Advertisment

ഇത്തവണ മീനച്ചില്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെത്തിയാല്‍ കേരള രാഷ്ട്രീയത്തിലെ എല്ലാ അടികളികളും കുതന്ത്രങ്ങളും കാലുവാരലുകളുമൊക്കെ കാണാം. ചിഹ്നമുണ്ടായിട്ടും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നവരുടെ രാഷ്ട്രീയമാണ് ചര്‍ച്ചാ വിഷയം ! സിപിഎം ഉന്നതന്‍റെ വാര്‍ഡില്‍ റിബലുകള്‍ക്കും പഞ്ഞമില്ല ! 

New Update

publive-image

Advertisment

പാലാ: മീനച്ചില്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഇത്തവണത്തെ മത്സരത്തിനൊരു പ്രത്യേകതയുണ്ട്. കേരള രാഷ്ട്രീയത്തിലെ എല്ലാ അടികളികളുടെയും കുതന്ത്രങ്ങളുടെയും കാലുവാരലിന്‍റെയുമൊക്കെ ചെറിയ പതിപ്പാണ് ഇവിടെ അരങ്ങേറുന്നത്.

ശരിക്കും പിസി ജോര്‍ജിനെപ്പോലെ ഗ്രാമീണ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയത്തിലെ എല്ലാ തൊട്ടിത്തരങ്ങളുടെയും കേളീരംഗമാണ് ഇത്തവണ അഞ്ചാം വാര്‍‍ഡ്.

ഇവിടെ ഗോപകുമാര്‍ ഇല്ലിക്കത്തൊട്ടിയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രദേശത്ത് കോണ്‍ഗ്രസിന്‍റെ സീനിയര്‍ നേതാവാണ്. പക്ഷേ മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തിലാണ്.

ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ഥിയുണ്ട്. ബിനുമോന്‍ കെആര്‍ ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ബിഡിജെഎസിന്‍റെ പ്രമുഖ നേതാവാണെങ്കിലും അദ്ദേഹവും മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തിലാണ്.

അടുത്തത് സ്വതന്ത്രന്മാരാണ്. കഴിഞ്ഞ മീനച്ചില്‍ പഞ്ചായത്ത് ഭരണത്തിലും അതിനു മുമ്പത്തെ ഭരണത്തിലും ഇടതുപക്ഷത്ത് മാറിമാറി മെമ്പര്‍മാരായിരുന്നവരാണ് ഇകെ കുര്യാക്കോസും ഭാര്യ മേഴ്സിക്കുട്ടി കുര്യാക്കോസും.

കഴിഞ്ഞ ഭരണത്തില്‍ ഒരു വര്‍ഷം മുമ്പ് ഒപ്പമുള്ളവരോട് പടവെട്ടിയാണ് സിപിഎം ഇവിടെ മേഴ്സിക്കുട്ടി കുര്യാക്കോസിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയത്. ആ കസേരയില്‍നിന്നിറങ്ങുംമുമ്പ് പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് ഭര്‍ത്താവ് ഇകെ കുര്യാക്കോസ് ഇവിടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.

അതിനിടെ പഞ്ചായത്ത് പുറമ്പോക്കിലെ തേക്കുതടി വെട്ടി കടത്തിക്കൊണ്ടുപോകാന്‍  ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കുര്യാക്കോസ് പ്രതിയുമായി. അതാണ് ഒരു സ്വതന്ത്രന്‍.

മറ്റൊരു സ്വതന്ത്രന്‍ സിപിഎമ്മിന്‍റെ മുന്‍ ലോക്കല്‍ സെക്രട്ടറി സോമിച്ചന്‍ ജോര്‍ജാണ്. ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ഥി 40 വര്‍ഷമായി മീനച്ചില്‍ പഞ്ചായത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന സിപിഎം ഏരിയാ കമ്മറ്റി അംഗം ജോയി കുഴിപ്പാലയാണ്.

ജോയിക്കെതിരെയാണ് രണ്ട് സ്വതന്ത്രരും രംഗത്തുള്ളത്. അതിനിടയിലാണ് ചിഹ്നത്തില്‍ ഒളിച്ചുകളിച്ച് പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളും രംഗത്തുള്ളത്. ചിഹ്നമുണ്ടായിരുന്നിട്ടും അതില്ലാതെ സ്വതന്ത്ര രൂപത്തില്‍ മത്സരിക്കുന്നവരുടെ നിലപാടുകളില്‍ ജനത്തിന് സംശയം ഉള്ളതുപോലാണ് നാട്ടിലെ സംസാരം.

അതേസമയം വാര്‍ഡിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതു സ്ഥാനാര്‍ഥി ജോയി കുഴിപ്പാലയ്ക്ക് അനുകൂലമാണ്. വാര്‍‍ഡിലെ പ്രബലരായ രണ്ട് പാര്‍ട്ടികള്‍ കേരള കോണ്‍ഗ്രസും സിപിഎമ്മുമാണ്. അവരുടെ പിന്തുണ ജോയിക്ക് സുരക്ഷിതമായ നിലയൊരുക്കുന്നു.

പിന്നത്തെ പാര്‍ട്ടി ബിജെപിയാണ്. മുന്നണി എന്‍ഡിഎ ആണെങ്കിലും ബിഡിജെഎസിന്‍റെ പ്രതിനിധിയായ സ്ഥാനാര്‍ഥിക്ക് എത്രത്തോളം ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് കണ്ടറിയണം.

ഇടതുപക്ഷം ഇപ്പോള്‍തന്നെ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിക്കുന്നുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രമാണ് വാര്‍ഡില്‍ വോട്ടുള്ള ഘടകകക്ഷി.

ജോസഫ് ഗ്രൂപ്പിന്‍റെ പിന്തുണ ഉണ്ടെങ്കിലും അത് 'സാങ്കല്‍പിക'മാണ് ! കാരണം വോട്ടുചെയ്യാന്‍ വാര്‍ഡിനു പുറത്തുനിന്ന് ആളെ എത്തിക്കാനാകില്ലല്ലോ ?

ചുരുക്കത്തില്‍ ചതുര്‍കോണ മത്സരമാണ് അഞ്ചാം വാര്‍ഡില്‍ നടക്കുന്നത്. ജോയി കുഴിപ്പാലയുടെ പ്രചരണത്തിന് നേരിട്ട് ചുക്കാന്‍ പിടിക്കാന്‍ ജോസ് കെ മാണി എംപിയും കഴിഞ്ഞ ദിവസം വിളക്കുമാടത്തെത്തിയിരുന്നു !

pala news
Advertisment