‘നിനക്കതിന് അഭിനയിക്കാൻ അറിയുമോടി ശവമേ’ – അപര്‍ണയ്ക്ക് മോശം കമന്റ്, തക്ക മറുപടിയുമായി അസ്കർ

ഫിലിം ഡസ്ക്
Monday, June 4, 2018

ലൈവിലെത്തിയ നടി അപര്‍ണ ബാലമുരളിക്ക് നേരെ സൈബർ ആക്രമണം. തക്ക മറുപടിയുമായി നടൻ അസ്കർ അലി എത്തി.

അസ്കറും അപർണയും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവിൽ എത്തിയതായിരുന്നു ഇരുവരും. ഇതിന് താഴെയായി അപർണയ്ക്ക് നേരെ മോശം കമന്റുകൾ വരുകയുണ്ടായി.

കമന്റ് കൂടിയപ്പോൾ അതിന് മറുപടി പറയാൻ അസ്കർ വീണ്ടും ലൈവിൽ വരുകയുണ്ടായി. ‘മലയാളികൾക്ക് നല്ലൊരു സംസ്കാരമുണ്ട്. എന്നാൽ അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ പുതിയ മലയാളി ആൺകുട്ടികൾക്ക് പെട്ടന്ന് ദേഷ്യം വരും. അതുകൊണ്ടാണ് ലൈവിൽ ഒന്നുകൂടെ വരാൻ കാരണം.

ഒരുത്തൻ കമന്റ് ചെയ്തു, ‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടി’..ഒരിക്കലും പെൺകുട്ടികളെ അധിക്ഷേപിക്കരുത്. ഇങ്ങനെ ചെയ്യുന്നവരെ കയ്യിൽ കിട്ടിയാൽ തല്ലുകയാണ് പതിവ്. നമ്മുടെ മുന്നിൽ വന്നാൽ അത് ചെയ്യേണ്ട കാര്യമാണ്.

നിനക്കതിന് അഭിനയിക്കാൻ അറിയുമോടി ശവമേ എന്നാണ് വേറൊരാളുടെ കമന്റ്. വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അവരെ ശവമേ എന്ന് ഇവൻ വിളിക്കൂമോ? നീ ഓർക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാൽ മോശമാകും. സിനിമയിൽ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാർ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക.

ഞാൻ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധമുണ്ട്. നമ്മൾ പ്രതികരിക്കണം. സിനിമ മോശമാണെങ്കിൽ അതിനെ വിമർശിക്കാം. എന്നാൽ അതിൽ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്.

നമുക്ക് പരിചയമില്ലാത്ത പെൺകുട്ടികളെ എടി എന്നൊക്കെ വിളിക്കുന്നത് ചുട്ട അടികൊള്ളാത്തതുകൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയേണ്ടതും കേരളത്തിലെ ആൺപിള്ളേരുടെ സംസ്കാരമാണ്.’– അസ്കർ പറഞ്ഞു.

×