Advertisment

ദുബൈയില്‍ ജോലിക്കു പോയ മലയാളി വീട്ടമ്മ ഒമാനില്‍ വീട്ടുതടങ്കലില്‍; ഏജന്റിന്റെ കെണിയില്‍ പെട്ട് തൊഴിലുടമയുടെ വീട്ടില്‍ ദുരിത ജീവിതം

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബൈയില്‍ ജോലിക്കു പോയ മലയാളി സ്ത്രീ വീട്ടുതടങ്കലില്‍. ആശുപത്രി ജോലിക്കായി കൊണ്ടു പോയ വീട്ടമ്മയാണ് തൊഴിലുടമയുടെ ചതിയെ തുടര്‍ന്ന് മാസങ്ങളായി ഒമാനില്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്. അടൂര്‍ ഏനാദിമംഗലം പഞ്ചായത്തില്‍പെട്ട കുറുമ്പകര തടത്തില്‍ മേലേതില്‍ മനോഹരന്റെ ഭാര്യ അമ്പിളിയാണ് (49) തൊഴിലുടമയുടെ വീട്ടില്‍ ആരുടെയും സഹായം ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. ഇവരുടെ മകള്‍ സംഭവത്തില്‍ പരാതി ഉന്നയിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

Advertisment

publive-image

തൊഴിലുടമയുടെ വീട്ടില്‍ കഴിയുന്ന ഇവരെ പുറത്ത് ആരുമായും ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നാണു നാട്ടിലുള്ള ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അകന്ന ബന്ധുക്കളുടെ ഇടപെടലില്‍ അമ്പിളി കോഴിക്കോട് സ്വദേശി ശിവമുരളി എന്നയാള്‍ മുഖേന ദുബൈയില്‍ ആശുപത്രി ശുചീകരണ ജോലിക്കായി പോയത്. അവിടെ എത്തിയ അമ്പിളിയെ തൊഴിലുടമയുടെയും ഇയാളുടെ ബന്ധുക്കളുടെയും വീട്ടിലെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വീട്ടുതടങ്കലില്‍ ആക്കുകയുമായിരുന്നു. അവരുടെ വീട്ടിലെ ജോലി മുഴുവന്‍ ചെയ്ത് അവശയായ നിലയിലാണ് ഇപ്പോള്‍ അമ്പിളി.

ദുബൈയിലേക്കെന്നു പറഞ്ഞ് നാട്ടില്‍ നിന്നു കൊണ്ടു പോയ ഇവരെ സന്ദര്‍ശന വീസയില്‍ ഒമാനിലെത്തിച്ച് അവിടെ വീട്ടുജോലിയാണു ഏജന്റ് വാങ്ങി നല്‍കിയതെന്നും മെഡിക്കല്‍ ഫീസ് അടക്കം 41,000 രൂപ കൈപ്പറ്റിയിരുന്നതായും അമ്പിളി നാട്ടിലുള്ള മകളെ അറിയിച്ചിരുന്നു. ഭക്ഷണം നല്‍കാതെ തൊഴിലുടമയുടെയും ബന്ധുക്കളുടെയും വീട്ടിലെ ജോലി ചെയ്യിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പിക്കുന്നതായും ഇവര്‍ ഫോണില്‍ ബന്ധപ്പെട്ട് മകളോടു പറഞ്ഞിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ടും ബന്ധപ്പെട്ട രേഖകളും തൊഴിലുടമ വാങ്ങി വച്ചിരിക്കുകയാണ്.

തൊഴിലുടമയുടെ കണ്ണുവെട്ടിച്ചു മകളുമായി ഫോണില്‍ സംസാരിച്ചാണ് അമ്പിളി വിവരങ്ങള്‍ നാട്ടില്‍ അറിയിച്ചത്. ഒരാഴ്ച മുമ്പാണ് അമ്പിളി അവസാനമായി മകളുമായി ബന്ധപ്പെട്ടത്. അമ്പിളിയെ ഒമാനില്‍ എത്തിച്ച ശിവമുരളി എന്ന വ്യക്തി ഇത്തരത്തില്‍ നിരവധി പേരെ വഞ്ചിച്ചിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. ഇയാള്‍ നൂറനാട് ഭാഗത്തു നിന്നും വിദേശത്തെ ഹോട്ടലുകളില്‍ ജോലി വാങ്ങി തരാമെന്ന പേരില്‍ യുവാക്കളില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നും, അനവധി സ്ത്രീകളെ വിദേശത്ത് കൊണ്ടു പോയിട്ടുണ്ടെന്നും അമ്പിളിയുടെ ബന്ധുക്കള്‍ അറിയിച്ചു.

Advertisment