Advertisment

വിശാഖം നക്ഷത്രത്തില്‍ ജനനം. 36 കഴിഞ്ഞാലേ നല്ലകാലം വരൂ എന്ന് ചലര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയായി. സിനിമ ഉപേക്ഷിക്കാന്‍ ആലോചിച്ചപ്പോഴാണ് 36-ാം വയസില്‍ 'ന്യൂ ഡല്‍ഹി'യും 'തനിയാവര്‍ത്തന'വും വന്നത് ! ഭാര്യയാണ് രാശിയും ഭാഗ്യവും ! 70-ല്‍ കാലൂന്നിയ മലയാളത്തിന്‍റെ മഹാനടന്‍റെ ഇതുവരെ കേള്‍ക്കാത്ത ശീലങ്ങളും കഥകളും...

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

''മമ്മുക്ക അല്ല നെല്ലിക്ക, പിന്നെ ബെല്ലിക്ക'' എന്നേ ആ മഹാനടനെ നേരിട്ടറിയുന്ന ആർക്കും പറയുവാനാകൂ.  മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ  അദ്ദേഹത്തിൽ നന്മകളാണോ കൂടുതൽ തിന്മകളാണോ കൂടുതൽ എന്നാരെങ്കിലും ചോദിച്ചാൽ നേരത്തെ പറഞ്ഞതുപോലെ ''നെല്ലിക്ക'' യാണ് .

ചില സമയങ്ങളിൽ '' ബെല്ലിക്ക '' അഥവാ വല്ല്യേട്ടനും. ആദ്യം ആർക്കും ഇച്ചിരി കയ്പുനീർ സമ്മാനിച്ചിട്ടേ അദ്ദേഹം കാര്യങ്ങൾ തുടങ്ങിവെക്കൂ. അദ്ദേഹം ചീത്ത വിളിച്ചാൽ വിളി കേട്ടയാൾ രക്ഷപ്പെട്ടു എന്ന് വേണം കരുതുവാൻ.

അക്കാര്യങ്ങൾ അദ്ദേഹത്താൽ സംവിധായകരായി വിലസുന്ന ലാൽജോസ് മുതൽ ഹനീഫ് അദനി വരെയുള്ളവരോട് ചോദിച്ചാൽ മനസ്സിലാകും .

ചില അവസരങ്ങളിൽ ''ലൂബിക്ക'' യുടെ സ്വഭാവ സവിശേഷതകളും കാണിക്കുന്നതിനാൽ ചില നല്ലയാളുകൾ അദ്ദേഹത്തിൽ നിന്നും അകന്നു പോയിരുന്നു. തൃശൂർ ഭാഷയിൽ '' ലൂബിക്ക '' എന്നാൽ പുളിപ്പുള്ള ഒരു പഴമാണ് .

അല്ലല്ല...! ഒന്നാം നമ്പർ തമാശക്കാരൻ

1990 സെപ്തംബർ മാസത്തിലാണ് അദ്ദേഹത്തെ കാണുവാനും പരിചയപ്പെടുവാനും സാധിച്ചത്. കെ മധുവിന്റെ മൗനം സമ്മതം എന്ന സിനിമയുടെ പൊള്ളാച്ചിയിലെ സ്റ്റേറ്റ് ബാങ്കിന്റെ സെറ്റിൽ വെച്ചാണ് കണ്ടത് എങ്കിലും 1999 ജൂലൈ 20 ന് ദുബായിൽ വെച്ചാണ് കൂടുതൽ അടുക്കുവാൻ ഇടയാക്കിയത് .

ലാലേട്ടനും മമ്മുക്കയും പിന്നെ ഇരുപതോളം വിഐപികളും ചേർന്നുള്ള ഒരു ഡിസർട്ട് ക്യാമ്പിൽ വെച്ച് ! ഒരു കാര്യം ബോധ്യമായി. മലയാള സിനിമ നടന്മാരിൽ ഏറ്റവും നല്ല തമാശക്കാരൻ ഈ പറഞ്ഞ ബെല്ലിക്ക യാണെന്നുള്ളത് അന്നത്തെ ആ സ്വകാര്യ മരുഭൂമി യാത്രയിലും ആ ക്യാമ്പിൽ പങ്കെടുത്ത ഏവരും സമ്മതിച്ച വസ്തുതയാണ്.

publive-image

എത്ര വലിയ തമാശ പറയുന്നതിനിടയിലും പരിചയമില്ലാത്ത ഒരാളിനെ കണ്ടാൽ ഈ ബെല്ലിക്ക പെട്ടെന്ന് എല്ലാം നിർത്തും. പിന്നെ ഒരു ''സമോവർ'' സ്റ്റൈലിൽ ഒറ്റ നിൽപ്പാണ്.

