follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

തമിഴ്നാട്ടില്‍ വീണ്ടും നാടകീയ നീക്കം; പളനിസ്വാമിയെ ബിജെപി വരുതിയിലാക്കി; പനീര്‍ശെല്‍വത്തെയും സ്വാമിയെയും അനുനയിപ്പിച്ചു; ശശികല ഔട്ട്‌ !

ന്യൂസ് ബ്യൂറോ, ചെന്നൈ » Posted : 16/02/2017

ഡല്‍ഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ശശികല ജയിലിലായതോടെ അവരുടെ നോമിനിയായ പുതിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ബി ജെ പി വശത്താക്കിയതായി സൂചന.

അണ്ണാ ഡി എം കെ പൊളിയ്ക്കാന്‍ ബി ജെ പി വിലയ്ക്കെടുത്ത കാവല്‍ മുഖ്യമന്ത്രി ഓ പനീര്‍ ശെല്‍വത്തിന്‍റെ നീക്കങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പളനി സ്വാമിയുമായി കൈ കോര്‍ക്കാന്‍ ബി ജെ പി തീരുമാനിച്ചതെന്നാണ് സൂചന. ഒപ്പം പനീര്‍ ശെല്‍വത്തെയും പളനിസ്വാമിയെയും അനുനയിപ്പിച്ച് ഒന്നിച്ചു നിര്‍ത്താനും ധാരണയായിട്ടുണ്ട്.



ഫലത്തില്‍ എല്ലാം കൈപ്പിടിയിലൊതുക്കാമെന്ന് കരുതിയ ശശികലയുടെ പ്രതീക്ഷ വീണ്ടും അസ്ഥാനത്തായതായാണ് സൂചനകള്‍. പളനി സ്വാമിയെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത് മുതല്‍ ബി ജെ പി അദ്ദേഹവുമായി ചര്‍ച്ച തുടങ്ങിയിരുന്നു. തുടര്‍ന്നാണ്‌ ശശികലയുടെ വിധി വരുന്നതും അവര്‍ ജയിലിലാകുന്നതും.

തുടര്‍ന്ന്‍ പനീര്‍ ശെല്‍വം ക്യാമ്പിലേക്ക് എം എല്‍ എ മാരുടെ വലിയ ഒഴുക്ക് ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും അത് കുതിരക്കച്ചവടം നടത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തുമെന്ന ഭയം മൂലം ആ തന്ത്രം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്‍ പനീര്‍ ശെല്‍വവും പളനി സ്വാമിയുമായി ചര്‍ച്ച നടത്തിയ ബി ജെ പി കൂറുമാറ്റം തല്‍ക്കാലം നിര്‍ത്തിവച്ച് അണ്ണാ ഡി എം കെയെ അപ്പടി വിഴുങ്ങാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു.



ആ തന്ത്രത്തില്‍ പളനി സ്വാമി എളുപ്പം വീഴുകയും ചെയ്തു. പളനി സ്വാമിയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞതങ്ങനെയാണ്. അതോടെ അണ്ണാ ഡി എം കെ രാഷ്ട്രീയം നിരവധി നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി ജെ പിയുടെ വരുതിയിലായിരിക്കുകയാണ്.

ശശികലയുടെ കയ്യില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ കാര്യങ്ങള്‍ കൈവിട്ടു പോയി എന്നനുമാനിക്കാം. താന്‍ ജയിലിലാണെങ്കിലും സഹോദര പുത്രനായ ടി ടി പി ദിനകരനെ ഡെപ്യൂട്ടി ജനറല്‍സെക്രട്ടറിയാക്കി പാര്‍ട്ടിയും സര്‍ക്കാരും നിയന്ത്രിക്കാമെന്ന ശശികലയുടെ മോഹം ഇതോടെ അസ്ഥാനത്താകും.



എന്നാല്‍ പുതിയ മുഖ്യമന്ത്രി പളനി സ്വാമി നിലവില്‍ ശശികലയുടെ ആളായിത്തന്നെയായിരിക്കും അറിയപ്പെടുക. ശശികലയുടെയും ദിനകരന്റെയും നടരാജന്റെയും ആജ്ഞകള്‍ നിരസിക്കുന്നതോടെ പതിയെ പുതിയ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും. അതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വരുതിയിലുമാകും. പകരം ശശികല പാര്‍ട്ടിക്ക് പുറത്തായാലും അതിശയപ്പെടാനില്ല.

നിയുക്ത മുഖ്യമന്ത്രി പളനിസ്വാമിയും കാവല്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വവും തമ്മില്‍ ഇതിനിടെ രണ്ടു വട്ടം ചര്‍ച്ചകള്‍ കഴിഞ്ഞതായാണ് സൂചന. ഇതുപ്രകാരം കൂടുതല്‍ എം എല്‍ എമാരെ പാര്‍ട്ടിക്ക് പുറത്തെത്തിക്കാന്‍ പനീര്‍ ശെല്‍വം ശ്രമിക്കില്ല.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+