follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

പാര്‍ലമെന്റില്‍ ഹാജരാകാതെ ഉദാസീനത കാണിച്ചാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടാകില്ല ; ഹാജര്‍ കുറയുന്ന ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂസ് ബ്യൂറോ ഡല്‍ഹി » Posted : 11/08/2017

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഹാജര്‍ കുറയുന്ന ബിജെപി എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ ഹാജരാകാതെ ഉദാസീനത കാണിച്ചാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് മോദിയുടെ മുന്നറിയിപ്പ്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണു മോദി എംപിമാര്‍ക്കെതിരെ രംഗത്തെത്തിയത്.



‘നിങ്ങളും ഞാനും എന്താണ്? പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടിയുള്ളതു കൊണ്ടാണ് നമ്മളുണ്ടായത്. നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യുക. 2019ല്‍ ഞാന്‍ കാണിച്ചുതരാം’ യോഗത്തില്‍ മോദി ഇങ്ങനെ പറഞ്ഞതായാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി എംപിമാരുടെ ശുഷ്‌കമായ ഹാജര്‍ നിലയെ കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി അധ്യക്ഷന്‍ അമിത് ഷായെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ അംഗങ്ങളുടെ സംഖ്യ ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ കൂടിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രശംസ. ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കുക ദുഷ്‌കര ദൗത്യമാണെങ്കിലും അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കു വന്‍ നേട്ടങ്ങളാണുണ്ടാകുന്നത്. അമിത് ഷാ ഇനി പാര്‍ട്ടി എംപിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കും മോദി കൂട്ടിച്ചേര്‍ത്തു.

നേരത്തേ, ബിജെപി എംപിമാര്‍ക്കെതിരെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തിയിരുന്നു. മന്ത്രിമാരുള്‍പ്പെടെയുള്ള എംപിമാര്‍ക്കാണ് അമിത് ഷായുടെ ശാസന കിട്ടിയത്. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ ബില്‍ വോട്ടെടുപ്പു വേളയില്‍ രാജ്യസഭയില്‍ ഹാജരാകാതിരുന്ന കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള എംപിമാരെയാണ് ഷാ ശാസിച്ചത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+