യാത്രയിൽ വല്ലാതെ തമാശ കൂടിയപ്പോൾ ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ഈഗോ  പറഞ്ഞു ''മമ്മൂസ്, തമാശകളികൾ ഒക്കെ ശെരി, നമ്മുടെ ഷോ ഉഷാറായില്ലെങ്കിൽ കണക്കു കൂട്ടലുകൾ എല്ലാം തെറ്റും''.

ഇത് കേട്ട പാടെ മമ്മുട്ടിയുടെ മറുപടി ''ഷോ എല്ലാം തകർക്കും, അത് കഴിഞ്ഞു വീട്ടിൽ പോകാൻ നേരത്ത് ഞങ്ങൾക്ക് തരാനുള്ള കണക്കുകൾ കൂട്ടുമ്പോൾ തെറ്റാതിരുന്നാൽ മതി''.

ബെല്ലി ഡാൻസറുടെ ഒപ്പം ഇരുന്നിരുന്ന  മോഹന്‍ലാല്‍ ചാടിയെണീറ്റ് മമ്മുക്കയെ തൊഴുതു.

തീരുമാനങ്ങൾ എടുക്കുവാൻ മിടുമിടുക്കൻ

2005 നവംബർ 10 ന് തലശ്ശേരിയിലെ റബ്കോ റബ്ബർ ഫാക്ടറിയിൽ വെച്ച് ബൽറാം താരാദാസിന്റെ ഷൂട്ടിങ് നടക്കുന്നു. നവമ്പർ 25 നു ദുബായിൽ വെച്ച് നടത്തിയ ''മമ്മുട്ടി ഹിറ്റ് പരേഡ്'' ഒരു ബ്രഹ്മാണ്ഡ ഷോയുടെ കാര്യങ്ങൾ ചർച്ച ചെയ്യുവാനാണ് മമ്മുക്കയെ കാണുവാൻ പോകുന്നത്.

ചില കുൽസിത താൽപര്യക്കാർ മമ്മുക്കയെ പോയിക്കണ്ട് എന്തൊക്കെയോ പരദൂഷണം വെച്ചു കയറ്റിരിക്കുന്നു. അത് അപ്പോൾ തന്നെ ക്ലിയർ ചെയ്തോളൂ എന്ന അദ്ദേഹത്തിന്റെ അടുത്ത ആളുകളിൽ നിന്നും കിട്ടിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾക്ക് പോകേണ്ടിവന്നത്.

publive-image

അവിടെ എത്തിയപ്പോൾ ആദ്യം ഞങ്ങളെ മൈൻഡ് ചെയ്യുന്നില്ല. എന്നാലും ജോര്‍ജിനെക്കൊണ്ട് ഞങ്ങൾക്ക് ഇരിക്കുവാനുള്ള സൗകര്യം മമ്മുക്കയുടെ സ്വകാര്യമുറിയിൽ തന്നെ ഒരുക്കിത്തന്നു.

ഷൂട്ടിങ് കാണുവാൻ ഞങ്ങൾ ഇറങ്ങിയപ്പോഴും നെവർ മൈൻഡ്. അപ്പോൾ തന്നെ കൂടെയുള്ളവർ പറഞ്ഞു. പണിപാളിയെന്ന്. ഒരുമിച്ചു ഊണുകഴിക്കുവാൻ ഇരുന്നു. എന്നിട്ടും മിണ്ടുന്നില്ല.

മമ്മുക്കയുടെ സീനൊക്കെ കഴിഞ്ഞപ്പോൾ മുറിയിലേക്ക് വന്നു. പാന്റ്സോക്കെ അഴിച്ചു. വെറും ജെട്ടിയും ബനിയനും ഇട്ടുകൊണ്ട് ഞങ്ങളുടെ മുന്നിലൂടെ നടന്നു.

