Advertisment

എന്‍റെ രൂപമാകാം സീരിയസ് ക്യാരക്റ്ററുകള്‍ ലഭിക്കാതിരിക്കാന്‍ കാരണം. പക്ഷേ എന്‍റെ രീതികളൊക്കെ അറിയാതെ മാറി. എന്നിട്ടും ഞാനൊന്നുമല്ല. ഓരോ വേഷവും കിട്ടുമ്പോള്‍ അത് കൈയ്യീന്ന് പോകാതിരിക്കാനാണ്‌ ശ്രദ്ധിക്കാറ്. അല്ലാതെ സെലക്ടീവ് ആകാനല്ല - ഉള്ളതുപറഞ്ഞ് ഇന്ദ്രന്‍സ് / അഭിമുഖം

author-image
admin
New Update

publive-image

Advertisment

'അമ്മ'യുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ നിരാശപ്പെടുത്തുകയാണ്  . ആക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണ്. അനിയന്റെ സ്ഥാനത്താണ് ദിലീപ്. പക്ഷെ സംഭവങ്ങളെല്ലാം ഞെട്ടിപ്പിക്കുന്നതാണ് - ഇന്ദ്രൻസ് പറയുന്നു. അതാണ്‌ ഇന്ദ്രന്‍സ് എന്ന നടന്‍. ശരിയുടെ പക്ഷത്ത് നിന്നും ഏറ്റവും മാന്യമായ ഒരു പ്രതികരണം.

പറയാനുള്ളത് പറഞ്ഞു, പക്ഷെ ആരെയും വേദനിപ്പിച്ചിട്ടില്ല . ഇങ്ങനെ ഒരു പക്വമായ പ്രസ്താവന ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് 'മഹാ' എന്നൊക്കെ വിശേഷിപ്പിക്കപെടുന്ന നമ്മുടെ സൂപ്പര്‍ നടന്മാര്‍ ഈ കേരളത്തില്‍ വിവാദങ്ങളില്‍പെട്ട് വീഴുമായിരുന്നില്ല.


 - ചിലര്‍ അവാര്‍ഡ് കിട്ടുമ്പോഴാണ് മഹത്വമുള്ളവരായി മാറുന്നത്. മറ്റു ചിലര്‍ക്ക് അവാര്‍ഡ് നല്‍കുമ്പോഴാണ് ആ അവാര്‍ഡിന് മഹത്വം ഉണ്ടാകുന്നത് -


അത്ര ഗൌരവതരമല്ലാത്ത ഒരു തമാശ നടനായിട്ടാണ് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിനെ ജനം കണ്ടിട്ടുള്ളൂ. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ ഇന്ദ്രന്‍സ് ഒരു വലിയ മനുഷ്യനാണ്- വായനയും അറിവും വിനയവും മലയാള സിനിമയില്‍ ഒരു മനുഷ്യനില്‍ സമ്മേളിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സിലാണ്.

ചിലര്‍ അവാര്‍ഡ് കിട്ടുമ്പോഴാണ് മഹത്വമുള്ളവരായി മാറുന്നത്. മറ്റു ചിലര്‍ക്ക് അവാര്‍ഡ് നല്‍കുമ്പോഴാണ് ആ അവാര്‍ഡിന് മഹത്വം ഉണ്ടാകുന്നത്. എല്ലാ വര്‍ഷവും വിവാദത്തിലാകാറുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ഈ വര്‍ഷം ജനകീയമായി മാറിയത് അത് ഇന്ദ്രന്‍സിനു നല്‍കിയപ്പോഴാണ്.

അഭിമുഖങ്ങള്‍ ഒരുപാട് പുറത്തുവന്നെങ്കിലും ഇന്ദ്രൻസ് എന്ന നടനെ മനസിലാക്കിയുള്ള വര്‍ത്തമാനങ്ങള്‍ കുറവായിരുന്നു . സത്യം ഓൺലൈന്‍ പ്രതിനിധിയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രൻസ് ശരിക്കും മനസ് തുറക്കുകയാണ്...

publive-image

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് ?

