Advertisment

ആമിയും തഥൈവ ! മഞ്ജുവിന്‍റെ ലേഡി സൂപ്പർ താര കിരീടം വീണുടയുന്നു. 6 മഞ്ജുവാര്യര്‍ ചിത്രങ്ങള്‍ക്ക് 28.25 കോടി മുടക്കിയപ്പോള്‍ നഷ്ടം 14.85 കോടി ! മോഹന്‍ലാല്‍, ഒടിയന്‍ ചിത്രങ്ങള്‍ ആശങ്കയുടെ നിഴലില്‍

author-image
ഫിലിം ഡസ്ക്
New Update

ഒരു കഥാപാത്രത്തിന്റെ രൂപീകരണം എത്രത്തോളം ഗൗരവതരമായിരിക്കണം എന്ന ഓര്‍മ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് 'ആമി'. മലയാളിയ്ക്ക് പ്രണയത്തിന്റെ നിറവും ഗന്ധവും നല്‍കിയ എഴുത്തുകാരി മാധവിക്കുട്ടി, മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി മഞ്ജുവാര്യര്‍, ഭരതനും പത്മരാജനുമൊക്കെ ശേഷം പ്രതിഭയുള്ള കലാകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമല്‍ - എല്ലാത്തിനുമുപരി വിദ്യാ ബാലന്റെ ഉടലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ - ഇവയെല്ലാം ഒത്തുചേര്‍ന്നിട്ടും നാല് ദിവസങ്ങള്‍ കൊണ്ട് ഒരു സിനിമ തിയേറ്ററുകളെ കാലിയാക്കിയെങ്കില്‍ അത് മലയാള സിനിമയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.

Advertisment

എന്തൊക്കെ ചേരുവകളുണ്ടെങ്കിലും പ്രേക്ഷകരുടെ വിലയിരുത്തല്‍ അതുക്കും മേലെയായിരിക്കുമെന്ന തിരിച്ചറിവ് സിനിമാക്കാര്‍ക്ക് ഇല്ലാതെ പോകുന്നു.

publive-image

മാധവിക്കുട്ടിയുടെ ആത്മാവ് പൊറുക്കുമോ ഈ ആമിയെ കണ്ടാല്‍

കേവലം 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പതിറ്റാണ്ടുകള്‍ കേരളക്കരയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മാധവിക്കുട്ടി. മലയാളിയ്ക്ക് പ്രണയത്തിന്റെ നിറവും ഗന്ധവും നല്‍കിയ എഴുത്തുകാരി. സപ്തതി കടന്നിട്ടും കേരള യുവത്വത്തിന് പ്രണയത്തിന്റെ പ്രതീകമായിരുന്നു ആമി; ഇന്നും മലയാളിയെ ഇതിനേക്കാള്‍ നന്നായി പ്രണയിക്കാന്‍ പഠിപ്പിച്ച വേറൊരാള്‍ ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്ന് വിശ്വസിക്കാനും തോന്നുന്നില്ല.

ആ മാധവിക്കുട്ടിയുടെ ആത്മാവ് പൊറുക്കുമോ കമലിന്റെ/മഞ്ജുവാര്യരുടെ ആമിയെ കണ്ടാല്‍ ? എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ! ജീവനോടുണ്ടായിരുന്നെങ്കില്‍ സ്വതവേ സൌമ്യയായിരുന്ന മാധവിക്കുട്ടി ചാട്ടവാറെടുത്ത് അടിക്കുമായിരുന്നു.

publive-image

കമലും മഞ്ജുവും ആമിയെപ്പറ്റി എന്ത് മനസിലാക്കി

കമല്‍ ഒരുപാട് പഠിച്ചിട്ടാണ് ആമിയെ കഥാപാത്രമാക്കിയതെന്നു പറയുന്നു.  മഞ്ജു അവരെപ്പറ്റി ഒരുപാട് അറിഞ്ഞും മനസിലാക്കിയുമാണ്‌ കഥാപാത്രമായതെന്നു പറയുന്നു. കഷ്ടം ! നിങ്ങള്‍ പഠിച്ചതിനും അറിഞ്ഞതിനും മനസിലാക്കിയതിനും ഒരുപാട് മേലെയാണ് മലയാളത്തിലെ പ്രേക്ഷകര്‍ അവരെ മനസിലാക്കിയതെന്നറിയാന്‍ രണ്ടാം നാള്‍ കാലിയായ ഈ തിയേറ്ററുകള്‍ മാത്രം മതി.

