follow us

1 USD = 64.060 INR » More

As On 21-08-2017 09:57 IST

ഞാൻ വിദേശകാര്യമന്ത്രിയാണ്. എന്നോടു രാജ്യാന്തര കാര്യങ്ങളെക്കുറിച്ചു ചോദിക്കൂ ; പ്രചരിക്കുന്നതെല്ലാം കിംവദന്തി ;രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്നുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് സുഷമ സ്വരാജ്

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 17/06/2017

ന്യൂഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്നുള്ള റിപ്പോർട്ടുകൾ നിഷേധിച്ചു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ‘പ്രചരിക്കുന്നതെല്ലാം കിംവദന്തിയാണ്. ഞാൻ വിദേശകാര്യമന്ത്രിയാണ്. എന്നോടു രാജ്യാന്തര കാര്യങ്ങളെക്കുറിച്ചു ചോദിക്കൂ’- സുഷമ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനാർഥിയാണെന്നു റിപ്പോർട്ടുകൾ വന്നതിനു സ്ഥിരീകരണം തേടി മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണു മന്ത്രിയുടെ പ്രതികരണം.



നിലവിൽ ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉൾപ്പടെയുള്ളവരുടെ പേരുകൾ ബിജെപി പട്ടികയിലുണ്ടെങ്കിലും ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ ഇനിയും അന്തിമതീരുമാനമായിട്ടില്ല. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി ചർച്ചകളിൽ കേന്ദ്രമന്ത്രി സുഷമ സ്വരാജിനു പിന്തുണയേറുന്നതായി റിപ്പോർട്ടുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞുനിൽക്കുന്ന സാഹചര്യം ഫലത്തിൽ സുഷമ സ്വരാജിന് അനുകൂലമായി മാറുകയാണ്. ഈ പശ്ചാത്തലത്തിലാണു സുഷമയുടെ മറുപടിയെന്നതു ശ്രദ്ധേയം.

ശിവസേനയുമായും പ്രതിപക്ഷ നിരയിലെ ജനതാദൾ (യു) നേതൃത്വവുമായും സുഷമ സ്വരാജിനുള്ള വ്യക്തിപരമായ അടുപ്പം വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്നാണു പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സുഷമ സ്വരാജിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷം തയാറെടുക്കുന്ന പശ്ചാത്തലത്തിൽ എൻഡിഎ പ്രബല സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ വിജയം ഉറപ്പിക്കാനാകില്ലെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ആർഎസ്എസ് നേതൃത്വവും സുഷമ സ്വരാജിനെ സ്ഥാനാർഥിയാക്കണമെന്ന താൽപര്യം ബിജെപി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.

ബിജെപിക്കുള്ളിലെ അവഗണനയിൽ അസംതൃപ്തനായി കഴിയുന്ന മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയെ അനുനയിപ്പിക്കുന്നതിനും സുഷമയുടെ സ്ഥാനാർഥിത്വം പ്രയോജനപ്പെട്ടേക്കും. പ്രതിസന്ധിഘട്ടങ്ങളിലും അഡ്വാനി പക്ഷത്ത് ഉറച്ചുനിന്ന സുഷമയുടെ സ്ഥാനാർഥിത്വത്തിന്‌ അഡ്വാനിയുടെ ആശീർവാദമുണ്ടാകും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്‍ലി എന്നിവരുൾപ്പെട്ട സമിതിയാണു രാഷ്ട്രപതി സ്ഥാനാർഥിയുമായി ബന്ധപ്പെട്ടു മുന്നണിയിലും പ്രതിപക്ഷത്തുമുള്ള പാർട്ടികളുമായി ചർച്ചയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+