Advertisment

മാഹിയിൽ സിപിഎം, ആർഎസ്എസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു; ഇന്ന് കണ്ണൂരിലും മാഹിയിലും ഹർത്താൽ

author-image
admin
New Update

publive-image

Advertisment

കണ്ണൂർ : മാഹി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനാണ് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബാബു മരിച്ചു. വാര്‍ത്ത പുറത്തുവന്നയുടന്‍ ഓട്ടോ ഡ്രൈവറായ ഷമോജിനും വെട്ടേറ്റു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷമോജ് മരിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്യ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹര്‍ത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു. വൻ പൊലീസ് സന്നാഹമാണ് ഇവിട ക്യാംപ് ചെയ്യുന്നത്. മാഹിയിലെ ചെമ്പ്രയിൽ പൊലീസ് റെയ്ഡ് നടത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പാനൂർ മേഖലയിൽ പൊലീസ് ജാഗ്രതയിലാണ്. സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ രാത്രി മുതൽ പട്രോളിങ് ശക്തമാക്കി

publive-image

 

മാഹി നഗരസഭ മുൻ കൗൺസിലറാണ് ബാബു. രാത്രി ഒൻപതേമുക്കാലോടെ പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ്. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കൾ. സഹോദരങ്ങൾ – മീര, മനോജ്.

ബാബുവിനു വെട്ടേറ്റതിനു പിന്നാലെ ന്യൂമാഹിയിൽ സിപിഎം–ആർഎസ്എസ് സംഘർഷമുണ്ടായി. ഒാട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോൾ കല്ലായി അങ്ങാടിയിൽ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനും. ഷെമിയാണു സഹോദരി.

മാഹി സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുൻപു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആർഎസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സമാധാനം നിലനിന്നിരുന്ന കണ്ണൂരിൽ ആർഎസ്എസ് കൊലക്കത്തി താഴെവയ്ക്കാൻ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

publive-image

 

കൂത്തുപറമ്പില്‍ ആയുധപരിശീലന ക്യാംപ് കഴിഞ്ഞതിനു പിന്നാലെ ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പോലീസ് അന്വേഷിക്കണം. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചു.

അതേസമയം, മാഹിയിലെ ബിജെപി പ്രവർത്തകൻ ഷമേജിന്റെ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഎം പ്രവർത്തകൻ ബാബുവിന്റെ കൊലപാതകത്തെപ്പറ്രി ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും അറിവില്ല. എന്നിട്ടും അതിന്റെ ചുവടുപിടിച്ച് ആസൂത്രിതമായി നടപ്പാക്കിയതാണ് ഷമേജിന്റെ കൊലപാതകം. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും സത്യപ്രകാശൻ ആവശ്യപ്പെട്ടു.

Advertisment