Advertisment

മലമ്പുഴയില്‍ വിഎസിന് പകരം ഇക്കുറി എംബി രാജേഷോ ? മലമ്പുഴയില്‍ മത്സരിക്കാനുള്ള രാജേഷിന്റെ നീക്കത്തിനിടെ സീറ്റ് ലക്ഷ്യമിട്ട് എന്‍എന്‍ കൃഷ്ണദാസും രംഗത്ത്. ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നു തീര്‍ത്തുപറഞ്ഞ് പാലക്കാട് ഡിസിസി. ജില്ലയിലെ നേതാക്കളായ പി ബാലഗോപാല്‍, പിവി രാജേഷ് എന്നിവര്‍ പരിഗണനയില്‍. ബിജെപിക്കായി സി കൃഷ്ണകുമാര്‍ വീണ്ടും എത്തും. മലമ്പുഴയില്‍ ഇത്തവണ വാളയാര്‍ കാറ്റ് ആരെ വീഴ്ത്തും ?

New Update

publive-image

Advertisment

പാലക്കാട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് ഉറപ്പായതോടെ മലമ്പുഴയില്‍ അദ്ദേഹത്തിന്റെ പകരക്കാരനാര് എന്ന ചോദ്യം സജീവമായി കഴിഞ്ഞു.

എല്ലാക്കാലത്തും സിപിഎമ്മിന്റെ ഉറച്ചകോട്ടയായ മലമ്പുഴയ്ക്കായി പാലക്കാട്ടെ രണ്ടു മുന്‍ ലോക്‌സഭാംഗങ്ങളാണ് മുന്‍പന്തിയിലുള്ളത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സംസ്ഥാനം കേന്ദ്രീകരിച്ചാണ് എം ബി രാജേഷ് പ്രവര്‍ത്തിക്കുന്നത്. ഇക്കുറി മലമ്പുഴയില്‍ രാജേഷ് മത്സരിക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ താല്‍പ്പര്യം. രാജേഷിന്റെ താല്‍പര്യവും മലമ്പുഴയോടാണ്.

മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസിനും മലമ്പുഴയില്‍ ഒരു കണ്ണുണ്ട്. പാലക്കാട് ജില്ലയിലെ തന്ന പ്രമുഖ വിഎസ് പക്ഷ നേതാവായിരുന്ന കൃഷ്ണദാസ് പക്ഷേ ഇപ്പോള്‍ കടുത്ത പിണറായി വിഭാഗക്കാരനായി കഴിഞ്ഞിട്ടുണ്ട്. വിഭാഗീയത പഴയതിന്റെ അത്ര തീവ്രമല്ലെങ്കിലും പാലക്കാട്ട് പൂര്‍ണമായും ഇല്ലാതായി എന്നു പറയാനാവില്ല.

എംബി രാജേഷും എന്‍എന്‍ കൃഷ്ണദാസും മണ്ഡലത്തില്‍ സജീവമാണ്. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ ഇക്കുറി പുറത്തുനിന്നും സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. മണ്ഡല രൂപീകരണം തൊട്ടു പല കാറ്റുകള്‍ മാറി വീശിയിട്ടും മലമ്പുഴ ഇടത്തോട്ടല്ലാതെ ചാഞ്ഞ ചരിത്രമില്ല.

2001ല്‍ വിഎസ് അച്യുതാനന്ദന്‍ ആദ്യമായി മലമ്പുഴ എത്തിയപ്പോള്‍ മാത്രമാണ് അന്നത്തെ യുവനേതാവ് സതീശന്‍ പാച്ചേനി വിഎസിനെ ഒന്നു വിറപ്പിച്ചത്. അന്നു 4703 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമായിരുന്നു വിഎസിന് ലഭിച്ചത്.

ഇക്കുറി കെപിസിസി സെക്രട്ടറി പി ബാലഗോപാല്‍, ഡിസിസി സെക്രട്ടറി പിവി രാജേഷ് എന്നിവരുടെ പേരിനാണ് മലമ്പുഴയില്‍ മുന്‍തൂക്കം.

ബിജെപി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ സി കൃഷ്ണകുമാറിനെ തന്നെയാകും മത്സരിപ്പിക്കുക. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിഎസ് ജോയിക്ക് മൂന്നാം സ്ഥാനത്തുമാത്രമെ എത്താനായുള്ളൂ.

മലമ്പുഴ സിപിഎമ്മിന്റെ കുത്തക മണ്ഡലമെന്നൊക്കെ പറയുമ്പോഴും ഇക്കുറി സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുക മണ്ഡലത്തിന്റെ ഭാഗമായ വാളയാറിലെ കുട്ടികളുടെ ആത്മഹത്യയും തുടര്‍ വിവാദങ്ങളുമൊക്കെയാകും.

കേസ് അട്ടിമറിച്ചതില്‍ സിപിഎം പ്രതിസ്ഥാനത്താണ് എന്നത് രാഷ്ട്രീയമായി മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്നുറപ്പാണ്. അതു വലിയ തിരിച്ചടിയുണ്ടാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലത്തിലും അതു പ്രതിഫലിക്കും.

malambuzha constituency
Advertisment