ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരൊന്നിക്കുന്ന ഈ.മ.യൗ റിലീസിനെത്തുന്നു, ചിത്രം ആഷിക്ക് അബു ഏറ്റെടുത്തു

Monday, April 16, 2018

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ റിലീസിനെത്തുന്നു. മുമ്പ് രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരാണു പ്രധാന വേഷങ്ങളിൽ.

സിനിമയുടെ നിർമാണം ആഷിക്ക് അബു ഏറ്റെടുത്തു. ആഷിക്ക് അബു തന്നെയാണ് റിലീസ് വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

സിനിമയുടെ നിർമാതാവായിരുന്ന രാജേഷ് ജോർജ് കുളങ്ങരയിൽ നിന്ന് സിനിമയുടെ മുഴുവൻ അവകാശവും ആഷിക്ക് അബു മേടിച്ചതായാണ് വിവരം. സന്തോഷ് ടി. കുരുവിളയും പപ്പായ മീഡിയയും ചിത്രം വിതരണത്തിനെത്തിക്കും.

വെറും 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് തീർത്തത്. 25 ദിവസത്തെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്ത സിനിമ പൂര്‍ത്തിയായപ്പോള്‍ ചിത്രീകരണത്തിന് എടുത്തത് 18 ദിവസം. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള.

നേരത്തെ താരങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമായി സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണു ഇതിൽ നിന്നും ലഭിച്ചത്.

×