എന്നിൽ വന്ന മാറ്റം എന്താണ് എന്നുള്ളത് എന്നേക്കാൾ ഉപരി മറ്റുള്ളവർക്കല്ലേ മനസ്സിലാവുകയുള്ളൂ. സിനിമയൊക്കെ നേരത്തെ പോലെ തന്നെ. കുറച്ചുകൂടി സിനിമകൾ കൂടുതൽ വരുന്ന പോലെ തോന്നുന്നുണ്ട്. പിന്നെ ഒരുപാട് പരിപാടികൾക്കൊക്കെ വിളിക്കുന്നു. സ്വീകരണങ്ങളും മറ്റും ഉള്ളത് കൊണ്ട് കുറച്ചു കൂടുതൽ സമയം അതിനുകൂടെ വേണ്ടി വരുന്നു.

അംഗീകാരമൊക്കെ ലഭിച്ചതിനു ശേഷം ഇപ്പോൾ വരുന്ന കഥാപാത്രങ്ങൾ ഏതാണ്ട് ഒരേ മട്ടിലായിപ്പോകുന്നു എന്ന തോന്നൽ ഉണ്ടോ ?

അല്ല..അല്ല.. ആ തരത്തിലുള്ള കുറെ പേര് ..നമുക്ക് പരിചയമില്ലാത്തവർ കഥയൊക്കെ പറയാൻ വന്നു എന്നേയുള്ളൂ. മറ്റുള്ളതൊക്കെ മുൻപ് ചെയ്ത പോലെ കോമഡി ഒക്കെയുള്ള കഥാപാത്രങ്ങൾ തന്നെയാണ്.

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ. വേറിട്ട കഥകൾ ഒക്കെ വരുന്നുണ്ട്. അതിനൊക്കെ കൂടുതൽ സമയം നൽകണമല്ലോ. അതുകൊണ്ട് അല്പം പേടിയുമാണ്. വളരെ സൂക്ഷിച്ചേ ഇടപെടാറുള്ളൂ.

publive-image

കഥകളും സംവിധായകരെയും തെരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് അല്ലെ ?

 പണ്ടേ അങ്ങനെയൊന്നുമില്ല . നമുക്ക് ചെറിയ ചെറിയ പടങ്ങൾ ഒക്കെത്തന്നെയല്ലേ വരുന്നത്. അത് എങ്ങനെ ആയാലും വിളിക്കുന്നതിനൊക്കെ പോകാറുണ്ട്.

പിന്നെ സിനിമ ഗൗരവത്തോടെ കാണുന്ന ആൾക്കാരുടെ കൂട്ടത്തിലും അതിനോടൊത്തുള്ള വേഷം കിട്ടും. വലുപ്പ ചെറുപ്പം നോക്കാറില്ല. എത്ര ചെറുതായാലും വലുതായാലും ഏറ്റെടുക്കും.

അംഗീകാരത്തിന് ശേഷമാണ് ഇന്ദ്രൻസ് എന്ന നടൻ പൊതു സമൂഹത്തിൽ വലിയ നിലയിൽ സ്വീകാര്യനാവുന്ന സ്ഥിതിവിശേഷം ഉണ്ടായത്. പൊതു വേദികളിലൊക്കെ മുഖ്യ സാന്നിധ്യമാവുന്നു. കേരളം മുഴുവൻ യാത്ര ചെയ്യേണ്ടി വരുന്നു. എന്ത് തോന്നുന്നു ?

ഒരുപാട് പേര് നമ്മളെ ശ്രദ്ധിക്കുന്നുണ്ടല്ലോ, സ്നേഹം ഉണ്ടല്ലോ എന്നൊക്കെ തോന്നുന്നു . അതുകൊണ്ട് പലതും ഒഴിവാക്കാനും പറ്റുന്നില്ല. ഒഴിവാക്കാതെ നിവൃത്തിയില്ല എന്ന് വരുമ്പോൾ വിഷമം തോന്നും.

