follow us

1 USD = 64.195 INR » More

As On 27-07-2017 09:28 IST

അനുവദിച്ച സമയം അവസാനിച്ചു ;ഉടന്‍ തന്നെ റിസോര്‍ട്ട് ഒഴിയാന്‍ എംഎല്‍എമാര്‍ക്ക് പൊലീസ് നിര്‍ദ്ദേശം ; ബലം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 15/02/2017

ചെന്നൈ : ശശികലയെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ സംഘര്‍ഷാവസ്ഥ. എംഎല്‍എമാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയതിനെ തുടര്‍ന്ന് പൊലീസും എംഎല്‍എമാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസ് റിസോര്‍ട്ടിനുള്ളില്‍ കടന്ന് എംഎല്‍എമാര്‍ ഒഴികെയുള്ളവരെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഐജി ചെന്താമര, കാഞ്ചീപുരം എസ്പി മുത്തരശി എന്നിവരുടെ നേതൃത്വത്തിലാണു നടപടി.



ഉടന്‍ തന്നെ റിസോര്‍ട്ട ഒഴിയാന്‍ പൊലീസ് എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം ബലം പ്രയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ റിസോര്‍ട്ട് വിടാന്‍ കൂട്ടാക്കാതെ ഇവിടെ തുടരുകയാണ് എംഎല്‍എമാര്‍.

റിസോര്‍ട്ടില്‍നിന്നും ഒഴിഞ്ഞുപോകാന്‍ അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് പൊലീസ് അനുവദിച്ച സമയം നാലു മണിക്ക് അവസാനിച്ചിരുന്നു. ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ഇവരെ റിസോര്‍ട്ടില്‍നിന്ന് നീക്കുമെന്നാണ് വിവരം. റിസോര്‍ട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

അതിനിടെ, അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലേക്കു മടങ്ങുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചുവെന്ന് ആരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്. ശരവണനാണ് തമിഴ്‌നാട് ഡിജിപിക്കു പരാതി നല്‍കിയത്. ശശികല, പകരക്കാരനും അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവുമായ എടപ്പാടി പളനിസാമി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തമിഴ്‌നാട് ഡിജിപി തനിക്കു ലഭിച്ച പരാതി കൂവത്തൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടത്തി. കമാന്‍ഡോകള്‍ ഉള്‍പ്പെടെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു പരിശോധന. റിസോര്‍ട്ട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എമാരും കാഞ്ചീപുരം എസ്പിയും തമ്മില്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. ശരവണന്റെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ എംഎല്‍എമാരുടെ സംഘം തട്ടിക്കയറിയത്. തുടര്‍ന്ന് കമാന്‍ഡോകളും പൊലീസും റിസോര്‍ട്ടിനുള്ളില്‍നിന്നും പിന്‍വാങ്ങി.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+