Advertisment

'തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാന്‍ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്; അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു; ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്, അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് കറിയോടൊപ്പം വെച്ചു, അപ്പോള്‍ ഒരു സമാധാനം! മേരി പറയുന്നു

New Update

കൊച്ചി :  ചെല്ലാനത്ത് കടല്‍ കെടുതിയിലായവര്‍ക്കായി പൊതിച്ചോറില്‍ നൂറു രൂപവച്ച കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യന് കണ്ണമാലി പൊലീസുകാര്‍ ഉപഹാരം നല്‍കി. 'തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാന്‍ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്.' മേരി പറയുന്നു.

Advertisment

publive-image

'അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു. ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോള്‍ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാന്‍. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കില്‍ നനവ് പടര്‍ന്നാലോ?' മേരി പറഞ്ഞു.

ചോറുപൊതി കൊടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ രത്തനാണ് പറഞ്ഞത്. ''പിന്നെയൊന്നും നോക്കീല്ല, ചോറു മാത്രം പോരെന്ന് എനിക്കു തോന്നി. ഒന്നുമില്ലാത്തവര്‍ക്കാണ് ചോറുകൊടുക്കേണ്ടത്. അവര്‍ക്ക് ഒരു ചായ കുടിക്കണ്ടേ. അതുകൊണ്ട് നൂറുരൂപ പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ് കറിയോടൊപ്പം െവച്ചു. അപ്പോള്‍ ഒരു സമാധാനം.ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു.'' സിഐ സാറ് വന്നു സമ്മാനം നല്‍കി. സംഗതി വാര്‍ത്തയായതോടെ പള്ളികളില്‍ നിന്ന് ഒരുപാട് അച്ചന്‍മാര്‍ വിളിച്ചു. മേരി പറഞ്ഞു.

കുമ്പളങ്ങിയില്‍ കാറ്ററിങ് സ്ഥാപനത്തിലായിരുന്നു മേരിക്ക് ജോലി. ഭര്‍ത്താവ് സെബാസ്റ്റ്യന് വഞ്ചിനിര്‍മാണം. ലോക്ഡൗണ്‍ തുടങ്ങിയശേഷം രണ്ടുപേര്‍ക്കും പണിയില്ല. കഴിഞ്ഞയാഴ്ച തൊഴിലുറപ്പില്‍ മേരിക്ക് ഏതാനും ദിവസം മാത്രം പണികിട്ടി. അതില്‍നിന്നു കിട്ടിയ പണത്തില്‍ 200 രൂപ അവര്‍ മാറ്റിവെച്ചു. ആ പണത്തില്‍ നിന്നാണ് മേരി 100 രൂപ പൊതിച്ചോറില്‍ വെച്ചത്. പത്രത്തില്‍ വാര്‍ത്തവന്നതോടെ, മേരിയുടെ മകന്‍ സെബിന്‍ അമ്മയുടെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റുചെയ്യുകയായിരുന്നു.

ചെല്ലാനത്ത് കടല്‍ കയറി ദുരിതത്തിലായവര്‍ക്ക് വിതരണം ചെയ്യാന്‍ നാട്ടുകാരില്‍ നിന്ന് ശേഖരിച്ച ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പൊലീസുകാരില്‍ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും.

വീട്ടമ്മയുടെ ചെയ്തിയില്‍ സന്തോഷം തോന്നി അദ്ദേഹം ഇക്കാര്യം ഫെയ്‌സ്ബുക്കിലിട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 'ഒരു പഴം കൊടുത്താല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസിനു മുന്നില്‍ നമിക്കുന്നു' എന്നായിരുന്നു പോസ്റ്റ്.

heavy rain kerala flood
Advertisment