ഒരു കാവിമുണ്ട് ഉടുത്തു. എന്നിട്ടു ചോദിച്ചു '' നിങ്ങളൊക്കെ കൂടി എന്നെ വിറ്റ് കാശാക്കുന്നു എന്നാണല്ലോ കേൾക്കുന്നത്''.

അപ്പോൾ ഞങ്ങൾ അന്നുവരെ വന്ന ഫുൾ പേജ് പരസ്യങ്ങളും റേഡിയോ പരസ്യങ്ങളും ഒക്കെ പുള്ളിയുടെ കയ്യിൽ കൊടുത്തു.

''ഞാൻ എപ്പോൾ എത്തണം. ഏത് ഫ്ളൈറ്റാണ് ബുക്ക് ചെയ്യുന്നത്  '' അടുത്ത ചോദ്യം . തലേദിവസം എത്തിയാൽ വളരെ നന്നായിരുന്നു എന്ന് ഞങ്ങൾ പറഞ്ഞു. കാലിക്കറ്റിൽ നിന്നും കൊച്ചി വഴി ദുബായിക്കുള്ള എയർ ഇന്ത്യയിൽ.

ഇത് കേട്ടപാടെ പുള്ളി പറഞ്ഞു '' എനിക്കവരെ വിശ്വാസമില്ല ഞാൻ എങ്ങനെയെങ്കിലും എത്തിക്കോളാം ''പറഞ്ഞത് അച്ചിട്ടപോലെ അന്നത്തെ ദിവസം ആ വിമാനം മുടങ്ങി. പുള്ളിക്കാരൻ ഒമാൻ എയർവെയ്സിൽ ദുബായിലെത്തുകയും ചെയ്തു.

മമ്മുട്ടിയുടെ ജാതകത്തിന് കച്ചവടം ചേരില്ല

2003 ൽ കേരളത്തിലെ ഒരു പ്രമുഖ എന്റർടൈൻമെന്റ് കമ്പനിയുമായി ചേർന്നുകൊണ്ട് തൃപ്പൂണിത്തുറക്കടുത്ത ചിത്രപ്പുഴയുടെ തീരത്ത് മൺസൂൺ വാലി എന്നൊരു പ്രോജക്റ്റ് പ്ലാൻ ചെയ്തു.

അതിന്റെ പാർട്ണർമാരായി ഒമ്പത് പേരായിരുന്നു. അതിൽ എട്ടു പേരും അന്ന് നാട്ടിൽ ഉണ്ടായിരുന്നു. അവരെ കാണുവാനായി സ്വന്തമായി ബിഎംഡബ്ള്യു എക്സ് ഫൈവ് ഓടിച്ചു കൊണ്ട് ചാലക്കുടിയിൽ എത്തുകയും 3 മണിക്കൂർ അവരുമായി ഇടപഴകുകയും ചെയ്തു.

publive-image

പ്രോജക്ടിന്റെ ചെയർമാനായി ഒപ്പിടുന്നതിന് മുൻപായി അദ്ദേഹം പറഞ്ഞു ബാക്കിയുള്ള ഒരാളെക്കൂടി കാണണം എന്ന്. ദുബായിൽ വെച്ച് ആ മീറ്റിങ്ങും തരപ്പെടുത്തി.

മീറ്റിങ്ങിനിടയിൽ ആ പാർട്ണർ പ്രേംനസീറിനെ കളിയാക്കിക്കൊണ്ട് എന്തോ പറഞ്ഞു. ചായ വരെ കുടിക്കാതെ മമ്മുട്ടി അവിടന്ന് പോന്നു. അതോടെ അന്നത്തെ മുന്നൂറ് കോടിയുടെ ഒരു പ്രോജക്റ്റ് ഇല്ലാതായി.

2004 ൽ കേരളത്തിലെ ഒരു പരസ്യ സംവിധായകന്റെ കൂടെ ദുബായ് ആസ്ഥാനമായി ഒരു പരസ്യക്കമ്പനി ആരംഭിച്ചു. ഫൈൻ ആർട്ട്സ് പഠിച്ചിട്ടുള്ള മകൾക്ക് കൂടിയായിരുന്നു ആ സംരംഭം എങ്കിലും ഒരു  പാർട്ണർ ചെയ്ത വലിയ ഒരു അപരാധത്തിന്റെ പേരിൽ ലാഭത്തിലായിരുന്ന ആ കമ്പനി അദ്ദേഹം അവസാനിപ്പിക്കുകയിരുന്നു.

