Advertisment

പരീക്കറുടെ അഭാവത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധിയില്‍; മറ്റൊരാളെ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി എംജിപി; നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

New Update

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണസഖ്യത്തിലെ എംജിപി പാര്‍ട്ടിയും പ്രതിപക്ഷവും രംഗത്തെത്തി. ഇതോടെ ഒരു പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. പരീക്കറുടെ ജനകീയതയും എല്ലാവരേയും യോജിപ്പിച്ചുകൊണ്ടു പോകാനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ് ഗോവയില്‍ ബിജെപി സര്‍ക്കാരിന്റെ നട്ടെല്ല്. വിദേശത്ത് ചികിത്സ കഴിഞ്ഞ തിരിച്ചെത്തിയ പരീക്കറെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപി ഭരണം പിടിക്കുകയായിരുന്നു. മൂന്ന് എംഎല്‍എമാര്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെയും മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയിലാണ് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത്. പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചാണ് പരീക്കര്‍ മുഖ്യമന്ത്രിയായത്.

കഴിഞ്ഞ എട്ട് മാസമായി പരീക്കറുടെ അഭാവത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധികളിലാണെന്നും മറ്റൊരാളെ മുഖ്യമന്ത്രി ചുമതല ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവ് ദീപക് ധവാലികര്‍ പറയുന്നു. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ ഭരണച്ചുമതല ഏല്‍പ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പരീക്കര്‍ മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ പകരം ചുമതല മുതിര്‍ന്ന അംഗത്തിന് നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ തന്റെ സഹോദരനും ഗോവയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സുദിന്‍ ധവാലികറെ മുഖ്യമന്ത്രിയുടെ ചുമതലയിലേക്കെത്തിക്കാനുള്ള നീക്കമാണ് ദീപക് ധവാലികര്‍ നടത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രിസഭയിലെ സീനിയോറിറ്റി നോക്കി തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു പ്രതികരണം. നിലവില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം സുദിന്‍ ധവാലികര്‍ ആണ്.

അതേസമയം,സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും നിയമസഭ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisment