follow us

1 USD = 64.195 INR » More

As On 27-07-2017 09:28 IST

എംഎല്‍എമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചു ; എംഎല്‍എമാരെ "തട്ടിക്കൊണ്ടു" പോയി തടവിലിട്ട ശശികലയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 15/02/2017

ചെന്നൈ : അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചു. എന്നാല്‍ റിസോര്‍ട്ടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. രാവിലൈ എംഎല്‍എമാര്‍ കഴിയുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് നാല്‍പ്പതിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനിടെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലേക്കു മടങ്ങുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചുവെന്ന് ആരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്. ശരവണനാണ് കൂവത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ശശികല, പകരക്കാരനും അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവുമായ എടപ്പാടി പളനിസാമി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.



ഇതേ തുടര്‍ന്ന് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു പരിശോധന. ഇതിനെതിരെ എംഎല്‍എമാര്‍ പ്രതിഷേധം നടത്തിയതോടെ പൊലീസ് പിന്‍വാങ്ങി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈകി പനീര്‍സെല്‍വം ക്യാംപിലെത്തിയ ശരവണന്‍, കാവല്‍ക്കാരുടെ കണ്ണുവെട്ടിച്ച് രാത്രി മതില്‍ ചാടിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് അവകാശപ്പെട്ടിരുന്നു. വേഷം മാറിയാണ് റിസോര്‍ട്ടിന് പുറത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വിശ്വാസ വോട്ടെടുപ്പു നടന്നാല്‍ പനീര്‍സെല്‍വം അനായാസം ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിലവില്‍ പനീര്‍സെല്‍വം ക്യാംപിലുള്ളവരും റിസോര്‍ട്ടില്‍ താമസിക്കുന്നവരും പനീര്‍സെല്‍വത്തിന് വോട്ടുചെയ്യുമെന്നായിരുന്നു ശരവണന്റെ നിലപാട്.

ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതോടെ ശശികല ബംഗളൂരൂവിലേക്ക് തിരിച്ചിട്ടുണ്ട്. ജയ സ്മാരകത്തിലെത്തി പ്രാര്‍ഥനകള്‍ നടത്തിയശേഷമാണ് ശശികല റോഡു മാര്‍ഗം ബെംഗളൂരൂവിലേക്ക് തിരിച്ചത്. ശശികല പക്ഷത്തെ മുതിര്‍ന്ന നേതാവ് തമ്പിദുരൈയും ബെംഗളൂരൂവില്‍ എത്തിയിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+