ആമിയിലൂടെ മഞ്ജുവാര്യരുടെ താരമൂല്യം മാത്രമല്ല നഷ്ടമായത്. നല്ല അഭിനേത്രി എന്ന പദവി കൂടി മഞ്ജുവിന് കൈമോശം വന്നിരിക്കുന്നുവെന്നാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ഉള്‍പ്പെടെയുള്ള ആമി അവലോകനങ്ങള്‍ വരച്ചുകാട്ടുന്നത്. മഞ്ജുവിന്റെ കരിയറില്‍ ആദ്യമായാണ്‌ മഞ്ജുവിന്റെ അഭിനയം വിമര്‍ശിക്കപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് മികച്ച തുണയാകുമെന്ന് കരുതിയ വിവാദങ്ങളും ആമിയ്ക്ക് രക്ഷയായില്ല. വിദ്യാ ബാലന്റെ ഉടലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മഞ്ജുവിന്റെ മഹത്വവത്ക്കരണവും അമ്പേ പാളി.

publive-image

താരസിംഹാസനം വീണുടഞ്ഞു !

ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സിനിമ ഇത്ര പെട്ടെന്ന് തകരുമെന്ന് കരുതുക വയ്യ. ആമിയും കമലും ഉണ്ടായിട്ടും ലേഡി സൂപ്പര്‍ സ്റ്റാറിന് ഒരനക്കവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യാഘാദം. അതിന്റെ തിരിച്ചടി മഞ്ജുവാര്യര്‍ എന്ന നടിയ്ക്കാണ്.

ആരൊക്കെയോ ചേര്‍ന്ന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി മഞ്ജുവിന് പകര്‍ന്നു നല്‍കി. അത് മലയാള പ്രേക്ഷകര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ പദവിയോട് നീതി പുലര്‍ത്താന്‍ ആ താരപദവിയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ 'ആമി' തിയേറ്ററുകളില്‍ 4 നാള്‍ നിറഞ്ഞാടുമായിരുന്നു. ഇതിപ്പോള്‍ ആ നിര്‍മ്മാതാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ സഹതപിക്കാനേ കഴിയൂ.

ചോദ്യം ചെയ്യപ്പെടുന്നത് മഞ്ജുവിന്റെ താരപദവി ?

ആമിയുടെ പരാജയത്തിന്റെ ആഘാതം അതിന്റെ പൂര്‍ണ്ണശക്തിയോടെ നിലംപതിക്കുന്നത് മഞ്ജുവാര്യരുടെ നേര്‍ക്കായിരിക്കും. ഒരു താരം എന്നാല്‍ ചുരുങ്ങിയത് 2 ദിവസം എങ്കിലും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വമായിരിക്കണം. ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട, വിവാദമായ, എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു സിനിമ കയ്യില്‍ കിട്ടിയിട്ടും മഞ്ജുവിന് അതിനു കഴിഞ്ഞില്ല. അതിനാല്‍ ആദ്യമേ തന്നെ ആ പദവി എടുത്ത് മാറ്റട്ടെ - ലേഡി സൂപ്പര്‍ സ്റ്റാര്‍.

