Advertisment

പ്രശസ്ത മലയാള വാർത്ത അവതാരകനും സാംസ്കാരിക പ്രവർത്തകനുമായ മാവേലിക്കര രാമചന്ദ്രനെ കാണാതായിട്ട് എട്ടു വർഷം; രാമചന്ദ്രന്റെ തിരോധാനം കേന്ദ്ര ഏജൻസി ഏറ്റെടുക്കുന്നു? സുഹൃത്തുക്കൾക്ക് പറയാനുള്ളത്

New Update

മാവേലിക്കര : മാവേലിക്കര രാമചന്ദ്രനെ ഒരുപക്ഷെ, പുതുതലമുറയ്ക്ക്‌ പരിചയമുണ്ടാകില്ല. എന്നാൽ പത്തുമുപ്പത്തിയഞ്ചുകൊല്ലം ആകാശവാണിയിലെ ഡൽഹി നിലയത്തിൽനിന്ന്‌ ‘വാർത്തകൾ വായിക്കുന്നത്‌ മാവേലിക്കര രാമചന്ദ്രൻ’ എന്ന ശബ്ദംകേട്ട്‌ ശ്രദ്ധിച്ചിരുന്ന പഴയതലമുറയ്ക്ക്‌ സുപരിചിതമാണ്‌ ഈ നാമം...

Advertisment

publive-image

രാമചന്ദ്രൻ ആകാശവാണിയുടെ വാർത്താവായനക്കാരൻ മാത്രമായിരുന്നില്ല. ഒന്നാന്തരമൊരു ചലച്ചിത്രപ്രേമിയായിരുന്നു, സിനിമാനിരൂപകനായിരുന്നു, നടനുമായിരുന്നു. സാഹിത്യകാരനോ സാംസ്‌കാരിക പ്രവര്‍ത്തകനോ ഒന്നുമായിരുന്നില്ല.പക്ഷേ, സഹൃദയനായിരുന്നു.

മാവേലിക്കര രാമചന്ദ്രൻ അപ്രത്യക്ഷമായിട്ട് എട്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ വീണ്ടും രംഗത്ത്. മാവേലിക്കരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞദിവസമാണ് ഒരു പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 30 ദിവസത്തിനുള്ളിൽ ഉള്ളിൽ കേസ് അന്വേഷണ പുരോഗതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ കേരള പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വന്തം നാടായ മാവേലിക്കരയിലെ മരുമകന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. മാവേലിക്കര രാമചന്ദ്രന്റ പേരിൽ ഉണ്ടായിരുന്ന സ്ഥലവും കൂടി ഉൾപ്പെടുത്തി മരുമകൻ നിർമ്മിച്ച വീട്ടിലായിരുന്നു പിന്നീട് താമസിച്ചിരുന്നത്. മരുമകൻ ഒടുവിൽ അദ്ദേഹത്തെ പുറത്താക്കുകയാണ് ഉണ്ടായത്. സ്വന്തമായുണ്ടായിരുന്ന സ്ഥലവും കിടപ്പാടവും മാവേലിക്കരയിൽ നഷ്ടപ്പെട്ട രാമചന്ദ്രൻ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. തിരുവനന്തപുരത്ത് ട്രിവാൻഡ്രം ഹോട്ടലിലും പി ആർ എസ് കോർട്ടിലും, ഒടുവിൽ ശംഖുമുഖത്തും വാടകയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്.

തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഉള്ള മധു നായർ ന്യൂയോർക്കിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മാവേലിക്കര 2012 സെപ്റ്റംബർ 26 നാണ് കാണാതാവുന്നത്. മാവേലിക്കരക്കെതിരെ മധു നായർ ഇതിനുമുമ്പ് വലിയതുറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പറയുന്നു. മാവേലിക്കര ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന വ്യക്തിയാണെന്നും ഒരു ശല്യക്കാരനായ അദ്ദേഹത്തെ തൻറെ വീട്ടിൽ നിന്നും ഒഴിപ്പിച്ചു തരണം എന്നായിരുന്നു പരാതി.

വലിയതുറ പോലീസ് സ്റ്റേഷനിൽ പരാതി കിട്ടി അതിനു ശേഷമാണ് മാവേലിക്കര കാണാതാവുന്നത്. കഴുത്തിലെ ഞരമ്പുകൾക്ക് ബലക്ഷയം ഉണ്ടായതിനാൽ പിടലി ഒടിഞ്ഞ രീതിയിലായിരുന്നു മാവേലിക്കര അവസാനകാലം കഴിഞ്ഞിരുന്നത്. ശാരീരികമായി അതോടെ അവശനായ മാവേലിക്കരയ്ക്ക് ഒരു വടിയും മറ്റൊരാളുടെ സഹായമില്ലാതെ യാത്ര ചെയ്യാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തി. ഒരു ബാഗും തൂക്കി നടക്കാൻ ഉള്ള ശാരീരിക ബലം അദ്ദേഹത്തിന് നഷ്ടപ്പെട്ടു.