പിന്നീട് അമേരിക്കയിൽ നിന്നും പഠിപ്പുകഴിഞ്ഞിറങ്ങിയ മകനുവേണ്ടി കേരളത്തിലെ ബിഗ്ബി നിർമ്മാതാവുമായി ചേർന്നുകൊണ്ട് ഡീ വാട്ടറിങ് കമ്പനി ദുബായിൽ തുടങ്ങി.

കാര്യങ്ങളുടെ പോക്ക് അത്രക്കും ശരിയല്ലെന്ന് മനസിലാക്കിയപ്പോൾ അത് അവസാനിപ്പിച്ച് മകനെ നാട്ടിലേക്ക് തിരിച്ചുവിളിച്ചു.

സുറുമി വീഡിയോസും കാസിനോയും മുതൽ പ്ലേ ഹാവ്സ് വരെ സിനിമ നിർമ്മാണകമ്പനികൾ ഉണ്ടെങ്കിലും ഒന്നും ക്ലച്ച് പിടിച്ചതായി അറിവിൽ ഇല്ല.

സിനിമയില്‍ നിന്നും വിരമിക്കല്‍ ആഗ്രഹിച്ചു. തുണയായത് കുടുംബവും രാശിയും !

വിശാഖം നക്ഷത്രത്തിൽ പിറന്ന മമ്മുട്ടിക്ക് 36  വയസുകഴിഞ്ഞാലേ നല്ല കാലം വരൂ, അതും ഭാര്യയുടെ പൂർണ്ണ പിന്തുണ ഇല്ലെങ്കിൽ ആ നല്ല കാലവും ഇല്ലാതാകും എന്നാണ് രാശി.

കണക്കുപ്രകാരം 35 വയസിൽ 35 സിനിമകളിൽ അഭിനയിച്ചെങ്കിലും സിനിമാജീവിതം വരെ അവസാനിപ്പിക്കണം എന്ന് കരുതിയിരിക്കുന്ന സമയത്താണ് 36 മത്തെ വയസിൽ ജോഷിയുടെ ന്യൂ ഡൽഹിയും സിബിമലയിലിന്റെ തനിയാവർത്തനവും കേരളത്തെ ഞെട്ടിച്ചു കളഞ്ഞത്.

54 വയസ്സ് കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന രാശിയും രാജമാണിക്യവും മമ്മുട്ടി ഹിറ്റ് പരേഡും തെളിയിക്കപ്പെട്ടു.

ഭാര്യയാണ് ഭാഗ്യം !

ഉമ്മയാണ് മമ്മുട്ടിയുടെ ഐശ്വര്യം എങ്കിലും ശരിക്കും പറഞ്ഞാൽ മമ്മുട്ടി എന്ന മഹാനടന്റെ ഏറ്റവും വലിയ ഭാഗ്യവും കൺട്രോളറും അക്കൗണ്ടന്റും സെക്യരിറ്റിയും അധ്യാപികയും എല്ലാം അദ്ദേഹത്തിന്റെ ഭാര്യയാണ്.

പെട്ടെന്നൊന്നും ആരോടും അടുക്കില്ല എങ്കിലും അടുത്തവരെ കൈവിടില്ല എന്നതും ആ മഹാമനസ്സിന്റെ പ്രത്യേകതയാണ്. മക്കളെ നിർത്തേണ്ടിടത്ത് നിർത്തുവാനും അവരെ താലോലിക്കുവാനും അഹങ്കാരം ഇല്ലാതെ വളർത്തുവാനും എല്ലാം ആ മട്ടാഞ്ചേരിക്കാരിക്ക് കഴിയുന്നു എന്നത് മഹാ സൗഭാഗ്യമാണ്.

publive-image

അത്യവശ്യം ഫാഷനും കലയുമൊക്കെയുള്ള സുൽഫത്ത് കുട്ടി കോൺവെന്റ് ജങ്ഷനിലെ ഫാഷൻ ഷോപ്പൊക്കെ അടച്ചു മക്കളിലും കെട്ടിയോനിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വേണ്ടപ്പെട്ട കുടുംബക്കാർക്കും കൂട്ടുകാർക്കുമൊക്കെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമെങ്കിലും പിന്നീട്

ചെന്നൈയിലേക്ക് ചേക്കേറിയപ്പോൾ എല്ലാം മതിയാക്കി.

