Advertisment

ആർമിയിൽ നിന്നു രാജിവച്ചു നേരെ സിനിമയിലേക്ക്. ആദ്യം കിട്ടിയത് വില്ലന്‍ വേഷം. ഒപ്പം മധുവും നസീറും

author-image
ഫിലിം ഡസ്ക്
New Update

1981ൽ ജോഷി സംവിധാനം ചെയ്‌ത രക്‌തം എന്ന സിനിമയിലൂടെയാണ് നടന്‍ ക്യാപ്റ്റന്‍ രാജു അഭിനയ രംഗത്തേക്ക് എത്തുന്നത്. ആർമിയിൽ നിന്നു രാജിവച്ചു നേരെ സിനിമയിലേക്കു വരികയായിരുന്നു.

Advertisment

ആദ്യം കിട്ടിയതു തന്നെ ഒരു വില്ലൻ വേഷം. പക്ഷേ ഒപ്പം അഭിനയിക്കുന്നത് മലയാള സിനിമയിലെ രണ്ടു അതികായൻമാരായ നസീർ സാറും മധുസാറും. ആ ആവേശമായിരുന്നു മനസ്സു നിറയെ. സിനിമയിലെ യഥാർഥ വില്ലൻ ബാലൻ കെ. നായരാണ്. അദ്ദേഹത്തിന്റെ സഹായിയാണു ഞാൻ.

publive-image

ക്ലൈമാക്‌സിൽ മധുസാറും ഞാനും തമ്മിൽ ഒരു അടിയുണ്ട്. ഷൂട്ടു ചെയ്‌തത് എറണാകുളത്തെ ഒരു ഫാക്‌ടറി ഗോഡൗണിനുള്ളിൽ. അതിനുള്ളിൽ നിറയെ ഏതോ പഴയ വീടു പൊളിച്ച പട്ടിക കൂട്ടിയിട്ടിരിക്കുകയാണ്. അതിനിടയിലാണ് അടി. സ്‌റ്റണ്ട് മാസ്‌റ്റർ ത്യാഗരാജൻ.

തൂമ്പപോലുള്ള ഷവൽകൊണ്ട് മധു സാർ എന്നെ അടിച്ചു വീഴ്‌ത്തുന്നതാണ് അടുത്തതായി ഷൂട്ട് ചെയ്യേണ്ടത്. അടികൊണ്ട് വീഴേണ്ടതു പട്ടികകൾക്കു മുകളിലേക്കാണ്.

publive-image

ആദ്യ സിനിമ, അടിയാണെങ്കിലും ഒപ്പം അഭിനയിക്കുന്നത് മധുസാർ. ഒട്ടും മോശമാക്കരുതല്ലോ? റിഹേഴ്‌സലിൽതന്നെ മധുസാറിന്റെ അടികൊണ്ട് ഞാൻ ആത്മാർഥതയോടെ പട്ടികകളുടെ മുകളിലേക്ക് ഒന്നും നോക്കാതെ തെറിച്ചുവീണു. റിഹേഴ്‌സൽ ഒകെ. അടുത്തത് ഷോട്ടാണ്.

പക്ഷേ ഷൂട്ടിങ് കണ്ടുകൊണ്ടിരുന്ന നസീർ സാർ എന്നെ അടുത്തേക്കു വിളിച്ചു. ക്യാപ്‌റ്റൻ ഇവിടെ വരൂ എന്ന അദ്ദേഹത്തിന്റെ കരുത്തുറ്റ വാക്കുകൾ കേട്ട് അടുത്തെത്തിയപ്പോൾ പറഞ്ഞതിങ്ങനെ:

publive-image

‘ആവേശമൊക്കെ കൊള്ളാം, പക്ഷേ ആപത്തു സംഭവിച്ചാൽ ഈ ആവേശമെല്ലാം പോകും. പിന്നെ ആരും നോക്കാനുണ്ടാവില്ല. ആ പട്ടികകളിൽ എത്ര ആണികളാണു കൂർത്തിരിക്കുന്നതെന്നു കണ്ടോ? അതിലേതെങ്കിലും ശരീരത്തിൽ തുളച്ചു കയറിയാൽ അതിന്റെ നഷ്‌ടം താങ്കൾക്കു മാത്രമായിരിക്കും. സിനിമ ഷൂട്ടിങ്ങിനെയും അതു ബാധിക്കും. അതുകൊണ്ട് പട്ടികകളിലേക്കു തന്നെ വീഴണമെങ്കിൽ ആദ്യം ആണികളുള്ള ആ പട്ടികകൾ എടുത്തു മാറ്റൂ. അതു കഴിഞ്ഞു മതി ഷൂട്ടിങ്’

