44 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് മാത്യു ഈപ്പൻ നാട്ടിലേക്ക്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, September 24, 2020

കുവൈറ്റ്‌ സിറ്റി : 44 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ്, മലയാള മനോരമ ദിനപത്രം ഏജന്റും, വൈ. എം. സി. എ. കുവൈറ്റിന്റെ പ്രസിഡന്റുമായ മാത്യു ഈപ്പൻ നാട്ടിലേക്ക് യാത്രയാവുന്നു.1976 ൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ആണ് സണ്ണി എന്ന് വിളിപ്പേരുള്ള ഇരവിപേരൂർ മറ്റത്ത് ഭവനിൽ മാത്യു ഈപ്പൻ കുവൈറ്റിൽ എത്തിയത്.

1976 മുതൽ 2017 വരെ കുവൈറ്റ്‌ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (കെ. പി. റ്റി. സി.)യിൽ ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക ജോലി തിരക്കുകൾക്കിടയിലും കുവൈറ്റിന്റെ സാമൂഹ്യ, ആത്മീയരംഗങ്ങളിൽ നിറഞ്ഞ് നിന്നു. 2015 ലാണ് തന്റെ മാതൃ സഹോദരൻ എം. കെ. പോത്തനിൽ നിന്നും മലയാള മനോരമയുടെ ഏജൻസി ഏറ്റെടുത്തത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കുവൈറ്റിലെ പത്രവിതരണ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.

വൈ. എം. സി. എ. കുവൈറ്റ് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, കുവൈറ്റ്‌ ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ. റ്റി.എം. സി. സി.) അംഗം, കുവൈറ്റ്‌ എപ്പിസ്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കുവൈറ്റ്‌ സെന്റർ മാർത്തോമ്മാ ജോയിന്റ് ഫെല്ലോഷിപ്പ് വൈസ് പ്രസിഡന്റ്‌, കുവൈറ്റ്‌ സെന്റർ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്റ്‌, ട്രഷറർ തുടങ്ങി വിവിധ പദവികൾ മാത്യു ഈപ്പൻ വഹിച്ചു.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വിവിധ ഭദ്രാസന അസംബ്ലികളിൽ അംഗമായിരുന്ന അദ്ദേഹം ഇരുപത്തിയഞ്ചാം വയസിൽ കുവൈറ്റ്‌ മാർത്തോമ്മാ ഇടവകയുടെ ഫിനാൻസ് ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ്‌ മാർത്തോമ്മാ ഇടവക അക്കൗണ്ടന്റ് ട്രസ്റ്റി, ഓഡിറ്റർ, കൈസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിലും തിളങ്ങിയ അദ്ദേഹം കുവൈറ്റ്‌ സെന്റ് തോമസ്, സെന്റ് പീറ്റേഴ്സ്, സെന്റ് ജോൺസ്, സെന്റ് ജെയിംസ് ഇടവകകളുടെ രൂപീകരണത്തിലും പങ്ക് വഹിച്ചു. ഇടവകകളുടെ വിഭജനത്തെതുടർന്ന് കുവൈറ്റ്‌ സെന്റ് ജെയിംസ് ഇടവകയുടെ വൈസ് പ്രസിഡന്റായും, ഫിനാൻസ് ട്രസ്റ്റിയായും പ്രവർത്തിച്ചു.

സഹധർമ്മണി ആലീസ് മാത്യു സാൽമിയ അൽ റഷീദ് ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യനായിരുന്നു. നിധി, നീതു, നിത്യ എന്നീ 3 പെൺമക്കൾ കുടുംബമായി ദുബായിൽ ആയിരിക്കുന്നു. മാത്യു ഈപ്പനും, ആലീസ് മാത്യുവും സെപ്റ്റംബർ 26 ശനിയാഴ്ച നാട്ടിലേക്ക് പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.

×