എങ്കിലും യാത്ര കൂടുതൽ വേണ്ടി വരുന്നു. എന്നിട്ട് പോലും പലപ്പോഴും പലരും വിളിക്കുന്നിടത്ത് പോകാൻ പറ്റുന്നില്ല. അതൊരു പ്രയാസമായിട്ട് നിൽക്കുന്നു.


" സിനിമ തന്നെ മൊത്തം മാറിയ കൂട്ടത്തിൽ നമുക്കും മാറ്റങ്ങൾ വന്നിരിക്കാം. ഒന്നും ബോധപൂർവ്വമല്ല "

publive-image

ആദ്യ കാലത്തെ കഥാപാത്രങ്ങൾ വെറും കോമഡി ലൈനിൽ അത് തന്നെ പലപ്പോഴും അരോചകമാവുന്ന കോമഡി കൈകാര്യം ചെയ്യുന്നവ ആയിരുന്നു. പക്ഷെ ഇപ്പോൾ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ വരുന്നു. ഇപ്പോഴാണോ ഒരു നടൻ എന്ന നിലയിൽ തൃപ്തി തോന്നുന്നത്?

നേരത്തെയും എനിക്ക് തൃപ്തിയുണ്ട്. ചിരി വരുത്തുന്ന തമാശ സ്വഭാവമുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ പോലും അത് നന്നായി ഫലിക്കും എന്ന് കണ്ടാൽ തൃപ്തി തന്നെയാണ്.

എന്റെ രൂപം ഒക്കെ വെച്ചുകൊണ്ടാവാം സീരിയസ് കാരക്ടർ ലഭിക്കാതിരുന്നത്. എനിക്കത് പറ്റില്ല എന്ന് തോന്നിയിട്ടുണ്ടാവാം. പക്ഷെ കാലം കുറെയങ്ങു മാറിയില്ലേ..

പുതിയ മാറ്റങ്ങൾ ഒക്കെ വരുന്ന കൂട്ടത്തിൽ ഞാനും എന്റെ രീതികളിലും ഒക്കെ അറിയാതെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാവാം. സിനിമ തന്നെ മൊത്തം മാറിയ കൂട്ടത്തിൽ നമുക്കും മാറ്റങ്ങൾ വന്നിരിക്കാം. ഒന്നും ബോധപൂർവ്വമല്ല എന്നത് സത്യമാണ്.

കരിയറിന്റെ ഈ യാത്രക്കിടയിൽ ഏതൊക്കെ സംവിധായകർ ആവാം ഇന്ദ്രൻസിലെ നടനെ ഫലപ്രദമായിട്ട് ഉപയോഗിച്ചിട്ടുണ്ടാവുക ?

അത് പറയാൻ ബുദ്ധിമുട്ടുണ്ട്. കാരണം എനിക്കിപ്പോ അംഗീകാരം കിട്ടിയ പടവും കമ്മിറ്റ് ചെയ്ത പടങ്ങളുമൊക്കെ ചെയ്യുന്നത് പുതിയ ആൾക്കാരാ .

മൺറോതുരുത്ത് ചെയ്ത മനു ആയാലും ആളൊരുക്കാം ചെയ്ത അഭിലാഷ് ആയാലും ..അവരൊക്കെ അധികം അങ്ങനെ സിനിമ ചെയ്യുന്നവരല്ല.

പിന്നെ ആദ്യകാലത്ത് മാറ്റം വരുന്ന കഥാപാത്രങ്ങൾ ലഭിച്ചത് ടി വി ചന്ദ്രൻ സാറ് , എം പി സുകുമാരൻ നായര്‍ തുടങ്ങിയവരുടെ സിനിമകളിലാണ്. കോമഡീന്നു വേറിട്ട ചില വേഷങ്ങൾ കിട്ടി.

