Advertisment

കോടതി നടപടികളുടെ തത്സമയ സംപ്രേഷണം: ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരീക്ഷിക്കാം -കേന്ദ്ര സര്‍ക്കാര്‍

New Update

Advertisment

ന്യൂഡല്‍ഹി : സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ നിന്ന് തന്നെ പരീക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മാര്‍ഗ രേഖ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്ന്, കേസിലെ ഹര്‍ജിക്കാരിയും അഭിഭാഷകയുമായ ഇന്ദിര ജയ്‌സിംങുമായി ചര്‍ച്ച ചെയ്ത ശേഷം മാര്‍ഗ്ഗ രേഖക്ക് അന്തിമ രൂപം നല്‍കാന്‍ എ.ജിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാലിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭരണഘടന ബഞ്ചിലെ നടപടികള്‍ മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്യാം. പരീക്ഷണത്തിന്റെ ഫലം ആശ്രയിച്ച്‌ തുടര്‍ തീരുമാനം എടുക്കാമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ജൂലൈ ഇരുപത്തിമൂന്നിനകം നിര്‍േദശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തിങ്കളാഴ്ച മാര്‍ഗരേഖ സമര്‍പ്പിച്ചത്.

നേരത്തെ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, വൈവാഹിക തര്‍ക്കങ്ങള്‍, മാനഭംഗക്കേസുകള്‍ തുടങ്ങിയവ ഒഴികെയുളള കേസുകളുടെ തല്‍സമയ സംപ്രേഷണമാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കാര്യത്തിന്റെ തുടര്‍ നടപടികള്‍ക്കായി ജൂലൈ 30 ലേക്ക് മാറ്റി.

Advertisment