follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാക്കാന്‍ ശ്രമിച്ചു ; ആ യാത്ര മരണത്തിലേക്കായെന്ന് കൊടനാട് കവർച്ചാകേസ് പ്രതി

ന്യൂസ് ബ്യൂറോ ചെന്നൈ » Posted : 19/05/2017

ചെന്നൈ : കൊടനാട് എസ്റ്റേറ്റ് കവര്‍ച്ച, കൊലപാതകക്കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കണ്ണാടി കാഴ്ചപ്പറമ്പില്‍ വാഹനാപകടം ഉണ്ടായതെന്ന് രണ്ടാംപ്രതി കെ.വി.സയന്റെ മൊഴി. സയന്‍ ഓടിച്ചിരുന്ന കാര്‍ കാഴ്ചപ്പറമ്പില്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി ഭാര്യ വിനുപ്രിയ (28), മകള്‍ നീതു (അഞ്ച്) എന്നിവര്‍ മരിക്കുകയായിരുന്നു.



പാലക്കാട് സൗത്ത് പൊലീസാണ് സയന്റെ മൊഴി രേഖപ്പെടുത്തിയത്. ഇയാള്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ ചികില്‍സയിലാണ്. രക്ഷപ്പെടാന്‍ വേണ്ടിയാണ് വാഹനത്തിന്റെ നമ്പര്‍ മാറ്റി പഴനി വഴി കേരളത്തിലേക്ക് വന്നതെന്നും ഇതിനിടെ ഉറക്കത്തിലാണ് അപകടം ഉണ്ടായതെന്നും സയന്‍ പറയുന്നു.

അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് കേരള പൊലീസിന്റെ നിഗമനം. അതിനിടെ, സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇയാളെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. വൈകാതെ തമിഴ്‌നാട് പൊലീസ് സയന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു. ഇയാളുടെ മലയാളി സുഹൃത്തുക്കളും അണ്ണാ ഡിഎംകെ നേതാക്കളുമടക്കം 30 പേര്‍ക്കു കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനു ഹാജരാകാന്‍ നീലഗിരി പൊലീസ് സമന്‍സ് അയച്ചു.

അതേസമയം, കൊടനാട് കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ട കനകരാജ് തന്റെ ഡ്രൈവറായിരുന്നുവെന്നും മറ്റു ബന്ധങ്ങളൊന്നും തമ്മിലില്ലെന്നുമുള്ള വിശദീകരണവുമായി അണ്ണാ ഡിഎംകെ (പുരട്ചിതലൈവി അമ്മ) യിലെ ആരുക്കുട്ടി എംഎല്‍എ രംഗത്തെത്തി. എംഎല്‍എയും സഹായിയും മുന്നൂറിലേറെ തവണ കനകരാജിനെ ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പൊലീസ് ചോദ്യം ചെയ്തിരുന്നു.

സേലം ജില്ലയിലെ കാവുണ്ടംപാളയം മണ്ഡലത്തില്‍ നിന്നുള്ള ആരുക്കുട്ടി നിലവില്‍ ഒ.പനീര്‍സെല്‍വം വിഭാഗത്തിനൊപ്പമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയും കനകരാജിന്റെ സഹോദരന്‍ ധനപാലും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ധനപാലിനു സീറ്റ് നല്‍കിയശേഷം പിന്‍വലിച്ചതാണു കാരണമെന്നും ആരുക്കുട്ടി പറയുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+