follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

പാര്‍ട്ടിയുടെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാന്‍ ജയിലിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവസാന അടവ് പുറത്തെടുത്ത് ശശികല ;പാര്‍ട്ടി നിയന്ത്രണം ദിനകരന് കൈമാറി ; മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 16/02/2017

ചെന്നൈ : പാര്‍ട്ടിയുടെ നിയന്ത്രണം കൈവിട്ടുപോകാതിരിക്കാന്‍ ജയിലിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ശശികല അവസാന അടവ് പുറത്തെടുത്തത്. ടി.ടി.വി.ദിനകരന്‍ എന്ന തുറുപ്പുചീട്ട്. ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരിച്ചെടുക്കുമ്പോള്‍ മന്നാര്‍ഗുഡി സംഘം പാര്‍ട്ടിയില്‍ വീണ്ടും പിടിമുറുക്കുകയാണ്. ജയലളിത ജനറല്‍ സെക്രട്ടറിയായിരിക്കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ ആരെയും നിയോഗിച്ചിരുന്നില്ല. ദിനകരന് ഉന്നതപദവി നല്‍കി തിരിച്ചെടുത്തതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഓര്‍ഗനൈസേഷന്‍ സെക്രട്ടറി വി. കറുപ്പുസാമി പാണ്ഡ്യന്റെ രാജി അതിന് വ്യക്തമായ തെളിവാണ്.



തമിഴ്‌നാട്ടില്‍ ഇപ്പോള്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കംമുതല്‍ ശശികല പക്ഷത്ത് മുന്‍നിരയില്‍ ദിനകരനുണ്ട്. ശശികലയും എടപ്പാടി കെ. പളനിസാമിയും ഗവര്‍ണറെ കാണുമ്പോള്‍, പാര്‍ട്ടി അംഗമല്ലാഞ്ഞിട്ടും ദിനകരന്‍ അനുഗമിച്ചു. ദിനകരനുമായുള്ള അടുപ്പമാണ് ഒരുകാലത്ത് പനീര്‍സെല്‍വത്തിന് പാര്‍ട്ടിയില്‍ പിടിവള്ളിയായതുതന്നെ. 1999ല്‍ ദിനകരന്‍ പെരിയകുളത്തുനിന്നു വിജയിച്ചു ലോക്‌സഭയിലെത്തിയപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചതു പനീര്‍സെല്‍വമായിരുന്നു. ആ അടുപ്പമാണ് 2001ല്‍ പെരിയകുളത്തുനിന്ന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ അദ്ദേഹത്തിനു വഴിതുറന്നത്.

ശശികലയുടെ സഹോദരി വനിത മണിയുടെ മൂത്ത മകനാണു ദിനകരന്‍. ടിടിവി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന സംഘത്തില്‍ ദിനകരന്‍, സുധാകരന്‍, ഭാസ്‌കരന്‍ എന്നിവരാണുള്ളത്. ഇതില്‍ സുധാകരന്‍ ജയയുടെ വളര്‍ത്തുമകനായി. പിന്നീട്, സുധാകരന്‍ അകന്നപ്പോഴും ദിനകരന്‍ ജയയുമായി അടുപ്പം നിലനിര്‍ത്തി. തേനി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ജയ ടിവിയുടെ ആദ്യ ഡയറക്ടറായി. അനധികൃത പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടു. ലോക്‌സഭയിലേക്ക് രണ്ടാം തവണ മല്‍സരിച്ചപ്പോള്‍ പരാജയപ്പെട്ട ദിനകരന്‍ 2004ല്‍ രാജ്യസഭാംഗമായി.

2011ല്‍ ശശികലയെയും ബന്ധുക്കളെയും ജയ പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡന്‍ വസതിയില്‍നിന്നും പുറത്താക്കിയപ്പോള്‍ ദിനകരനും അക്കൂട്ടത്തിലുണ്ടായിരുന്നു. ശശികല തിരിച്ചെത്തിയപ്പോഴും മറ്റാരെയും ജയ തിരിച്ചെടുത്തില്ല.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+