Advertisment

യു പി സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം ഏഴു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു; ഇന്ത്യൻ സോഷ്യൽ ഫോറത്തിന് നന്ദി രേഖപ്പെടുത്തി കുടുംബം

New Update

ജിദ്ദ: മദീനയിൽ മഹാറാതുൽ ഇസ്തിഖ്ദാം മാൻപവർ കമ്പനിയിൽ റെസ്റ്റാറന്റ് ജോലി ചെയ്തു വരുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തർ പ്രദേശ് സീതാപുർ സ്വദേശി മഹേഷ് കുമാർ (34) ന്റെ മൃതശരീരം നാട്ടിലെത്തിച്ചു. ഏഴ് മാസങ്ങൾ മോർച്ചറിയിൽ കിടന്ന മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിന്റെ ഇടപെടൽ മൂലമാണ് സ്വദേശത്ത് എത്തിയത്.

Advertisment

publive-image

രണ്ടര വർഷം മുമ്പാണ് മഹാറാതുൽ ഇസ്തിഖ്ദാം മാൻപവർ കമ്പനിയിൽ മഹേഷ് കുമാർ ഹോട്ടൽ ജോലിക്കുള്ള വിസയിൽ എത്തുന്നത്. ജോലിയിലിരിക്കെ കഴിഞ്ഞ മാർച്ച് 19 ന് താമസസ്ഥലത്തുവെച്ചാണ് മഹേഷ് കുമാർ മരണപ്പെടുന്നത്. എന്നാൽ കമ്പനി അധികൃതർ മഹേഷ് കുമാറിൻ്റെ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളെയോ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. കോവിഡ് -19 മൂലമുണ്ടായ കർഫ്യു കാരണം കമ്പനി പ്രവർത്തിക്കാതിരുന്നതിനാൽ തുടർ നടപടികൾ നടക്കാതെയുമായി. അതിനാൽ മൃതദേഹം മദീന കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

അതിനിടെ കർഫ്യൂ ഇളവിൽ കമ്പനി പ്രവർത്തനക്ഷമമായപ്പോഴാണ് മഹേഷ് കുമാർ മരണപ്പെട്ട സംഭവം പലരും അറിയുന്നത്. അതേ കമ്പനിയിൽ ജോലിചെയ്യുന്ന മഹേഷിനെ അറിയുന്ന ഒരു സുഹൃത്ത് ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർ മുജീബ് കുണ്ടൂരിനെ വിവരമറിയിച്ച് സഹായമഭ്യർത്ഥിച്ചതിനാൽ മദീന ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളായ കെ. പി. മുഹമ്മദ്, നിയാസ് അടൂർ, വെൽഫെയർ വിങ്ങ് കോ-ഓർഡിനേറ്റർ അബ്ദുൽ അസീസ് കുന്നുംപുറം,അഷ്റഫ് ചൊക്ലി എന്നിവരുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരുമായി ചർച്ച ചെയ്യുകയും നടപടികൾ എളുപ്പമാക്കാനുള്ള നീക്കം നടത്തുകയും ചെയ്തു.

സോഷ്യൽ ഫോറം നോർത്തേൺ സ്റ്റേറ്റ് കമ്മിറ്റി എക്സി. മെംബർ സൽമാൻ അഹമദ് ലഖ്നോ മുഖേന എസ് ഡി പി ഐ ഉത്തർ പ്രദേശ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ സീതാപൂരിന്നടുത്ത ബെഹ്തി, സുൻദൗലി എന്ന സ്ഥലത്ത് മഹേഷ് കുമാറിന്റെ സഹോദരനെ കണ്ടെത്തി വിവരങ്ങൾ ബോധിപ്പിക്കുകയും രേഖകൾ സംബന്ധമായ നടപടികൾ ത്വരിതപ്പെടുത്തുകയുമായിരുന്നു. സത്ഗുർ-ഗീത ദമ്പതികളുെടെ മകനാണ് മഹേഷ് കുമാർ. നിർദ്ധന കുടുംബത്തിന്റെ അത്താണിയായിരുന്ന മഹേഷിനു ഭാര്യയും നാലു കുട്ടികളുമുണ്ട്. രേഖകൾ സംബന്ധമായ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം മദീനയിൽ നിന്നും റിയാദ് വഴി സൗദി എയർലൈൻസ് വിമാനത്തിൽ മൃതദേഹം ഡൽഹിയിലെത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ ഡൽഹി വിമാനത്താവളത്തിലെത്തി മഹേഷ് കുമാറിന്റെ സഹോദരൻ അജയ് കുമാർ, ഡൽഹിയിലെ എസ്.ഡി.പി.ഐ. പ്രവർത്തകരായ ഫൈസാൻ, ആകാശ്, മഹ്ഫൂസ്, അതുൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി ആംബുലൻസിൽ സ്വദേശമായ സീതാപൂരിലേക്കു കൊണ്ടു പോയി. മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി സോഷ്യൽ ഫോറം വളണ്ടിയർമാരായ ഹസൈനാർ മാരായമംഗലം, മഷ്ഹൂദ് ബാലരാമപുരം (ജിദ്ദ), കെ.പി.മുഹമ്മദ് വെളിമുക്ക്, സെക്രട്ടരി നിയാസ് അടൂർ, അസീസ് കുന്നുംപുറം, അഷ്റഫ് ചൊക്ലി (മദീന) എന്നിവർ രംഗത്തുണ്ടായിരുന്നു.

Advertisment