Advertisment

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മാണി സി കാപ്പന്‍റെ നിലപാട് ! പാലായില്‍ കാപ്പന്‍ എന്ത് ചെയ്യുന്നുവെന്നറിയാന്‍ നിരീക്ഷകരെ ഏര്‍പ്പെടുത്തി ഇടതുപക്ഷം ! കാപ്പന്‍ തുണയാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും !

New Update

publive-image

Advertisment

കോട്ടയം: തദ്ദേശ തെര‍ഞ്ഞെടുപ്പിന്‍റെ കേളികൊട്ടുകള്‍ ഉയരുന്നതിനിടയില്‍ കോട്ടയത്തെ രാഷ്ട്രീയം ജാഗ്രതയോടെ വീക്ഷിക്കുന്ന ഒരാളുണ്ട് പാലായില്‍ - സാക്ഷാല്‍ മാണി സി കാപ്പന്‍ !

ഇത്തവണ കാപ്പന്‍ എന്ത് നിലപാടുകള്‍ സ്വീകരിക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു…, എങ്ങനെ അടിയൊഴുക്കുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു… എന്നൊക്കെ വീക്ഷിക്കുകയാണ് ഇടതു - വലതു മുന്നണികള്‍.

കാപ്പന്‍ ഇടതുപക്ഷമാണ് - എന്നാണ് പറയുന്നത്. ഇടയ്ക്ക് രമേശ് ചെന്നിത്തലയുമായും അതിനുശേഷം മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് കാപ്പനെ വിവാദത്തിലാക്കിയത്.

ഇടതു പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കി വിജയിപ്പിച്ച കാപ്പന്‍ എന്നാല്‍ ഇത്തവണ അതേ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികളാകുന്ന തെരഞ്ഞെടുപ്പില്‍ അത്രകണ്ട് വിയര്‍പ്പൊഴുക്കുന്നില്ലെന്ന പരാതിയാണ് ഇടതുപക്ഷത്തിന്.

കഴിഞ്ഞ ദിവസം ഇടതു മുന്നണിയുടെ ഇലക്ഷന്‍ പ്രചരണ ഓഫീസ് ഉത്ഘാടനം ചെയ്യാനെത്തിയതാണ് തെര‍ഞ്ഞെടുപ്പ് രംഗത്തു കണ്ട കാപ്പന്‍റെ പ്രധാന സാന്നിധ്യം.

അതേസമയം സഹോദരന്‍ നേതൃത്വം നല്‍കുന്ന ബാങ്കിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിവില്ലാത്തവിധം യുഡിഎഫിന്‍റെ വിജയത്തിനായി അരയും തലയും മുറുക്കി രംഗത്തുണ്ടെന്നതാണ് ഇടതുപക്ഷ നേതാക്കളുടെ സംശയത്തിനു കാരണം.

മാത്രമല്ല സ്വകാര്യ സന്ദര്‍ശനങ്ങള്‍  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കേണ്ടിവന്നേക്കാം  എന്ന് കാപ്പന്‍ പലരോടും പറയുന്നതായി ഇടതുപക്ഷനേതാക്കള്‍ക്ക് പരാതിയുണ്ട്.

എന്നാല്‍ അതിലൊന്നും കാര്യമില്ലെന്നും താന്‍ ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നും മാണി സി കാപ്പന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് - എം ഇ‍ടതുമുന്നണിയുടെ ഭാഗമായപ്പോള്‍ കാപ്പന്‍റെ സിറ്റിംങ്ങ് സീറ്റായ പാലാ വിട്ടുകൊടുക്കേണ്ടിവരുമെന്നതാണ് കാപ്പന്‍റെ പരിഭവത്തിനു കാരണം.

അതേസമയം കുട്ടനാട്ടിലോ മറ്റേതെങ്കിലും ജയസാധ്യതയുള്ള മണ്ഡലത്തിലോ കാപ്പനെ പരിഗണിക്കാമെന്ന് സിപിഎം നേതൃത്വം ഉറപ്പുകൊടുത്തിട്ടുണ്ട്. പക്ഷേ പാലാ വിട്ടുകൊടുക്കില്ലെന്ന കര്‍ശന നിലപാടാണ് കാപ്പന്‍ സ്വീകരിച്ചത്. അക്കാര്യത്തിലുള്ള ബുദ്ധിമുട്ടും കാപ്പന്‍ മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാപ്പന്‍ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ച് ഇടതുപക്ഷത്ത് വിവാദങ്ങള്‍ ഉയരുന്നത്. മുന്നണിക്കെതിരെ മത്സരിക്കുന്ന ചില സ്ഥാനാര്‍ഥികള്‍ക്ക് മാണി സി കാപ്പനുമായി അടുപ്പം അവകാശപ്പെടുന്നുണ്ട്.

മീനച്ചില്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ റിബലായി മത്സരിക്കുന്ന നേതാവ് ഉള്‍പ്പെടെ ഈ അവകാശവാദം ഉന്നയിക്കുന്നത് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. പാലാ നഗരസഭയിലും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ എംഎല്‍എയുടെ ആത്മാര്‍ഥ സഹകരണം ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

ചില അടിയൊഴുക്കുകളുടെ കാര്യവും പാലായില്‍ സംസാരമാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ കാപ്പന്‍ പ്രചരണരംഗത്ത് സജീവമാകുമെന്നാണ് കാപ്പനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. മാണി സി കാപ്പന്‍റെ നിലപാടുകള്‍ സംബന്ധിച്ച് സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നും കാപ്പന്‍റെ കേന്ദ്രങ്ങള്‍ അടിവരയിട്ട് വ്യക്തമാക്കുന്നു.

 

kottayam news
Advertisment