Advertisment

മാര്‍ക്കറ്റില്‍ കണ്ട വൃദ്ധനോട് സത്യവാങ്മൂലം ചോദിച്ച് ഇരിങ്ങാലക്കുട പൊലീസ് ; പോക്കറ്റില്‍ നിന്നും തന്റെ സത്യസന്ധമായ സത്യവാങ്മൂലം എടുത്തു നീട്ടി വൃദ്ധന്‍; സുല്ലിട്ട് പൊലീസും...! സംഭവം ഇങ്ങനെ

New Update

ഇരിങ്ങാലക്കുട: മാർക്കറ്റിൽ കണ്ട വയോധികനോടു പൊലീസ് സത്യവാങ്മൂലം തിരക്കി. പോക്കറ്റിലുണ്ടായിരുന്ന കടലാസ് കഷണമെടുത്തു അദ്ദേഹം പൊലീസിനു നീട്ടി. കുറിപ്പടിയിൽ എഴുതിയിരുന്നത് ഇങ്ങനെ: ‘ബീഫ് രണ്ടു ക‍ിലോ, മീൻ ഒരു ക‍ിലോ, സവാള, പച്ചമുളക്, മല്ലിപ്പൊടി, മുളകുപൊടി, മസാലപ്പൊടി..’ പട്ടിക നീളുന്നു. കുറിപ്പടിയുടെ അവസാനം വയോധികൻ സ്വന്തം പേരെഴുതി ഒപ്പും തീയതിയും കുറിച്ചിട്ടുണ്ട്.

Advertisment

publive-image

‘ഇതു വീട്ടിലേക്കു വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് അല്ലേ ചേട്ടാ, സത്യവാങ്മൂലം എവിടെ?’ – പൊലീസിന്റെ ചോദ്യം. ഇതെല്ലാം സത്യമാണെന്നും താൻ സത്യമായിട്ടും ഇതൊക്കെ വാങ്ങാനിറങ്ങിയതാണെന്നും സത്യമല്ലാതൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം സത്യംചെയ്തു. സത്യവാങ്മൂലം എന്താണെന്നു പറഞ്ഞു മനസിലാക്കാൻ ശ്രമിച്ച പൊലീസുകാരൻ ഒടുവിൽ സുല്ലിട്ടു. കുറിപ്പടി അംഗീകരിച്ച് അദ്ദേഹത്തെ പറഞ്ഞയച്ചു.

ജില്ലാതിർത്തിയിലെ വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ യുവാവ് പൊലീസിനു നേരെ സത്യവാങ്മൂലം നീട്ടി. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചു യുവാവ് എഴുതിയിരുന്നതുകണ്ട ഉദ്യോഗസ്ഥർ അന്തംവിട്ടു. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ഗർഭിണിയാണെന്നും ആരോഗ്യസ്ഥിതി അറിയാൻ പോകുകയാണെന്നും സത്യവാങ്മൂലത്തിൽ കുറിച്ചിരുന്നു.

യുവാവ് എഴുതിയതിലെ അബദ്ധമായിരിക്കുമെന്നു പൊലീസ് സംശയിച്ചെങ്കിലും സംഭവം സത്യമെന്നു യുവാവ് ആവർത്തിച്ചു. സംശയം തീരാതെ പൊലീസ് പ്രതിശ്രുത വധുവിന്റെ വീട്ടിലേക്കു വിളിച്ചു വിവരം തിരക്കി. അവരും വിവരം ശരിവച്ചതോടെ രണ്ടുകൂട്ടരുടെയും സ്വകാര്യതയെ മാനിച്ചു കൂടുതൽ വിവര ശേഖരണത്തിനു നിൽക്കാതെ പൊലീസ് യുവാവിനെ യാത്ര തുടരാൻ അനുവദിച്ചു.

∙‘തറവാട്ടിൽ നിന്നു ചക്ക വാങ്ങിവരാൻ അമ്മ പറഞ്ഞു.’ സ്കൂട്ടറിൽ ചക്കയുമായെത്തിയ പതിനേഴുകാരൻ, പൊലീസ് തടഞ്ഞപ്പോൾ കാണിച്ചുകൊടുത്ത സത്യവാങ്മൂലത്തിലെ വരികളാണിത്. അമ്മയുടെ വണ്ടിയിലായിരുന്നു പയ്യന്റെ യാത്ര. വീട്ടിൽ പറഞ്ഞിട്ടാണോ പയ്യൻ വണ്ടിയെടുത്തതെന്നറിയാൻ പൊലീസ് അമ്മയുടെ ഫോൺ നമ്പറിൽ വിളിച്ചു. മകൻ നന്നായി വണ്ടിയോടിക്കുമെന്നും താൻ തന്നെയാണ് സ്കൂട്ടർ കൊടുത്തതെന്നും അമ്മ പറഞ്ഞു. ഇതോടെ മകനെ വിട്ടയച്ച ശേഷം അമ്മയുടെ പേരിൽ പൊലീസ് കേസെടുത്തു. വാഹനവും പിടിച്ചെടുത്തു.

∙കൊരട്ടിയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് സത്യവാങ്മൂലം ഹാജരാക്കി. അമ്മൂമ്മ അസുഖം ബാധിച്ചു കിടപ്പിലാണെന്നും കാണാൻ പോവുകയാണെന്നും സത്യവാങ്മൂലത്തിലെഴുതിയിരുന്നു. വിശ്വാസം പോരെന്നു തോന്നിയപ്പോൾ പൊലീസ് യുവാവിനോട് അമ്മൂമ്മയുടെ ഫോൺ നമ്പർ തരാൻ ആവശ്യപ്പെട്ടു. തന്റെ ഫോണിൽ അമ്മൂമ്മ എന്നു സേവ് ചെയ്തിരുന്ന നമ്പർ യുവാവ് പൊലീസിനു നൽകി. പൊലീസ് വിളിച്ചപ്പോൾ മറുതലയ്ക്കലൊരു കിളിനാദം. യുവാവിന്റെ 19 വയസുകാരിയായ കാമുകിയായിരുന്നു അങ്ങേത്തലയ്ക്കൽ!

 

lock down corona lock down funny
Advertisment