Advertisment

മെസിയെക്കുറിച്ച് കരളലിയിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ അര്‍ജന്റീന പരിശീലകന്‍ ! അവന്‍ കൊച്ചുകുട്ടിയെപ്പോലെ സ്‌റ്റോര്‍ റൂമിലിരുന്ന് കരയുകയായിരുന്നു

New Update

Related image

Advertisment

ദേശീയ ടീമിനൊപ്പം ഒരു കിരീടം സ്വന്തമാക്കാനായിട്ടില്ലെന്ന പാപഭാരം വളരെക്കാലമായി പേറുന്ന ഒരു കളിക്കാരനാണ് ലയണല്‍ മെസി. മൂന്നു തവണ തന്റെ ലക്ഷ്യത്തിനു വളരെയടുത്ത് മെസി എത്തിയെങ്കിലും മൂന്നു പ്രാവശ്യവും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു താരത്തിനു വിധി. അതില്‍ തന്നെ 2016ലെ കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതാണ് മെസിക്ക് ഏറ്റവും വേദനയുണ്ടാക്കുന്ന തോല്‍വിയായി മാറിയതെന്നാണ് അര്‍ജന്റീനയുടെ മുന്‍ ഫിറ്റ്‌നസ് പരിശീലകന്‍ എല്‍വിയോ പോളറോസോ വെളിപ്പെടുത്തുന്നത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട കോപ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ മെസി അര്‍ജന്റീനക്കു വേണ്ടിയെടുത്ത ആദ്യത്തെ പെനാല്‍ട്ടി പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു.

മത്സരത്തില്‍ തോറ്റത് അത്യന്തം വേദനാജനകമായിരുന്നെങ്കിലും അതിലും വേദനിപ്പിച്ച കാഴ്ച അതിനു ശേഷമായിരുന്നുവെന്നാണ് പോളറോസോ പറയുന്നത്. രാത്രി രണ്ടു മണിക്ക് താന്‍ സ്റ്റോര്‍ റൂമിലെത്തിയപ്പോള്‍ മെസി അവിടെ ഒറ്റക്കിരുന്നു കരയുകയായിരുന്നു. സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒരു കൊച്ചു കുട്ടി കരയുന്നതു പോലെയാണു തനിക്കതു തോന്നിയത്. താരത്തെ സമാധാനിപ്പിക്കാന്‍ അടുത്തെങ്ങും ആരുമില്ലായിരുന്നു. ഞാന്‍ മെസിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും കുറേ നേരം താരത്തോടൊപ്പം അവിടെ ചിലവഴിക്കുകയും ചെയ്തു. പോളറെസോ പറയുന്നു. മെസിക്കൊപ്പം ബാഴ്‌സയിലും അര്‍ജന്റീനയിലും താന്‍ ചിലവഴിച്ചിട്ടുണ്ടെന്നും കളിക്കളത്തിലും പുറത്തും ഇത്രയും മികച്ച താരത്തെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചിലിക്കെതിരായ മത്സരത്തില്‍ തോറ്റതോടെ തുടര്‍ച്ചയായ മൂന്നാമത്തെ ഫൈനലിലാണ് അര്‍ജന്റീന അന്നു കീഴടങ്ങിയത്. അതിനു മുന്‍പ് 2014 ലോകകപ്പ് ഫൈനലിലും 2015 കോപ അമേരിക്കയിലും അര്‍ജന്റീന തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഇതു വരെയും ദേശീയ ടീമിനൊപ്പം ഒരു കിരീടമെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ മെസിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അര്‍ജന്റീന ടീമില്‍ നിന്നും മാറി നില്‍ക്കുന്ന താരം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനു മുന്‍പു തിരിച്ചെത്തി കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

Advertisment