ജോലിക്കാരുടെ ഗ്രാറ്റുവിറ്റി, ബോണസ്, അവരുടെ സമ്പാദ്യം, അവരുടെ മക്കളുടെ വിദ്യാഭ്യാസം, അവരുടെ വീട്ടിലെ വിവാഹങ്ങൾ എല്ലാറ്റിലും സുൽഫത്തിന്റെ ശ്രദ്ധ പതിഞ്ഞു. ഒരു സ്ഥാപനം പോലെയായിരുന്നു വീട്ടിലെയും പണിക്കാരുടെയും കെട്ടിയോന്റെയും കാര്യങ്ങൾ സുൽഫത്ത് നോക്കിയിരുന്നത്.

ആ നല്ല മനസ്സിനെ തെറ്റിദ്ധരിപ്പിച്ചാണ് ചില കൊച്ചിക്കാർ  മെഗാസ്റ്റാറിന്റെ അടുത്തേക്ക് നുഴഞ്ഞു കയറുന്നത്. പക്ഷെ ആത്മാർത്ഥമായ നന്മയുള്ള ജോർജും ജിൻസും ഒക്കെ ഇപ്പോഴും വർഷങ്ങളായി അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ട്.

വിദേശത്ത് കറങ്ങുമ്പോള്‍ വിദേശികള്‍ തിരിച്ചറിഞ്ഞാല്‍ മമ്മുക്ക ഹാപ്പി. മലയാളി മൈന്‍ഡ് ചെയ്തില്ലേല്‍ പച്ചത്തെറി !

ഓരോ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുമ്പോൾ പത്ത് നാൾ ഗ്യാപ്പ് കൊടുക്കുന്ന മമ്മുട്ടി നാല് നാൾ ദുബായിലെത്തും. എയർപോർട്ട് മുതൽ അദ്ദേഹത്തിന്റെ മൂഡ് നല്ലതാണെങ്കിൽ ആ സിനിമ ഹിറ്റ് ആണെന്ന് ഉറപ്പിക്കാം. ഉദാഹരണമായി തൊമ്മനും മക്കളും രാജമാണിക്യം പോലുള്ള സിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞു വന്നപ്പോൾ തമാശ പൂരമായിരുന്നു. തസ്കരവീരനും ബസ് കണ്ടക്ടറിനുമൊന്നും ആ മൂഡ് ഉണ്ടായിരുന്നില്ല.

publive-image

മാളുകളിൽ ചുമ്മാ കറങ്ങണം, മലയാളികളേക്കാൾ മറ്റുള്ള രാജ്യക്കാർ തിരിച്ചറിഞ്ഞാൽ പിന്നെ അന്ന് കാര്യങ്ങൾ കുശാൽ.

ദുബായിൽ എത്ര വലിയ മാളുകൾ വന്നാലും സിറ്റിസെന്ററിനെ മറക്കാറില്ല. മലയാളികൾ കണ്ടിട്ട് തിരിച്ചറിയാത്തത് പോലെ നടന്നാൽ പിന്നെ പറയാത്ത തെറികളില്ല.

ൻഡോസ് ചിക്കനും ക്രീക്കിലെ സീഫുഡ് റെസ്റ്റോറന്റും ആണ് വീക്ക്നെസ്സ് എങ്കിലും ഭാര്യയുടെ സഹോദരി കൊടുത്തയക്കുന്ന ചോറും മീൻകറിയും പയറുപ്പേരിയും പത്തിരിയും ഒഴിവാക്കാറുമില്ല.

ഒന്നുകില്‍ പൊക്കി പറയണം, അല്ലെങ്കില്‍ കോമഡി പറയണം ?