2012 സെപ്തംബർ 29ാം തിയതി ടാക്സി കാറിൽ മൂന്ന് വലിയ ബാഗും, മറ്റൊരു ചെറിയ ബാഗിൽ ചിപ്സും മറ്റുമായി ശംഖുമുഖത്തെ വാടക വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ വൈകീട്ട് അഞ്ച് മണിയോടെ എത്തി എന്നാണ് ഒരു സ്വകാര്യ ചാനലിൽ ഡ്രൈവർ വിജയൻ പറഞ്ഞത്. എന്നാൽ വിവരാവകാശ പ്രകാരം ലഭിച്ച കെട്ടിടത്തിന്റെ വാച്ചർ മുരളീധരൻ നായർ പോലീസിന് നൽകിയ മൊഴിയിൽ സെപ്തംബർ 26 ന് ചെറിയൊരു ബാഗുമായി ടാക്സിയിൽ ബോംബെയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി എന്നാണ്. കെട്ടിട ഉടമ മധു നായർ സ്വകാര്യ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞത് രാവിലെ രണ്ട് മൂന്ന് പെട്ടിയുമെടുത്ത് ഒന്നും പറയാതെ ടാക്സിയിൽ പോയി എന്നാണ്.

മധു നായരുടെയും , വീട്ടിലെ കാവൽക്കാരൻ മുരളീധരൻ നായർ , റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ടു എന്ന് പറയുന്ന ടാക്സി ഡ്രൈവർ വിജയന്റെയും മൊഴികളിൽ വൈരുധ്യം ഉള്ളത് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. തിയതികളിലും സമയത്തിലും വൈരുധ്യമുണ്ട്.

മാവേലിക്കര പച്ചടിക്കാവില്‍ പി.ജി.കേശവപിള്ളയുടെയും ഗൗരിയമ്മയുടെയും മകനായി സിംഗപ്പൂരിലാണ് രാമചന്ദ്രൻ ജനിച്ചത്‌.. ജനിച്ച് ഒരു മാസം തികയുംമുമ്പേ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം അച്ഛൻ കേശവപിള്ള സിംഗപ്പൂരിലെ വാസം മതിയാക്കി കുടുംബവീടായ മാവേലിക്കര പച്ചടിക്കാവിലേക്ക് മടങ്ങി വന്നു.ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയശേഷമാണ് രാമചന്ദ്രൻ ഡല്‍ഹി ആകാശവാണിയില്‍ ന്യൂസ് റീഡറാകുന്നത് .മലയാളികളെ വാര്‍ത്തകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശബ്ദത്തിന്റെ ഉടമയായി രാമചന്ദ്രന്‍ മാറി .

അദ്ദേഹത്തിന്റെ മയൂർവിഹാറിലെ ആകാശ്ഭാരതി അപ്പാർറ്റ്മെന്റ് ഡൽഹിയിലെത്തുന്ന എഴുത്തുകാർക്കും സിനിമാസംവിധായർക്കും രാഷ്ട്രീയക്കാർക്കുമൊക്കയായി തുറന്നുകിടന്നു. പ്രഗല്ഭരായ ഒട്ടേറെപ്പേരോട് ഒരുകാലത്ത് അടുത്ത വ്യക്തിബന്ധമുള്ള ആളായിരുന്നു അദ്ദേഹം.കേരളത്തില്‍നിന്നെത്തുന്ന ആരുടെയും ആതിഥേയനാകാന്‍ ഇഷ്ടപ്പെട്ടിരുന്നു മാവേലിക്കര. അവര്‍ എഴുത്തും വായനയുമായി ബന്ധമുള്ളവരാണെങ്കില്‍ കൂടുതല്‍ സന്തോഷം. അങ്ങനെയാണ് തകഴിയും മറ്റും പലപ്പോഴും അതിഥിയായത്. തകഴിയുടെ പ്രശസ്തമായ പിശുക്കും മാവേലിക്കരയുടെ നേരേവിപരീത സ്വഭാവവും ചേര്‍ന്നപ്പോള്‍ രണ്ടുപേര്‍ക്കും സന്തോഷമായി എന്നു തമാശയുണ്ടായിട്ടുണ്ട്.

