Advertisment

ഭിന്നശേഷിക്കാര്‍ക്കായി ആദ്യത്തെ സമൂഹ വിവാഹം : അവർ കരം പിടിച്ചു, ഇനി പുതു ജീവിതം !!

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : ഇനി തളരില്ല; ജീവിതത്തിൽ താങ്ങായി , തണലായി ആ കരം പിടിക്കാൻ കൂട്ടുണ്ടാകും ......

കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറിലായ റാന്നി നിരമണ്‍ നടുത്തേപ്പറമ്പില്‍ രതീഷിന് ഇനി കൂട്ട് ഇതേ രീതിയില്‍ തളര്‍ച്ച സംഭവിച്ച് വീല്‍ചെയറില്‍ കഴിയുന്ന പയസ്മൗണ്ട് പുളിക്കക്കുഴിയില്‍ രേഖാ രാജന്‍.

publive-image

ഇവരുടെ മിന്നുകെട്ടിനൊപ്പം ഭിന്നശേഷിക്കാരായ മൂന്ന് യുവതീയുവാക്കള്‍ക്ക് കൂടി മേലുകാവ് എച്ച്.ആര്‍.ഡി.റ്റി. സെന്ററില്‍ കതിര്‍മണ്ഡപമൊരുങ്ങി. സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാര്‍ക്കായുള്ള സമൂഹവിവാഹം.!

ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് ഇവര്‍ ജീവിതത്തില്‍ ഒന്നായപ്പോള്‍ ആശംസകള്‍ നേരാന്‍ വിശിഷ്ട വ്യക്തികളുടെ വലിയൊരു നിരതന്നെ എത്തി.

ഭിന്നശേഷിക്കാരുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന 'ദയ വികലാംഗ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി'യുടെ ആഭിമുഖ്യത്തിലാണ് ഭിന്നശേഷിക്കാരെ മാത്രം ഒരുമിപ്പിച്ചുകൊണ്ടുള്ള ഈ അത്യപൂര്‍വ്വ സമൂഹവിവാഹം സംഘടിപ്പിച്ചത്.

18 വര്‍ഷം മുമ്പ് അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് വീല്‍ചെയറിലായ ദയ സൊസൈറ്റി ചെയര്‍മാന്‍ പി.എം. ജയകൃഷ്ണനാണ് ഭിന്നശേഷിക്കാര്‍ തമ്മിലുള്ള സമൂഹ വിവാഹത്തിന്റെ ചുക്കാന്‍ പിടിച്ചത്.

സ്വന്തം വേദനയും വൈകല്യവും മറന്ന് , വയ്യാത്ത സഹജീവികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ജയകൃഷ്ണന് ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളെല്ലാം ഉപഹാരം നല്‍കി ആദരിച്ചു.

publive-image

 

മൂന്നിലവ് സ്വദേശി രാജേഷ് കുമാര്‍ കാഞ്ഞിരംകവല സ്വദേശി ബിജിമോളെയും തിരുവല്ല സ്വദേശി പ്രസാദ് പൊന്‍കുന്നം സ്വദേശിനി മായാ മാത്യുവിനെയും, റാന്നി സ്വദേശി പ്രമോദ് തൃശൂര്‍ സ്വദേശിനി ഖയറുന്നീസയെയും മിന്നു ചാര്‍ത്തിയപ്പോള്‍ ആശംസകള്‍ നേരാനെത്തിയവരെല്ലാം പുഷ്പവൃഷ്ടി നടത്തി.

വിവാഹത്തിന് ശേഷം നടന്ന സ്വീകരണ സമ്മേളനം മുന്‍ മന്ത്രി കെ.എം. മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യാതിഥിയായിരുന്നു.

ദയ ചെയര്‍മാന്‍ പി.എം. ജയകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ മാതാ അമൃതാനന്ദമയീമഠം അധിപതി ബ്രഹ്മചാരി അശോകന്‍, ഈസ്റ്റ് കേരള മഹായിടവക ആര്‍ച്ച് ബിഷപ്പ് കെ.ജി. ദാനിയേല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.

ഭിന്നശേഷിക്കാരായ മറ്റ് നൂറോളം പേര്‍ക്കുള്ള മെഡിക്കല്‍ ഉപകരണ വിതരണ ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും ഭക്ഷണക്കിറ്റ് വിതരണ ഉദ്ഘാടനം ജോയി എബ്രാഹം എം.പിയും നിര്‍വ്വഹിച്ചു.

നവദമ്പതികളെ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് കുമാരി ഷീബാ മോള്‍ ജോസഫ് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ പെണ്ണമ്മ തോമസ് , മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് റ്റി. ജോസഫ്, ബിബിജി ബൈജു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സണ്ണി മാത്യു, മാസ്റ്റര്‍ ലിബിന്‍, അനുരാഗ് പാണ്ടിക്കാട്ട്, സൗമ്യ ബിജു, ജിനു ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഭിന്നശേഷിക്കാരുടെ സഹായത്തിനായി പി.എം. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദയ സൊസൈറ്റിയുടെ പ്രഥമ വാര്‍ഷിക സമ്മേളന ഭാഗമായാണ് ഭിന്നശേഷിക്കാരുടെ സമൂഹവിവാഹം സംഘടിപ്പിച്ചത്.

keralam latest kottayam news
Advertisment