ഹയാത്തിലെ സ്യുട്ട് മുറിയിൽ വെറുതെ ഇരിക്കുമ്പോൾ, ഒന്നും ആരും മിണ്ടാതെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ഹാലിളകും, ''വെറുതെ ഇരിക്കാതെ ആരെയെങ്കിലുമൊക്കെ കുറ്റം പറയെടാ, അല്ലെങ്കിൽ എന്നെ ചുമ്മാ പൊക്കിപ്പറയെടാ'' എന്ന് ചിരിച്ചുകൊണ്ട് പറയും.

അപ്പോൾ പിന്നെ സംഘം സിനിമ കാണാൻ ടെമ്പോ വിളിച്ചു തിയറ്ററിൽ പോയതും ഹരികൃഷ്ണന്റെ ക്യുവിൽ ശ്വാസം മുട്ടിയ കഥകളൊക്കെ കേട്ടാൽ പുള്ളിക്ക് എനർജി കയറും.

ഒരിക്കല്‍ വിസയടിക്കുവാൻ കൊടുത്തു പാസ്പോർട്ട് കിട്ടാതെ പാവം ഇരുന്നു കരയുന്നു. അന്ന് വ്യാഴാഴ്ചയായിരുന്നു. അന്ന് പസോപോർട്ട് കിട്ടിയില്ലെങ്കിൽ പിന്നെ ഞായറാഴ്ചയെ കിട്ടൂ. ക്രോണിക്ക് ബാച്ചിലറിൽ രംഭയുമായുള്ള അവസാന കോമ്പിനേഷൻ സീൻ ഷൂട്ടിങ് വെച്ചിരുന്നത് ശനിയും ഞായറും.

രംഭയാണെകിൽ തെലുങ്കിൽ തിരക്കോ തിരക്ക്. അന്ന് ഷൂട്ട് ചെയ്തില്ലെങ്കിൽ പടം പറഞ്ഞ ദിവസം റിലീസ് ചെയ്യുവാനാകില്ല. പക്ഷെ അന്ന് കൊടുങ്ങല്ലൂരുകാരൻ ഉദ്യോഗസ്ഥൻ പാസ്പോർട്ട് വിസയടിച്ചുകൊണ്ടുകൊടുത്തു.

മനസ് വലതാണ് രാഷ്ട്രീയം ഇടതും !

മമ്മുട്ടി ഒരു രാഷ്ട്രീയക്കാരനല്ല. പക്ഷെ കരുക്കൾ നീക്കുവാൻ മിടുക്കനാണ്. അദ്ദേഹത്തിന്റെ പല കാര്യങ്ങളിലും ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരന്റെ ചേഷ്ടകളല്ല.

അന്ന് അവരൊക്കെ പിടിച്ചു ചാനലിന്റെ ചെയർമാൻ ആക്കിയില്ലായിരുന്നങ്കിൽ അദ്ദേഹം പല വിഷയങ്ങളിലും ഇടതുപക്ഷത്തെ എതിർക്കുമായിരുന്നു.

അതെല്ലാം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ''ഒന്നാം സ്ഥാനം നേടുവാൻ ഒന്നാം സ്ഥാനത്തെത്തിയവരെ കൂട്ടുപിടിക്കുക'' എന്ന തത്വം അവർ നടത്തിയത്.

അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും പലപ്പോഴും അദ്ദേഹത്തിന്റേതല്ല. ഇന്ന് നാം വായിക്കുന്ന പല സംഭവവികാസങ്ങളും ആസൂത്രിത കൊലകളും ഒന്നും മനസാ വാചാ കർമ്മണാ ഇഷ്ടപ്പെടുന്ന ഒരാളല്ല മമ്മുട്ടി എന്ന പാലമഠം മുഹമ്മദ് കുട്ടി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വരെ അദ്ദേഹത്തിന്റെ വോട്ട് ആ പാർട്ടിക്ക് പോകുവാൻ സാധ്യത വളരെ കുറവാണ്. കാരണം അദ്ദേഹത്തിന് എല്ലാം അറിയാം എല്ലാവരെയും അറിയാം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൈക്കമാണ്ടിൽ നിന്നും ശശിതരൂർ സ്ഥാനാർത്ഥിയായാൽ മമ്മുട്ടിയുടെ പേര് എതിർവശത്തെ ഉപദേശകർ

ചർച്ച ചെയ്യുന്നുണ്ട്.