ഒരുപാട് പരിചയമുള്ള ഡയറക്ടേഴ്സിനെക്കാളും കോമഡിയിൽ നിന്ന് മാറി ചെയ്യാൻ കിട്ടിയ അവസരങ്ങളൊക്കെ പുതിയ ആൾക്കാരുടേതായിരുന്നു .

publive-image

ഓരോ ഘട്ടത്തിലും ഉയർന്നു വരുന്നവർ ആ കാലത്തെ പ്രത്യേകതയുള്ള കലാകാരൻമാർ ആയിരിക്കും . ഇപ്പോൾ പുതിയ എഴുത്തുകാരും സംവിധായകരും ഒക്കെ വരികയാണ്. ഇവരിൽ താങ്കൾ പുലർത്തുന്ന പ്രതീക്ഷ എങ്ങനെയാണ് ?

പൊതുവിൽ നമ്മളൊക്കെ പഴയ ആൾക്കാരാണെന്ന ഒരു തോന്നൽ വരുത്താതിരിക്കുക എന്നതാണ്. ഇപ്പോഴത്തെ മാറ്റങ്ങൾ നമ്മൾ കാണുന്നുണ്ട്. പക്ഷെ അത് അറിയാത്തവരുമുണ്ട്. നമ്മളെക്കാളും ധാരണ ഉള്ളവരും ഉണ്ട്.

അവരോടൊപ്പം ചേർന്ന് നില്ക്കാൻ പാടുപെടുന്നുണ്ട്. അതോടൊപ്പം തന്നെ പഴയ ആൾക്കാരിൽ പെട്ടതാണെന്ന് തോന്നി ആശയകുഴപ്പം വരുത്താതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. പക്ഷെ പ്രതീക്ഷ പുതിയ തലമുറയിൽ തന്നെയാ.

തലമുറകൾ ഇങ്ങനെ മാറി വരികയല്ലേ. അവർക്കൊപ്പം നിന്ന് പോകുന്നത് കൊണ്ട് ഈ മാറ്റം നന്നായി ആസ്വദിക്കാനും പറ്റുന്നുണ്ട്. അത് കൂടുതൽ പ്രതീക്ഷ നല്കുന്നു.

സിനിമയിലെ വേർതിരിവുകൾ ഇപ്പോഴുമുണ്ടോ ? ആർട്ട്, കൊമേർഷ്യൽ എന്ന രീതിയിൽ..അതോ ഇതിനു രണ്ടിനും ഇടയിൽ നിൽക്കുന്ന സിനിമകളും പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. താങ്കൾക്ക് ഈ വേർതിരിവുകൾ അനുഭവപ്പെട്ടിട്ടുണ്ടോ ?

വേർതിരിവ് ഉണ്ട് . എന്നാൽ മുൻപ് ഉള്ളതുപോലെ ഇല്ല. പണ്ട് അങ്ങനെയൊക്കെ ഉള്ള പടങ്ങളുടെ ഇടയിലാണ് നമ്മൾ 'ചാപ്പ'യും 'ഒരിടത്തൊരു ഫയൽവാനും' ഒക്കെ കണ്ടത്.

വേർതിരിവ് ഉള്ള കാലത്ത് തന്നെയാണ് ഇത്തരം പടങ്ങളും വന്നു ശ്രദ്ധിക്കപ്പെട്ടത്. അത് എല്ലാ കാലത്തും വന്നു കൊണ്ടിരിക്കുന്നു. ഒരു നിശബ്ദതയിൽ വളരെ മൂർച്ചയുള്ള വിഷയങ്ങൾ പറയുന്ന സിനിമകൾ വന്നുകൊണ്ടിരിക്കുന്നു.

publive-image

മലയാള സിനിമ ഒരു വലിയ ഇൻഡസ്ട്രിയാണ് . ഇവിടെ ഇന്ദ്രൻസ് എന്ന നടന്റെ പ്രാധാന്യം സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ് ?

ഞാന്‍ ഒന്നുമല്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും അടയാളപ്പെടുത്തണം. ഈ ചോദ്യത്തിൽ പറഞ്ഞ പോലെ നല്ല സിനിമകൾ ചെയ്തു അടയാളപ്പെടുത്തണം എന്നുണ്ട്.

