കുറഞ്ഞ വാർഷിക പലിശയിൽ ലക്ഷങ്ങളുടെ വായ്പ വാഗ്‌ദാനം ;വായ്പ്പതട്ടിപ്പു സംഘം കേരളത്തിൽ സജീവം !

പ്രകാശ് നായര്‍ മേലില
Thursday, July 30, 2020

കുറഞ്ഞ വാർഷിക പലിശയിൽ ലക്ഷങ്ങളുടെ വായ്പ വാഗ്‌ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പു നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചു.ശ്രീനാരായണ ഫിനാന്‍സ് എന്ന പേരിൽ മുംബൈ ആസ്ഥാനമായുള്ള മലയാളികൾ ഉൾപ്പെട്ട ഒരു സംഘം ഏറ്റവും കുറഞ്ഞ വാർഷിക പലിശ എന്ന പേരിൽ ( പുരുഷന്മാർക്ക് 2 % സ്ത്രീകൾക്ക് 1%) വ്യക്തികൾക്ക് 5 ലക്ഷം രൂപ വരെയും ബിസിനസ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ വരെയും യാതൊരു ഈടും ആവശ്യപ്പെടാതെയാണ് ഇവർ വായ്‌പ വാഗ്ദാനം ചെയ്യുന്നത്.

ഇവരുടെ വ്യവസ്ഥകൾ വളരെ ലളിതമാണ്. ലോൺ ആവശ്യമുള്ളവർ തങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി, കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെൻ്റ് ഇവ “കമ്പനി ” യുടെ 8965005422 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്തു തരണമെന്നും അത് ഏതാനും മണിക്കൂറുകൾക്കകം വേരിഫൈ ചെയ്ത ശേഷം ലോൺ പാസാക്കുകയാണെങ്കിൽ ഒരു എഗ്രിമെൻ്റ് ഫോം വാട്ട്സ്ആപ്പിൽ അയച്ചു തരുമെന്നും അത് പ്രിൻ്റെടുത്ത് ഒപ്പിട്ട് വാട്ട്സ്ആപ്പിൽത്തന്നെ മടക്കി അയച്ചാൽ ഏതാനും ദിവസങ്ങൾക്കകം ആവശ്യപ്പെട്ട വായ്പത്തുക ഒറ്റത്തവണയായി അപേക്ഷകൻ്റെ അക്കൗണ്ടിൽ എത്തുമെന്നാണ് വാഗ്ദാനം.

കേന്ദ്ര ഗവണ്മെൻ്റിൻ്റെ മൈനോരിറ്റി ഡവലപ്പ്മെന്‍റ് ഫണ്ടിൽ നിന്നും ലഭിക്കുന്ന തുകയാണ് ഇപ്രകാരം കുറഞ്ഞ പലിശക്ക് വിതരണം ചെയ്യുന്നതെന്നാണ് ഇവരുടെ അവകാശവാദം. എന്നാൽ എഗ്രിമെൻ്റ് ഒപ്പിട്ടയക്കുന്നതോടൊപ്പം ഗൂഗിൾ പേയിലോ NSDL Payments ബാങ്കിൻ്റെ മുംബൈ പറാൽ ബ്രാഞ്ചിലെ 000307379 നമ്പർ അക്കൗണ്ടിലേക്ക് (- IFSC NSPB 0000002) വക്കീൽ ഫീസായി 7500 രൂപയ്ക്കും 10000 രൂപയ്ക്കുമിടയിൽ ഒരു തുക അടയ്ക്കുവാനും ഇവർ തന്ത്രപൂർവ്വം ആവശ്യപ്പെടുന്നുണ്ട്.

പ്രതിമാസ തവണകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. കാലാവധി 5 വർഷം വരെയുണ്ട്.ഒരു വർഷത്തേക്ക് ലോൺ ആവശ്യപ്പെടുന്നയാളിനോടും കൂടുതൽ കാലാവധിയിലേക്ക് വായ്പയെടുത്താൽ പ്രതിമാസ അടവ് (EMI ) കുറവാണെന്നു പ്രലോഭിപ്പിക്കുന്നതും ശ്രദ്ധേയമാണ്.ഒരു വർഷത്തേക്ക് 2 ലക്ഷം രൂപ വായ്പയെടുക്കുന്ന യാൾക്ക് 2500 രൂപയ്ക്കടുത്ത് മാത്രമേ വാർഷിക പലിശ വരുന്നുള്ളു.

സാൽബിഷ് നായർ എന്ന പേരിൽ പരിചയപ്പെടുത്തിയ എക്സിക്യുട്ടീവ് മലയാളത്തിലാണ് സംസാരിക്കുന്നത്. ഓൺലൈൻ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇവരുടെ പരസ്യം വിശ്വസിച്ച് നിരവധിയാളുകളാണ് ” എഗ്രിമെൻ്റു ഫീസുമടച്ച് ലോൺ തുക തങ്ങളുടെ അക്കൗണ്ടിലെത്തുന്നതുo കാത്തിരിക്കുന്നത്.

ഈ സാമ്പത്തിക തട്ടിപ്പു സംഘത്തെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുവാൻ പോലീസധികൃതർ തയ്യാറാകാത്തപക്ഷം അനേകായിരങ്ങൾ ഈ ഇവരുടെ മോഹനവാഗ്ദാനങ്ങളിൽ കുടുങ്ങുമെന്നത് ഉറപ്പാണ്.

( പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ ജോസ്പ്രകാശ് കിടങ്ങാനാണ് ലോൺ ആവശ്യമെന്ന വ്യാജേന ഈ തട്ടിപ്പുസംഘവുമായി ഫോണിൽ ബന്ധപ്പെട്ടതും അവരുടെ വിവരങ്ങൾ ശേഖരിച്ച്‌ പരാതിയായി ഡിജിപി ക്ക് ഇ മെയിൽ വഴി അയച്ചുകൊടുത്തതും.)

ജോസ്പ്രകാശ് കിടങ്ങൻ

×