ഇന്നേവരെ ചെയ്യാത്തവിധം ഗ്ലാമറിന്റെ അതിര്‍വരമ്പുകളൊക്കെ ലംഘിച്ച് ചുംബന രംഗങ്ങളില്‍ വരെ അഭിനയിച്ചിട്ടും മഞ്ജുവിന് ഈ സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്യാനായില്ല.

publive-image

തുടര്‍ച്ചയായി ഇറങ്ങിയ 6 സിനിമകളുടെ മാത്രം നഷ്ടം 14.85 കോടി

മഞ്ജുവാര്യറെ മഹത്വവല്‍ക്കരിക്കാന്‍ തിരക്ക് കൂട്ടുന്നതിനിടയില്‍ മലയാള സിനിമ കാണാതെ പോയ ചില കണക്കുകളുണ്ട്. അത് സമീപ ഭാവിയില്‍ മഞ്ജു അഭിനയിച്ചു തീര്‍ത്ത സിനിമകളുടെതാണ്. റാണി പദ്മിനി, ജോ ആന്‍ഡ് ദി ബോയ്‌, കരിങ്കുന്നം സിക്സസ്, വേട്ട, സൈറാ ബാനു തുടങ്ങിയ ലേഡി സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ മാത്രം ഉണ്ടാക്കിയ നഷ്ടം 14.85 കോടിയാണ്. അതിന്റെ പകുതിയോളം വരുമായിരിക്കാം ആമി.

ആകെപ്പാടെ നിര്‍മ്മാതാവിനെ കുത്തുപാളയെടുപ്പിക്കാതെ കഷ്ടിച്ച് കരകയറിയത് ഉദാഹരണം സുജാത മാത്രം. മൂന്നരക്കോടി മുതല്‍ മുടക്കിയ സുജാത ദിലീപും രാമലീലയുമായുള്ള മത്സരത്തിന്റെ വിവാദങ്ങളുടെ മറവില്‍ സാറ്റലൈറ്റ് റേറ്റായി 2.5 കോടി നേടി. തിയേറ്ററുകളില്‍ നിന്നും 28 കോടി കൂടി കിട്ടിയപ്പോള്‍ കഷ്ടിച്ച് ഒരു കോടി ലാഭം.

publive-image

സമീപകാല മഞ്ജുവാര്യര്‍ ചിത്രങ്ങളുടെ നിര്‍മ്മാണ ചിഅവും വരവും നഷ്ടവും

1. റാണി പദ്മിനി: ചിലവ് - 7 കോടി, സാറ്റലൈറ്റ് - 2.5 കോടി, തിയേറ്റര്‍ കളക്ഷന്‍ - 85 ലക്ഷം, നഷ്ടം - 3.65 കോടി.

2. ജോ ആന്‍ഡ് ദി ബോയ്‌: ചിലവ് - 4.5 കോടി, സാറ്റലൈറ്റ് - 1.75 കോടി, തിയേറ്റര്‍ കളക്ഷന്‍ - 55 ലക്ഷം, നഷ്ടം - 2.25 കോടി.

3. കരിങ്കുന്നം സിക്സസ്: ചിലവ് - 4.5 കോടി, സാറ്റലൈറ്റ് റേറ്റ് - 2 കോടി, തിയേറ്റര്‍ വരുമാനം - 75 ലക്ഷം, നഷ്ടം - 2.75 കോടി.

4. വേട്ട: ചിലവ് - 5 കോടി, സാറ്റലൈറ്റ് വരവ് - 2.5 കോടി, തിയേറ്റര്‍ വരുമാനം - 90 ലക്ഷം, നഷ്ടം - 1.6 കോടി.

5. സൈറാ ബാനു - ചിലവ് - 4.5 കോടി, സാറ്റലൈറ്റ് വരുമാനം - 2.10 കോടി, തിയേറ്റര്‍ കളക്ഷന്‍ - 85 ലക്ഷം, നഷ്ടം - 1.9 കോടി.