ഭാവിയിൽ സിനിമയേക്കുറിച്ചു പഠിക്കാനും അന്വേഷിക്കാനും ഇറങ്ങുന്ന ഒരു വിദ്യാർത്ഥിയെ ഓർമ്മപ്പെടുത്താൻ പറ്റുന്ന വിധത്തിൽ സിനിമ ചെയ്തു വെക്കണം എന്നുണ്ട്.

ഈയിടെ ഇറങ്ങിയ സിനിമകളിൽ മിക്കതിലും തനി നാടൻ സാമൂഹ്യ ജീവിതവുമായി അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങൾ ആണ് ലഭിച്ചത്. അങ്ങനെയുള്ളവ പിന്നെയും വരുന്നു. കഥാപാത്രങ്ങൾ ഒരേ പാറ്റേണിൽ ആയിപോകുന്നു എന്ന് തോന്നുന്നുണ്ടോ ?

ഇല്ല..ഇല്ല .. ഒരുപാട് വ്യത്യാസം വരുന്ന കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. പിന്നെ ഞാൻ ചെയ്യുമ്പോൾ ഒരു വലിയ മാറ്റം കണ്ടെന്നു വരില്ല.

അതുകൊണ്ടു തന്നെ ഞാൻ ശബ്ദത്തിലോ ശരീര ഭാഷയിലോ ഒക്കെ പരമാവധി ശ്രദ്ധിക്കാറുണ്ട്. എന്നാലും ആ കാരക്ടർ എന്റെ കയ്യീന്ന് വിട്ടുപോകരുതെന്നും ഉണ്ട്. ഒരുപാട് വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്.


" സംഘടനക്ക് ദോഷം വരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു" 

publive-image

മലയാള സിനിമയിൽ ഇത് പലതരത്തിലുള്ള വിവാദങ്ങളുടെ കാലം കൂടിയാണ്. താര സംഘടനയായ 'അമ്മ ' യാണ് ഇതിൽ ഒരു ഭാഗത്തുള്ളത്. താങ്കൾ പക്ഷെ പരസ്യമായ പ്രതികരണമൊന്നും ഇതുസംബന്ധിച്ചു നടത്തിയിട്ടില്ല. കാര്യങ്ങൾ ശരിയായി വിലയിരുത്തുമ്പോൾ എന്താണ് തോന്നുന്നത് ?

അതൊക്കെ നമ്മളെ നിരാശപ്പെടുത്തുന്നു എന്ന് മാത്രമേയുള്ളൂ. പക്ഷെ കുഴപ്പങ്ങൾ ഒന്നും വരില്ല എന്ന് തോന്നുന്നു. കാരണം ആ സംഘടന കുറെ പേരെയൊക്കെ സഹായിക്കാൻ ഉദ്ദേശിച്ചൊക്കെ കൂടിയുള്ളതാണ്.

അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്. പിന്നെ എല്ലാത്തിലും കുറച്ചു കൂടുതൽ ഉത്സാഹമുള്ളവർ ഉണ്ടല്ലോ.. അത് അതിന്റെ വഴിക്കെ പോകൂ. എങ്കിലും സംഘടനക്ക് ദോഷം വരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

മോഹൻലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാഥിതി ആക്കുന്നതിനെതിരെ ചിലർ വിമർശനം ഉയർത്തിയിട്ടുണ്ട്. ആ വാർത്തകൾ ശ്രദ്ധിച്ചിരുന്നോ ?

ഇല്ല .. അങ്ങനെ ഒരു വാർത്ത ശ്രദ്ധിച്ചിട്ടില്ല.


" എല്ലാവര്‍ക്കും ദുഖമുള്ള കാര്യങ്ങൾ ആണ് സംഭവിച്ചത് . എന്നെ സംബന്ധിച്ചു ആ കുട്ടിയെ എനിക്ക് നേരത്തെ അറിയാം. മകളെ പോലെ.. "

publive-image

മറ്റൊരു വലിയ സംഭവമാണ് ദിലീപ് ഉൾപ്പെട്ട നടിയെ ആക്രമിച്ച കേസ് . ദിലീപിന്റെ ആദ്യകാല സിനിമകൾ തൊട്ട് ഒടുവിൽ ഇറങ്ങിയ കമ്മാര സംഭവം വരെയുള്ളതിൽ ഒട്ടു മിക്ക ചിത്രങ്ങളിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ എന്ത് തോന്നുന്നു ?

