Advertisment

ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ; ഹൈക്കോടതിയില്‍ ഹര്‍ജി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലൈഫ് മിഷന് എതിരായ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ പറയുന്നു.

Advertisment

publive-image

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സിബിഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാര്‍. റെഡ് ക്രസന്റില്‍ നിന്നും പണം സ്വീകരിച്ച് യൂണിടാക്കാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല.

യൂണിടാക്ക് ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ്. ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ കമ്പനിക്ക് അനുമതിയുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ല. യൂണിടാക്കും റെഡ്ക്രസന്റും തമ്മിലുള്ള ഇടപാടില്‍ സര്‍ക്കാരിനോ ലൈഫ് മിഷനോ പങ്കില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ കഴിയുമെന്ന് എജി സര്‍ക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.

life mission
Advertisment