(ആകെ നഷ്ടം: 14.85 കോടി).

publive-image

ഒടിയന് ശേഷം മഞ്ജുവാര്യര്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി 

മഞ്ജുവാര്യരുടെ അവസാന പ്രതീക്ഷ രണ്ടാം വരവില്‍ വഴികാട്ടിയും സുഹൃത്തുമായിരുന്ന വി എ ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രമായ ഒടിയനാണ്. വിവാഹ മോചിതയായി വെറുംകയ്യോടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം ചാര്‍ത്തി നല്‍കിയതില്‍ മുഖ്യ പങ്ക് ശ്രീകുമാര്‍ മേനോനും പുഷ് ഇന്റഗ്രേറ്റഡിനുമായിരുന്നു.

ഇനി ആകെയുള്ള പ്രതീക്ഷ മഞ്ജുവിന്റെ തിരിച്ചുവരവ് സാധ്യമാക്കിയ ശ്രീകുമാര്‍ മേനോന്‍റെ ഒടിയന്‍ മാത്രമാണ്. ഒടിയനില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജുവിന് വേണ്ടി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്.  ഒടിയനിലും ക്ലച്ച് പിടിച്ചില്ലെങ്കില്‍ പിന്നെ മലയാള സിനിമയില്‍ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ചേച്ചിയുടെയും അമ്മയുടെയും റോളിലേക്ക് മഞ്ജുവിന് പിന്‍വാങ്ങാം.

ഒടിയന് ശേഷം ഒറ്റ സിനിമയില്‍ പോലും നിലവില്‍ കരാര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നതാണ് മഞ്ജു നേരിടുന്ന വെല്ലുവിളി. ശ്രീകുമാര്‍ മേനോന്‍ സംവിധായകനാകുന്ന ആയിരം കോടിയുടെ 'രണ്ടാമൂഴം'ത്തില്‍ മഞ്ജുവാര്യരാണ് നായികയായി പറഞ്ഞുകേട്ടിരുന്നതെങ്കിലും താരമൂല്യം നഷ്ടമായ ഒരു നടിയെ ഇത്തരമൊരു മെഗാ ബജറ്റ് ചിത്രത്തില്‍ വീണ്ടും പരീക്ഷിക്കാന്‍ ശ്രീകുമാറും മോഹന്‍ലാലും പോലും സാഹസം കാട്ടുമോ എന്ന് കണ്ടറിയണം.

മഞ്ജു നായികയാകുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ തന്നെ ഉള്ള് കായാന്‍ തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. രണ്ടര കോടി ബഡ്ജറ്റില്‍ തുടങ്ങിയ ചിത്രം ഇപ്പോള്‍ നിര്‍മ്മാണ ചിലവ് 7 കോടി ആയെന്നാണ്‌ കേള്‍ക്കുന്നത്. സാറ്റലൈറ്റ് വരുമാനം കൂടാതെ തിയേറ്ററില്‍ നിന്ന് മാത്രമായി 8 കോടിയെങ്കിലും കിട്ടിയാലേ നിര്‍മ്മാതാവിന്റെ കൈ നനയാതിരിക്കൂ.

നിലവിലെ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ നിന്ന് 8 കോടി വാരിക്കൂട്ടാന്‍ മഞ്ജുവിനാകുമോ എന്ന് സംശയമാണ്. കാരണം, തിയേറ്റര്‍ വരവ് 1 കോടി പിന്നിട്ട മഞ്ജു ചിത്രങ്ങള്‍ സമീപ കാലത്ത് വിരളമായിരുന്നു.

ദിലീപിന്‍റെ കമാരസംഭവവുമായി മത്സരിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമയുടെ വരവ്. മഞ്ജുവിന്റെ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രമാണിത്. മാര്‍ച്ച് 30 നാണ് ഇതിന്റെ റിലീസിംഗ്. മോഹന്‍ലാല്‍ ഫാന്‍സ്‌ ആഞ്ഞുപിടിച്ചില്ലെങ്കില്‍ ഈ ചിത്രത്തിന്റെ കാര്യവും മഹാദുരന്തമായി മാരും.

manju warrier kamal aami
Advertisment