ഈ കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ചു ദുഖമുള്ളതാണ് . അങ്കലാപ്പും ഉണ്ട്. രണ്ടു ഭാഗത്തു നിന്ന് നോക്കിയാലും.' അയ്യോ അങ്ങനെ പറ്റിയോ' എന്ന വേദനയുണ്ട്.

തിരിച്ചു പ്രതി സ്ഥാനത്തു നിൽക്കുന്ന ആളെ സംബന്ധിച്ചു 'അയ്യോ അങ്ങനെ ചെയ്തോ' എന്ന ആധിയും സങ്കടവും ഉണ്ട്. അതിനെ എങ്ങനെയാണു കൈകാര്യം ചെയ്യുക .

പൊതു സമൂഹത്തിൽ ചർച്ച ചെയ്തു പലരെയും പലരുടെയും ആളായിട്ട് ചിത്രീകരിക്കും. നമ്മൾ എന്തേലും പറഞ്ഞാൽ ഓ അത് ഇന്നെയാളുടെ പക്ഷമാ എന്ന പ്രചാരണം വരും. അത് ഒരു വലിയ പേടിയാണ്.

എല്ലാവര്‍ക്കും ദുഖമുള്ള കാര്യങ്ങൾ ആണ് സംഭവിച്ചത് . എന്നെ സംബന്ധിച്ചു ആ കുട്ടിയെ എനിക്ക് നേരത്തെ അറിയാം. മകളെ പോലെയൊക്കെ കാണുന്ന നല്ല ബന്ധം .

അതുപോലെ ദിലീപിനെയും. നമ്മുടെ ഒരു അനിയൻ ..നമ്മളൊക്കെ തുടങ്ങിയ സമയം മുതൽ കാണുന്നു. വളരെ ഉത്സാഹിയാണ്. പക്ഷെ ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. വ്യക്തമായിട്ട് ഒരു മറുപടി പറയാൻ പറ്റാത്ത അവസ്ഥയിലാണ്.

publive-image

താങ്കൾ നല്ലൊരു വായനക്കാരൻ കൂടിയാണെന്ന് കേട്ടിട്ടുണ്ട്. അഭിനയത്തിന്റെയും യാത്രയുടെയും തിരക്കിനിടയിൽ വായന എങ്ങനെ സാധ്യമാകുന്നു ? ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം  ?

( ചിരിക്കുന്നു ) വായന ശരിക്കു പറഞ്ഞാൽ സിനിമയുടെ തിരക്ക് കുറയുമ്പോൾ ഒക്കെയാണ്. ഷൂട്ടിങ് സമയത്തും വായിക്കാൻ അവസരം കിട്ടും. ഹോട്ടലിൽ ഒറ്റയ്ക്കാവുമ്പോൾ ആണ് വായന .

ഇപ്പോൾ സ്പീഡ് കുറഞ്ഞു. എന്നാലും ഇറങ്ങുന്ന പുസ്തകങ്ങളൊക്കെ കരുതി വെക്കും. ഇപ്പോൾ ഇ സന്തോഷ്കുമാറിന്റെ ' തെരഞ്ഞെടുത്ത കഥകൾ ' ആണ് വായിച്ചു കൊണ്ടിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പുതിയ ചിത്രത്തിൻറെ ലൊക്കേഷനിൽ ഇരുന്നാണ് ഇന്ദ്രൻസ് ഇത്രയും കാര്യങ്ങൾ പങ്കുവെച്ചത്. സൗമ്യമായ ഈ ഭാഷണത്തിന് ശേഷം അദ്ദേഹം വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്...

Advertisment