യക്ഷനെ ഉടന്‍ നിയമിക്കാനുള്ള നടപടികളും എ ഐ സി സി ആരംഭിച്ചിട്ടുണ്ട്. കെ പി സി സി അധ്യക്ഷനെ പുറത്താക്കി എന്ന ആക്ഷേപം ഉയരാതിരിക്കാനാണ് നടപടി. എന്നാല്‍ ഇത്തരം വിടുവായത്തം എത്ര ഉന്നതരായാലും അംഗീകരിക്കില്ലെന്ന സന്ദേശം നല്‍കാനും എ ഐ സി സി മടിക്കില്ല.

വിവാദ പ്രസ്താവനയുടെ സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരുന്ന ഹസ്സന് പകരം ചുമതലകളും നല്‍കില്ല.

ഹസ്സന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും ഹസനെ പരിഗണിക്കില്ല. ഫലത്തില്‍ എം എം ഹസന്റെ രാഷ്ട്രീയ ഗ്രാഫ് ഇതോടെ അവസാനിച്ച മട്ടാണ്.

 

rahul gandhi aicc isro congress kpcc isro case mm hassan
Advertisment