Advertisment

യെദ്യൂരപ്പയ്ക്ക് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ കത്ത് വിവാദത്തില്‍; ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

New Update

പനജി: കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയ്ക്ക് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതിയ കത്ത് വിവാദത്തില്‍. ഗോവയിലെ കര്‍ഷകര്‍ക്കിടയില്‍ ‘അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന’ കത്താണിതെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് അതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Advertisment

മഹായദി നദിയിലെ വെള്ളം കര്‍ണാടകയുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കു പങ്കുവയ്ക്കുന്നതില്‍ ഗോവ തയാറാണെന്നായിരുന്നു പരീക്കറുടെ കത്തിന്റെ ഉള്ളടക്കം.മഹായദി നദിയില്‍ നിന്നുള്ള വെള്ളത്തെ ചൊല്ലി ഗോവ – കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. ഇതു പരിഹരിക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണലിനെ വരെ വച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു പരീക്കറുടെ കത്ത് പുറത്തുവന്നത്. ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയിരിക്കുന്ന കര്‍ണാടകത്തിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയക്കളികളുടെ ഭാഗമായാണു ഗോവ മുഖ്യമന്ത്രിയുടെ നീക്കമെന്നാണു കര്‍ണാടക – ഗോവ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

publive-image

വിഷയത്തില്‍ ഇപ്പോള്‍ പരീക്കര്‍ യെദ്യൂരപ്പയ്ക്കു കത്തെഴുതേണ്ട യാതൊരു കാര്യവുമില്ലായിരുന്നുവെന്നു ഗോവയിലെ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലെക്കര്‍ പറഞ്ഞു. വിഷയത്തില്‍ ചൊവ്വാഴ്ച പനജിയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്നിരുന്നു. കത്ത് അനാവശ്യമാണെന്നു യോഗം വിലയിരുത്തി. കര്‍ണാടകയിലെ കര്‍ഷകര്‍ക്കിടയിലും കത്ത് അസ്വസ്ഥതയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കത്തിനെതിരെ ഗോവയിലും വിവാദം പുകയുകയാണ്. ‘അമി ഗോംകര്‍’ എന്ന പേരില്‍ 21 സന്നദ്ധസംഘടനകള്‍ പരീക്കറുടെ കത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ ഗോവയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും മുഴുവന്‍ എംഎല്‍എമാരും നിലപാടു വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പരീക്കര്‍ ഇക്കാര്യം തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ചിരിക്കുന്ന ട്രൈബ്യൂണലിനെ എഴുതി അറിയിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ താന്‍ എഴുതിയ കത്തുകള്‍ക്കു പരീക്കര്‍ മറുപടി നല്‍കിയിട്ടില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

എന്നാല്‍, മഹായദി നദിയില്‍നിന്നുള്ള വെള്ളത്തിന്റെ പ്രശ്‌നം ശക്തമായി ഉയര്‍ത്താനാണു കര്‍ണാടക ബിജെപി ഘടകം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ മേഖലകളിലെ ജനങ്ങള്‍ക്കു കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പുറത്തുകൊണ്ടുവരുന്നതിനു തക്കതായ വിഷയങ്ങള്‍ എടുത്തു പ്രചാരണം നടത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടതായാണു വിവരം. ഇക്കൂട്ടത്തില്‍ വെള്ളം വിട്ടുതരാനുള്ള പരീക്കറുടെ താല്‍പ്പര്യവും വലിയരീതിയില്‍ പ്രചാരണായുധം ആക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

pariker
Advertisment