നസീർ സാർ ആ സിനിമയിൽ എന്നെ ആദ്യമായി കാണുകയാണ്. വലിയ സ്‌നേഹബന്ധമൊന്നും രൂപപ്പെട്ടിട്ടുമില്ല. പക്ഷേ ഒരു സഹപ്രവർത്തകന്റെ കാര്യത്തിൽ ആ മനുഷ്യന്റെ ഉള്ളിലെ വലിയ സ്‌നേഹവും കരുതലും ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു. മറ്റൊരാളും പറയാത്ത കാര്യമാണു സെറ്റിലെ ഏറ്റവും ആദരണീയനായ വ്യക്‌തി ഒരു രക്ഷിതാവിന്റെ കരുതലോടെ പറയുന്നത്. അതാണ് പ്രേംനസീർ.. അതുപോലെ സിനിമയിൽ അധികം പേരില്ല.

publive-image

സിനിമാ ജീവിതത്തിലെ മറ്റൊരു മറക്കാനാവാത്ത അനുഭവം കെ.പി. ഉമ്മറുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ കയ്യബദ്ധമാണ്. ഐ.വി. ശശി സംവിധാനം ചെയ്യുന്ന അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അത്. ചെന്നൈ അരുണാചലം സ്‌റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. എനിക്ക് കസ്‌റ്റംസ് ഓഫിസറുടെ വേഷമാണ്.

ഉമ്മറിനു കള്ളക്കടത്തുകാരന്റെ വേഷവും. ഷൂട്ടിങ്ങിനിടെ എല്ലാ ദിവസവും അദ്ദേഹത്തിനു വീട്ടിൽ നിന്നു ഭക്ഷണം തയാറാക്കി എത്തിക്കുകയാണ്. അദ്ദേഹത്തിനു മാത്രമല്ല, എനിക്കുമുണ്ടാവും. മീൻമുട്ട ഫ്രൈ ഒക്കെ സ്‌പെഷലായിട്ട് പറഞ്ഞു കൊണ്ടുവരും. സിനിമയിൽ ഉമ്മർക്കയുടെ കള്ളക്കടത്തു കേന്ദ്രത്തിലേക്ക് ബൈക്കിൽ പാഞ്ഞെത്തുന്ന ഞാനും അദ്ദേഹവും തമ്മിൽ ഒരു ഫൈറ്റ് സീനുണ്ട്. സിനിമയിലെ അടിയെന്നാൽ ദേഹത്തുകൊള്ളാതെയുള്ള അടിയാണ്. കൊണ്ടാലും വേദനിക്കാത്ത വിധം കരുതലോടെയാണ് ഇടിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുക.

publive-image

പക്ഷേ ആ ഫൈറ്റ് സീനിൽ എനിക്ക് കയ്യബദ്ധം പറ്റി. എന്റെ ഇടി അദ്ദേഹത്തിന്റെ താടിയെല്ലിൽ കൊണ്ടു. ഒഴിഞ്ഞുമാറുമെന്നു കരുതിയുളള ഇടിയായിരുന്നു. പക്ഷേ കണക്കുകൂട്ടൽ തെറ്റി. വേദനകൊണ്ട് അദ്ദേഹം തരിച്ചുപോയി. എനിക്കു വല്ലാത്ത സങ്കടമായി. പക്ഷേ അദ്ദേഹത്തിന് ഒരു പരാതിയുമുണ്ടായിരുന്നില്ല. അന്നും പതിവുപോലെ വീട്ടിൽ നിന്നുള്ള മീൻമുട്ട ഫ്രൈയൊക്കെ വിളമ്പിത്തന്നു.

എന്റെ വീട്ടിൽനിന്നു കൊണ്ടുവന്ന മീൻമുട്ടയൊക്കെ കഴിച്ചിട്ട് താൻ എന്റെ താടിയെല്ലു തന്നെ ഇടിച്ചുതകർത്തല്ലോടോ... എന്ന് തമാശയായി പറയുകയും ചെയ്‌തു. പക്ഷേ ആ സംഭവത്തിന്റെ വേദന ഏറെക്കാലം എന്റെ മനസ്സിൽ മുറിവായുണ്ടായിരുന്നു; പ്രത്യേകിച്ച് അദ്ദേഹത്തെ കാണുമ്പോൾ.. അതൊന്നും കാര്യമില്ലെന്നും മറന്നുകളയാനുമായിരുന്നു ഉമ്മർക്കായുടെ ഉപദേശം. പക്ഷേ, ഉമ്മർക്ക മരിച്ച് അദ്ദേഹത്തെ അവസാനമായി കാണുമ്പോഴും എന്റെ മനസിൽ ആ ഇടിയും ഉമ്മർക്കയുടെ വലിയ മനസ്സുമായിരുന്നു നിറഞ്ഞു നിന്നത്.

Advertisment