Advertisment

കൊച്ചിയിലെ പാതയോരങ്ങളില്‍ ജമന്തി ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ 'ഒളിച്ചു' വളരുന്നു; എക്സൈസിനെ പോലും ഞെട്ടിച്ച കൃഷിരീതി

New Update

കൊച്ചി: കൊച്ചിയിൽ എക്സൈസിനെ ഞെട്ടിക്കുന്ന കഞ്ചാവ് കൃഷിരീതി  അരങ്ങേറുന്നു. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം ഒന്നാം തീയതി മുതൽ ഇങ്ങോട്ട് ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളിൽ പാതയോരങ്ങളിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസ് പറഞ്ഞു.

Advertisment

publive-image

സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ വിളിച്ചു പറഞ്ഞാണു കഴിഞ്ഞ ദിവസം ഉദയം പേരൂർ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാർത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികിൽ വളർന്നു നിൽക്കുന്ന രണ്ട് ചെടികൾ കണ്ടെത്തിയത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ചെടികളാണ് ഇവിടെ കണ്ടത്.

സമീപത്ത് ജമന്തി ഉൾപ്പടെയുള്ള ചെടികൾ നിൽക്കുന്നതിനാൽ സാധാരണക്കാർക്ക് അത്ര വേഗം മനസിലാക്കാൻ സാധിക്കുമായിരുന്നില്ല. അതിനു മുൻപ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്.

നേരത്തേ തിരുവാങ്കുളം പ്രദേശത്ത് റോഡരികിൽ നിന്ന് ഏഴു ചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു.. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂർ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണു മനസിലാകുന്നത്. പതിവായി കഞ്ചാവ് എത്തിക്കുന്നവരിൽ നിന്നാകണം വിത്ത് ശേഖരിച്ചിട്ടുണ്ടാകുക.

നട്ടാൽ ആറു മുതൽ എട്ടു മാസംകൊണ്ട് പൂർണവളർച്ചയെത്തി പൂവിടുന്ന ചെടിയാണ് കഞ്ചാവിന്റേത്. ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശമാണ് സംഘം ചെടി നടാൻ തിരഞ്ഞെടുത്തിരുന്നത്. ചെടി വളർന്നു കഴിഞ്ഞാൽ വെട്ടിയെടുത്ത് ഉണക്കി ഉപയോഗിക്കാൻ ആയിരുന്നിരിക്കണം ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ശ്രമം. ഒറ്റനോട്ടത്തിൽ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും പരിചയമുള്ളവർക്ക് കഞ്ചാവ് തിരിച്ചറിയാൻ കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ല.

ആദ്യഘട്ടത്തിൽ ചെടികൾ കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രതികളായി ആരെയും തിരിച്ചറിയാൻ സാധിച്ചില്ലെങ്കിലും അന്വേഷണം വ്യാപകമാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഉദയംപേരൂരിൽ കഞ്ചാവ് ഉപയോഗിക്കുന്നവർ പിടിയിലായിട്ടുണ്ടെങ്കിലും കൃഷി ചെയ്യുന്നവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഇവിടെ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഇൻസ്പെക്ടർ പറഞ്ഞു.

marijuna plant
Advertisment