ഇതിനു മുൻപ് രാജ്യസഭാ എംപിയായും ലോക്സഭയിലേക്കുമൊക്കെ വാഗ്ദാനങ്ങൾ ഉണ്ടായിട്ടും മമ്മുട്ടി എല്ലാം തിരസ്കരിച്ചു. പണ്ട് കൊക്കക്കോള വിഷയത്തിൽ വിഎസ് അച്യുതാനന്ദൻ പറഞ്ഞതുപോലെ '' മമ്മുട്ടിയെപോലുള്ള ഒരു ബുദ്ധിമാൻ ഇക്കളികൾക്ക് കൂട്ട് നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ''.

യുവാക്കളും ഫാൻസുകാരും  മാതൃകയാക്കേണ്ട വ്യക്തിത്വം

ലോകത്തെ ഏറ്റവും നല്ല ഭക്ഷണം കഴിക്കാം, ഏറ്റവും നല്ല സൗകര്യങ്ങൾ അനുഭവിക്കാം, ഏറ്റവും നല്ല എന്തും ചെയ്യാം. എല്ലാറ്റിനും ആഗ്രഹങ്ങൾ ഇല്ലാതില്ല. പക്ഷെ കുടുംബത്തെയും സമൂഹത്തെയും തന്റെ ആരാധകരെയും ബഹുമാനിക്കുന്നതുകൊണ്ട് എല്ലാറ്റിലും ഒരു സ്വയം നിയന്ത്രിത കടിഞ്ഞാൺ അദ്ദേഹം തന്നെ ഇട്ടിരിക്കുന്നു.

publive-image

ബീഡി വലിച്ചിരുന്നു, സിഗരറ്റ് വലിച്ചിരുന്നു, മൂക്കിൽ പൊടി ഉപയോഗിച്ചിരുന്നു. ഇന്നിപ്പോൾ ശരീരത്തിനായി പലതും ത്യജിച്ചുകൊണ്ട് സൗന്ദര്യത്തെ മലയാളികളുടെ രോമാഞ്ചമാക്കി മാറ്റുവാൻ ഇക്കഴിഞ്ഞ ദിവസത്തെ ഒരു സെൽഫിയിലൂടെ അദ്ദേഹത്തിന് സാധിച്ചു.

എല്ലാ നടന്മാരും ഫാന്‍സുകാരും ഒരേപോലെ ലൈക്ക് അടിച്ചുപോകുന്ന മഹാരഥൻ മലയാളിയുടെ സ്വകാര്യ അഹങ്കാരമായിത്തന്നെ നില കൊള്ളുന്നു.

ഒരിക്കൽ രഞ്‌ജിത്തിന്റെ ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചി എംജി റോട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിൽ നടക്കുന്നു.

മമ്മുക്കയെ കാണാൻ എത്തിയ ഞങ്ങളോട് കുറച്ചുനേരം ഫീൽഡിൽ നിന്നും മാറി നിൽക്കണമെന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത വർക്കീസിൽ പോയി നിന്നു. അവിടെ അപ്പോൾ മെഴ്സിഡസ് ബെൻസിൽ രണ്ടു സുന്ദരികൾ വന്നു.

ഷൂട്ടിങ് റോഡ്‌സൈഡിൽ ആയതുകൊണ്ട് എല്ലാവര്‍ക്കും മമ്മുട്ടിയെ കാണാമായിരുന്നു. ഈ സുന്ദരികൾ മമ്മുട്ടിയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ ഞങ്ങൾ എല്ലാം ഒളിച്ചുനിന്നു കേട്ടു.

അന്നാണ് ഈ മനുഷ്യന്റെ ഒരു ഖ്യാതി ഞങ്ങൾ മനസ്സിലാക്കിയത്. അവർ ആരാണെന്നോ എന്താണ് പറഞ്ഞതെന്നോ പിന്നീട് ഒരിക്കൽ എഴുതാം.

