Advertisment

തീർത്ഥാടന വഴിയിൽ ചൂളംവിളി; മക്കാ- മദീനാ ഹറമൈൻ റെയിൽവേ യാഥാർഥ്യമായി

author-image
admin
Updated On
New Update

ജിദ്ദ: മക്കാ - മദീനാ തിരുനഗരങ്ങളെ ജിദ്ദ വഴി ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ ബൃഹത് ഗതാഗത പദ്ധ്വതി "ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ" പൊതുജനങ്ങൾക്കായി ഭരണാധികാരി സൽമാൻ രാജാവ് തുറന്നു കൊടുത്തു. ജിദ്ദയിലെ സുലൈമാനിയ ഏരിയയിലുള്ള റെയിൽവേ സ്റ്റേഷനിൽ ചൊവാഴ്ചയായിരുന്നു ഉദ്ഘാടനം. തീർത്ഥാടക വഴിയിൽ ഇനി ഇതുവരെയില്ലാത്ത കുതിപ്പും സൗഖ്യവും. ഹാജിമാർക്കും ഉംറ തീത്ഥാടകർക്കും സിയാറത്ത് ഉദ്യേശിക്കുന്നവർക്കും സമയം ലഭിക്കുന്നതും ക്ഷീണ രഹിതവുമായ സഞ്ചാര സുഖം. തീർത്ഥാടകർക്കും പൊതുജനകൾക്കും ഇനി അതിവേഗ ഗമനാഗമനത്തിന്റെ കുതിപ്പും ഗമയും ....

Advertisment

publive-image

ജിദ്ദയിലെ സ്റ്റേഷനിൽ ഉദ്ഘാടനത്തിനെത്തിയ സൽമാൻ രാജാവിനെ അദ്ദേഹത്തിന്റെ ഉപദേഷ്ടാവും മക്കാ ഗവര്ണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ ഉന്നതരടങ്ങുന്ന വൻ സദസ്സ് എതിരേറ്റു. ട്രെയിനിലും സ്റ്റേഷനിലും യാത്രക്കാർക്കായി ഏർപ്പെടുത്തിയ സൗകര്യങ്ങൾ പരിശോധിച്ച രാജാവ് ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ ഡോക്യൂമെന്ററി ചിത്രം വീക്ഷിക്കുകയും ചെയ്തു. വിശുദ്ധ ഖുർആൻ പാരായണത്തോടെയായിരുന്നു റെയിൽവേ ഉദ്ഘാന പരിപാടി.

publive-image

"അല്ലാഹുവിൽ ഭരമേല്പിച്ചു തുടങ്ങുകയാണ്, അവൻ തുണക്കട്ടെ, അല്ലാഹു അനുഗ്രഹിച്ച് നമ്മുടെ രാജ്യം എല്ലാ തലങ്ങളിലും പുരോഗതിയോടെ ഗമിക്കുകയാണ്. അതിന് അവന് നന്ദി ചെയ്യാൻ നമുക്ക് സാധിക്കട്ടെ" - ഹറമൈൻ റയിൽവേ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു കൊണ്ട് സൽമാൻ രാജാവ് പ്രസ്താവിച്ചു.

ഉദ്ഘാടന ശേഷം ട്രെയിനിൽ രാജാവും വിശിഷ്ട്ട വ്യക്തിത്വങ്ങളും മദീനയിലേയ്ക്ക് പുറപ്പെട്ടു.മക്ക മുതൽ മദീന വരെയുള്ള 450 കിലോമീറ്റര് പാത മുൻ നിശ്ചിത കാലത്തിനകം തന്നെ കമ്മീഷൻ ചെയ്യാനായത് സൗദി ഭരണകൂടത്തിന് നേടാനായ മറ്റൊരു തിളക്കമുള്ള തൂവൽ കൂടിയായി. മിഡ്‌ഡിൽ ഈസ്റ്റിലെ ഏറ്റവും വലിയപൊതുഗതാഗത പദ്ധതിയാണ് ഹറമൈൻ അതിവേഗ റെയിൽവേ. വർഷത്തിൽ 60 മില്യൺ യാത്രക്കാരെ വഹിക്കുമെന്നാണ് കണക്ക്. അതിനൂതന സാങ്കേതികത മികവോടും അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷാ സംവിധാനങ്ങളോടും കൂടിയുള്ള ഹറമൈൻ റയിൽ പാതയിൽ 138 പാലങ്ങളും 840 അണ്ടർപാസുകളും നിർമിച്ചിട്ടുണ്ട്‌.

publive-image

സൗദി റയിൽവേ ഓർഗനൈസേഷന്റെ സ്വപ്ന പദ്ധ്വതിയായ ഹറമൈൻ ഹൈസ്‌പീഡ്‌ റെയിൽ പ്രൊജക്റ്റ് 2012 ലാണ് പണി തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പേ നടപ്പിൽ വന്ന മിനാ - അറഫാ - മുസ്ദലിഫ - മിനാ റൂട്ടിലെ മശാഇർ ഹജ്ജ് ട്രെയിനിന് പുറമെ മക്കാ - മദീനാ റൂട്ടിൽ കൂടി ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിൻ സർവീസ് വരുന്നതോടെ തീർത്ഥാടകരുടെ യാത്രാ കാര്യങ്ങൾ അയത്ന ലളിതമാവും. മക്കയിൽ നിന്ന് അരമണിക്കൂറിനകം ജിദ്ദയിലും രണ്ടു മണിക്കൂർ, പത്തു മിനിറ്റ് സമയത്തിനിടെ മദീനയിലും എത്തിച്ചേരാം. സ്പാനിഷ് കമ്പനി നിർമിച്ച 417 സീറ്റുകളുള്ള 35 ബോഗികളാണ് സർവീസിൽ ഉണ്ടാവുക. മണിക്കൂറിൽ മുന്നൂറു കിലോമീറ്റര് ആണ് ട്രെയിൻ വേഗത.

publive-image

സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ, റാബിഖ് കിംഗ് അബ്ദുല്ല എക്കണോമിക് സിറ്റി എന്നിവയിലൂടെ കടന്നു പോകുന്നതിനാൽ, തീര്ഥാടകർക്കെന്ന പോലെ ബിസിനസ് രംഗത്തുള്ളവർക്കും അനുഗ്രഹമാകും ഹറമൈൻ റെയിൽവെ. മൊത്തം അഞ്ചു സ്റ്റേഷനുകൾ ഉള്ള ഹറമൈൻ റെയിൽ പാതയിൽ മറ്റു റൂട്ടുകളിൽ പരീക്ഷണ ഓട്ടങ്ങൾ പലവട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഹറമൈൻ റയിൽവെ പുണ്യ നഗരത്തിനോ സൗദി അറേബ്യയ്‌ക്കോ മാത്രമുള്ള പദ്ധ്വതിയല്ലെന്നും മറിച്ച് ആഗോള മുസ്‍ലിം ലോകമാണ് ഇതിന്റെ പ്രയോജനം അനുഭവിക്കുകയെന്നും മക്കാ ഗവർണർ ഒരു പരീക്ഷണ ഓട്ടത്തിന് ശേഷം പറഞ്ഞിരുന്നു.

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി 

Advertisment