സിനിമയായിരുന്നു രാമചന്ദ്രന്റെ മറ്റൊരു ദൗർബല്യം. കഥാപുരുഷൻ, മുഖാമുഖം, വിധേയൻ, എലിപ്പത്തായം, ഒരിടത്തൊരു ഫയൽവാൻ, എനിക്ക് വിശക്കുന്നു, ഇന്നലെ, കുട്ടിസ്രാങ്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹ്രസ്വമെങ്കിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്തു. മികച്ച മലയാളചിത്രങ്ങളെക്കുറിച്ച് രാമചന്ദ്രൻ ഇന്ത്യൻഎക്സ്‌പ്രസ്സിലും നാഷണൽ ഹെറാൾഡിലും കോളങ്ങൾ എഴുതിയിരുന്നു. കേന്ദ്ര ഫിലിം സെൻസർബോർഡ് അംഗമായും അദ്ദേഹം കുറച്ചുകാലം സേവനമനുഷ്ഠിച്ചു.കേരളസര്‍ക്കാര്‍ കള്‍ച്ചറല്‍ പബ്ലിക്അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍, ചലച്ചിത്രഅക്കാദമി അംഗം എന്നീനിലകളിലും സിനിമ, നാടകം എന്നിവയുടെ ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിനിമകളിൽ മാത്രമല്ല സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് .രാജ്യതലസ്ഥാനത്തു ജോലിചെയ്യുമ്പോഴും പെന്‍ഷന്‍കാരനായി തിരുവനന്തപുരത്ത് ജീവിക്കുമ്പോഴും സുഹൃത്തുക്കള്‍ക്കും അവരുടെസുഹൃത്തുക്കള്‍ക്കും സഹായിയായിരുന്നു. കലയും സാഹിത്യവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ എന്ന വലിയ സമ്പാദ്യം കരുത്തും ദൗര്‍ബല്യവുമായി കൊണ്ടുനടന്ന ഒരാള്‍.

മിക്കപ്പോഴും കറുത്തമുണ്ടും ഷര്‍ട്ടുമാണ് വേഷം. പക്ഷേ, വെളുത്ത മനസായിരുന്നു. സ്വന്തമായി ഒരുപാടു നഷ്ടങ്ങള്‍ സംഭവിച്ചപ്പോഴും അതൊന്നും വകവയ്ക്കാതെ സുഹൃത്തുക്കളുടെ സന്തോഷം ലാഭമായി കരുതി, അവിവാഹിതനായിരുന്ന രാമചന്ദ്രന്‍. പിൽക്കാലത്ത് ചികിത്സാപ്പിഴവുകൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിനു ബലക്ഷയമുണ്ടായി, ഒരു ചെവിക്ക് കേൾവിയും നഷ്ടപ്പെട്ടു.പിടലിക്ക് ബാധിച്ച രോഗം ശസ്ത്രക്രിയയിലൂടെ വഷളായപ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാതായി. തലഉയര്‍ത്തി അന്തസോടെ നടന്നകാലത്തുനിന്ന് പൊടുന്നനെ, കഴുത്തുതൂങ്ങിയനിലയിലായത് അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു..കുറച്ചുനാൾ മാവേലിക്കര കുടുംബവീട്ടിൽ അനന്തരവന്റെ കൂടെയായിരുന്നു താമസം.

2008-ൽ തിരുവനന്തപുരത്ത് താമസം തുടങ്ങി. 2012 സപ്തബർ 29-നു തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മുംബൈയിലേക്ക് വണ്ടികയറി.അവിടെവെച്ച് അദ്ദേഹം അന്നത്തെ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണനെ കണ്ടിരുന്നു.പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.എഴുപതു വയസായിരുന്നു അപ്പോള്‍ രാമചന്ദ്രന് പ്രായം .

മാവേലിക്കരരാമചന്ദ്രന്‍ എവിടെപ്പോയിയെന്ന് ഉല്‍കണ്ഠപ്പെടുന്ന സുഹൃത്തുക്കളുടെ നിരതന്നെയുണ്ട് ഡല്‍ഹിയിലും കേരളത്തിലും. മരണം പോലെയല്ല തിരോധാനം. എവിടെ, ഏത് അവസ്ഥയിലായിരിക്കും ഇപ്പോള്‍ തങ്ങള്‍ക്കുപ്രിയപ്പെട്ടയാള്‍ എന്ന ആധി. അത് വേദനയായും വിങ്ങലായും എന്നേക്കും നിലനില്‍ക്കും....

missing case mavelikkaa ramachandran
Advertisment