ഒരിക്കൽ നാട്ടിലെ കുറച്ചുനല്ല സ്നേഹിതന്മാർ അടക്കം പറച്ചിൽ തുടങ്ങി. മമ്മുട്ടിയെ പറ്റി പറയുന്നതൊക്കെ തള്ളാണെന്നും അങ്ങനെയൊന്നും മമ്മുട്ടി അടുത്തിഴപഴകുകയില്ല എന്നൊക്കെ.

എല്ലാറ്റിനെയും പിടിച്ചു ഒരു ട്രാക്സിൽ കയറ്റി കൊച്ചിക്ക് പോകാമെന്നു പറഞ്ഞു. എവിടേക്കാണെന്ന് പറഞ്ഞില്ല. കടവന്ത്രയിലെ വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു ''ദേ ടാ മമ്മുട്ടി'' എന്ന്.

പുറമേ ഗൌരവം, അകമേ ശാന്തന്‍ 

അകത്തേക്ക് കയറിയപ്പോൾ തന്നെ നടയടി കിട്ടിയെങ്കിലും ഉച്ചക്ക് ഊണ് കഴിച്ചിട്ടേ ആ മനുഷ്യൻ ഞങ്ങളെ പറഞ്ഞയച്ചുളളൂ !!!

ദുബായ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ജെബലലിയിലെ റീബോക്ക് കമ്പനിയായിരുന്നു ലൊക്കേഷൻ. നൂറുകണക്കിന് മലയാളികൾ മമ്മുക്കയെ കാണുവാൻ എത്തിയെങ്കിലും അവിടെ സെക്യൂരിറ്റി സമ്മതിച്ചില്ല.

ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് സമയം കണ്ടെത്തി അദ്ദേഹം വെളിയിൽ ഇറങ്ങി എല്ലാവര്ക്കും ഫോട്ടോ എടുക്കുവാൻ അവസരമുണ്ടാക്കി കൊടുത്തു. എന്നാലും ഗൗരവം വിട്ടുകൊടുത്തില്ല.

അന്നാളുകളിൽ മമ്മുക്ക ദുബായിൽ എത്തുമ്പോഴൊക്കെ ഞങ്ങൾ നിസാൻ സണ്ണിയും കൊറോളയുമൊക്കെ ആയിരുന്നു എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ കൊണ്ടുപോയിരുന്നത്.

അന്നേരം റാസ് അൽ ഖൈമയിൽ ബിസിനസുകാരനായിരുന്ന മൂസക്കുട്ടി എയർപോർട്ടിൽ വെച്ച്  മമ്മുക്കയെ പിക്ക് ചെയ്യുന്നത്  കാണുവാനിടയായി. പിന്നീട് മൂസക്കുട്ടി കൊടുത്തയക്കുന്ന ആഡംബര കാറുകളിൽ ആണ് മമ്മുക്കയെ ഞങ്ങൾ പിക്ക് ചെയ്യാറുള്ളത്. അക്കാര്യം മമ്മുട്ടി അറിയണ്ട എന്നും ആ മനുഷ്യൻ ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ആ മനുഷ്യൻ ലോകത്തോട് വിട പറഞ്ഞു .

ചില അല്ലറ ചില്ലറ തെറ്റിദ്ധാരണകളുടെയും ചില ദുഷ്ട ശക്തികളുടെ കടന്നുകയറ്റത്തിനും ഇടയിൽ പെട്ടതിനാൽ ഞങ്ങൾ തമ്മിൽ ചില സൗന്ദര്യപ്പിണക്കം നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെയൊക്കെ കാരണങ്ങളും ഉത്ഭവവുമൊക്കെ ഞങ്ങൾ മനസിലാക്കിയതിനാലും

അദ്ദേഹത്തിന് എന്നെങ്കിലും ഒരിക്കൽ ഞങ്ങളെ  മനസ്സിലാകും എന്ന വിശ്വാസവും ഇതോടൊപ്പം ചേർക്കുന്നു.

ആ മഹാമനസ്കനോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു, തെറ്റ് ഞങ്ങളുടേത് ആണെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു !!!

അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് ദുബായിലെ ദാസനും

എന്നെങ്കിലും കണ്ടു നേരിട്ട് പറഞ്ഞുതീർക്കാം എല്ലാം എന്ന വിശ്വാസത്തിൽ ദുബായിലെ വിജയനും

dasanum vijayanum mammootty
Advertisment